യുഎഇയുടെ ഖലീഫാസാറ്റ് ഈ വര്‍ഷാവസാനം വിക്ഷേപിക്കും

യുഎഇയുടെ ഖലീഫാസാറ്റ് ഈ വര്‍ഷാവസാനം വിക്ഷേപിക്കും

ജപ്പാന്‍ എയ്‌റോസ്‌പേസ് ഏജന്‍സിയുമായി സഹകരിച്ച് ജപ്പാനില്‍ നിന്നാകും വിക്ഷേപണം

അബുദാബി: പൂര്‍ണമായും യുഎഇയില്‍ നിര്‍മിച്ച ആദ്യ ഉപഗ്രഹമായ ഖലീഫാസാറ്റ് ഈ വര്‍ഷാവസാനത്തോടെ വിക്ഷേപണത്തിന് തയാറാകും. ജപ്പാന്‍ എയ്‌റോസ്‌പേസ് ഏജന്‍സിയുമായി സഹകരിച്ച് ജപ്പാനില്‍ നിന്നായിരിക്കും ഉപഗ്രഹം വിക്ഷേപിക്കുകയെന്ന് യുഎഇ സ്‌പേസ് ഏജന്‍സി ഡയറക്റ്റര്‍ ജനറല്‍ ഡോ. മുഹമ്മദ് നാസര്‍ അല്‍ അഹ്ബാബി അറിയിച്ചു. പൂര്‍ണമായും സ്വദേശി എന്‍ജിനീയര്‍മാരും വിദഗ്ധരുമടങ്ങിയ സംഘത്തിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ഉപഗ്രഹം യുഎഇയുടെ അഭിമാന പദ്ധതികളിലൊന്നായാണ് അറിയപ്പെടുന്നത്.

ചൊവ്വാ പര്യവേഷണ വാഹനമായ ഹോപ് പ്രോബ് 2020ല്‍ വിക്ഷേപിക്കുമെന്നും യുഎഇ സ്‌പേസ് ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ ഏകീകരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വര്‍ഷത്തില്‍ ഹോപ് പ്രോബ് ഭ്രമണപഥത്തിലെത്തും. ചൊവ്വ 2117 പദ്ധതിയുടെ ഭാഗമായി ചൊവ്വയില്‍ ആദ്യ നഗരം നിര്‍മിക്കാനും യുഎഇ പദ്ധതിയിടുന്നുണ്ട്.

യുഎഇയുടെ ഉപഗ്രഹ നിര്‍മാണ രംഗത്തും വിവര സാങ്കേതിക രംഗത്തും പ്രാധാന്യം വിളിച്ചോതുന്ന ഖലീഫസാറ്റലൈറ്റ് രാജ്യത്ത് വന്‍സാധ്യതകള്‍ക്കാണ് വഴി തുറക്കുന്നത്. സാറ്റലൈറ്റ് ലോഞ്ചിംഗ് പൂര്‍ത്തിയാകുന്നതോടെ യുഎഇക്ക് പത്തോളം മള്‍ട്ടിപര്‍പ്പസ് സാറ്റലൈറ്റുകള്‍ സ്വന്തമാകുമെന്നും ബഹിരാകാശ മേഖലയില്‍ രാജ്യത്തിന്റെ നിക്ഷേപം 22 ബില്യണ്‍ ദിര്‍ഹമായി ഉയരുമെന്നും മുഹമ്മദ് നാസര്‍ അല്‍ അഹ്ബാബി വ്യക്തമാക്കി. ദേശീയ, രാജ്യാന്തര തലത്തിലുള്ള സ്വകാര്യ-സര്‍ക്കാര്‍ മേഖലകള്‍ക്ക് പ്രയോജനകരമാകുന്ന തരത്തിലുള്ള വിവരങ്ങള്‍ കൈമാറാന്‍ ഖലീഫാസാറ്റിനു കഴിയും. ഇതിനോടൊപ്പം തന്നെ വിദ്യാഭ്യാസ, ഗവേഷണ രംഗങ്ങളില്‍ പ്രയോജനപ്പെടുന്ന മറ്റൊരു ഉപഗ്രഹത്തിന്റെ നിര്‍മാണവും രാജ്യത്ത് പുരോഗമിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയുടെ അഡ്വാന്‍സ്ഡ് ടെക്‌നോളജി മേഖലയിലുള്ള ആദ്യ സംരംഭമാണ് ഈ സാറ്റലൈറ്റ്. വിവിധ രംഗങ്ങള്‍ക്ക് പ്രയോജനകരമാകുന്ന ഹൈ-ക്വാളിറ്റി ചിത്രങ്ങള്‍ ഖലീഫാസാറ്റിന് സമ്മാനിക്കാനാകും.

Comments

comments

Categories: FK Special
Tags: Khalifasat