ഗവേഷണത്തിനും ഇന്നൊവേഷനും കൂടുതല്‍ പ്രാധാന്യം നല്‍കണം : എഐസിടിഇ ചെയര്‍മാന്‍

ഗവേഷണത്തിനും ഇന്നൊവേഷനും കൂടുതല്‍ പ്രാധാന്യം നല്‍കണം : എഐസിടിഇ ചെയര്‍മാന്‍

ട്രിച്ചി: ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്നൊവേഷനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജുക്കേഷന്‍ (എഐസിടിഇ) ചെയര്‍മാന്‍ അനില്‍ ഡി സഹസ്രബുധെ. രാജ്യത്ത് ഗവേഷണത്തിനു പ്രാധാന്യം നല്‍കുന്ന ലോകോത്തര നിലവാരത്തിലുള്ള എന്‍ജിനീയറിംഗ് ബിരുദ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍ഐടി ട്രിച്ചിയുടെ 14-ാമത് ബിരുദദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു സഹസ്രബുധെ.

അധ്യാപകരും വിദ്യാര്‍ത്ഥികളും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഭാഗമാകുന്ന രീതിയില്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരുത്തണം. ഗവേഷണ മേഖലയില്‍ താല്‍പ്പര്യം ഉണ്ടാകുന്ന രീതിയില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം , എന്‍ഐടി പോലുള്ള മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് തങ്ങളാര്‍ജിക്കുന്ന വിജ്ഞാനം സാമ്പത്തിക രംഗത്തെ ഇന്നൊവേഷനുകള്‍ക്കും സാമൂഹ്യ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായി ഉപയോഗപ്പെടുത്തണം. വിജ്ഞാനത്തിന്റെ സ്വാംശീകരണം ഇന്നൊവേഷനിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടണം. വിജ്ഞാന കൈമാറ്റത്തിലൂടെ ലോകത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

്അക്കാഡമിക് മേഖലയും ഇന്‍ഡസ്ട്രിയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പരാമര്‍ശിച്ച അദ്ദേഹം കരിക്കുലവികസനം, ലക്ഷ്യ-മാര്‍ഗ രൂപീകരണം, വ്യവസായ ഉപദേശക സമിതി , ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ററാക്ഷന്‍ സെല്‍ എന്നിവയുടെ രൂപീകരണം തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ശരിയായ മാര്‍ഗരേഖ ഉണ്ടായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇന്‍ഡസ്ട്രി സഹായത്തോടെയുള്ള ലാബ് സ്ഥാപിക്കുക, സോഫ്റ്റ്‌സ്‌കില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് എന്നിവ പ്രോല്‍സാഹിപ്പിക്കണം.

രാജ്യാന്തര സര്‍വകലാശാലകളുമായുള്ള സഹകരണവും വിദ്യാര്‍ത്ഥി കൈമാറ്റ പ്രോഗ്രമുകളും വഴി ദേശീയ അന്താരാഷ്ട്ര തലത്തില്‍ ഒരു പങ്കാളിത്ത ശൃംഖല നില്‍മിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പരിശ്രമിക്കണം. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനം അധ്യാപനം അടക്കമുള്ള വിഷയങ്ങളില്‍ പ്രയോജനപ്പെടുത്തണം.

രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു പ്രാവശ്യം കൂടി തെളിയിച്ചിരിക്കുകയാണെന്നും ഡയറക്റ്റര്‍ മിനി ഷാജി തോമസ് അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്ന ഇന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മികച്ച ഇന്നൊവേഷന്‍ ക്ലബ്ബുള്ളത് എന്‍ഐടി-ട്രിച്ചിയിലാണെന്നും അവര്‍ അവകാശപ്പെട്ടു. സീമെന്‍സുമായി സഹകരിച്ച് 190 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മാനുഫാക്ചറിംഗ് ഉടനെ തന്നെ ഉദ്ഘാടനം ചെയ്യുമെന്നും അവര്‍ അറിയിച്ചു.

Comments

comments

Categories: Education
Tags: AICTE