സാന്‍ട്രോ പിന്‍ഗാമിയുടെ പേര് ഒക്‌റ്റോബര്‍ നാലിന്

സാന്‍ട്രോ പിന്‍ഗാമിയുടെ പേര് ഒക്‌റ്റോബര്‍ നാലിന്

പേരിടല്‍ ചടങ്ങിനുശേഷം അതേ മാസം പുതിയ ചെറു കാര്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ഹ്യുണ്ടായുടെ പുതിയ ഹാച്ച്ബാക്കിന്റെ നാമകരണം ഒക്‌റ്റോബര്‍ നാലിന്. പേരിടല്‍ ചടങ്ങിനുശേഷം അതേ മാസം പുതിയ ചെറു കാര്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ പദ്ധതി. ബജറ്റ് ഹാച്ച്ബാക്കിനായി സാന്‍ട്രോ എന്ന നാമം തിരികെ കൊണ്ടുവരുന്ന കാര്യം ഹ്യുണ്ടായ് മനസ്സില്‍ താലോലിക്കുകയാണ്. എന്നാല്‍ സാന്‍ട്രോ എന്ന പേരിന്റെ കൂടെ പ്രത്യയം ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാന്‍ട്രോ ഫേസ്‌ലിഫ്റ്റിന് പണ്ട് സാന്‍ട്രോ സിംഗ് എന്ന പേര് നല്‍കിയതുപോലെ.

കാറിന് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് ഓഗസ്റ്റ് 16 ന് മത്സരം ആരംഭിക്കാനാണ് ഹ്യുണ്ടായ് തീരുമാനിച്ചിരിക്കുന്നത്. ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിക്ക് കീഴിലെ മറ്റൊരു വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് തങ്ങളുടെ എസ്പി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന് പേര് കണ്ടെത്തുന്നതിന് കാംപെയ്ന്‍ നടത്തിയിരുന്നു.

ഹ്യുണ്ടായ് എന്ന ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഇന്ത്യയില്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത കാറാണ് സാന്‍ട്രോ. സാന്‍ട്രോ എന്ന പേരിന്റെ ബ്രാന്‍ഡ് ഇക്വിറ്റി ഇപ്പോഴും ശക്തമാണ്. പുതിയ മോഡലിന് സാന്‍ട്രോ എന്ന പേര് നല്‍കുന്നതിലൂടെ പൂര്‍ണമായും പുതിയ നെയിംപ്ലേറ്റ് വിപണിയില്‍ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടിവരുന്ന പണം ലാഭിക്കാന്‍ കഴിയും. അല്ലാത്തപക്ഷം വലിയ തുക ചെലവഴിക്കേണ്ടിവരും. പുതിയ മോഡലിന്റെ ലോഞ്ച് മഹാസംഭവമാക്കിത്തീര്‍ക്കാനാണ് ഹ്യുണ്ടായ് തയ്യാറെടുക്കുന്നത്. വിപണനവുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തുക നീക്കിവെച്ചിട്ടുണ്ട്.

സാന്‍ട്രോ എന്ന നാമം തിരികെ കൊണ്ടുവന്നേക്കും. എന്നാല്‍ പേരിന്റെ കൂടെ പ്രത്യയം ചേര്‍ക്കും. കാറിന് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് ഓഗസ്റ്റ് 16 ന് മത്സരം ആരംഭിക്കും

ടാള്‍ ബോയ് ഡിസൈനിലാണ് പുതിയ ഹ്യുണ്ടായ് വരുന്നത്. പ്രീമിയം കാബിന്‍ കാണും. സാന്‍ട്രോ സിംഗ് ഉപയോഗിച്ചിരുന്ന 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ പരിഷ്‌കരിച്ച പതിപ്പ് പുതിയ മോഡലിന് കരുത്തേകും. 5 സ്പീഡ് ഗിയര്‍ബോക്‌സ് അടിസ്ഥാനമാക്കി ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ നല്‍കുന്ന ആദ്യ ഹ്യുണ്ടായ് കാറായിരിക്കും പുതിയ ഹാച്ച്ബാക്ക്. ബജറ്റ് സെഗ്‌മെന്റിലെ പുതിയ ചെറിയ കാറിന്റെ എതിരാളികള്‍ മാരുതി സുസുകി ഓള്‍ട്ടോ കെ10, ടാറ്റ ടിയാഗോ തുടങ്ങിയവയാണ്.

Comments

comments

Categories: Auto