ഫേസ്ബുക്ക് 7,500 പേര്‍ക്ക് പരിശീലനം നല്‍കുന്നു

ഫേസ്ബുക്ക് 7,500 പേര്‍ക്ക് പരിശീലനം നല്‍കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള വ്യാജ വാര്‍ത്തകള്‍ക്കും വ്യാജ എക്കൗണ്ടുകള്‍ക്കുമെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പോസ്റ്റുകളിലെ വിദ്വേഷജനകമായ പ്രസംഗങ്ങള്‍, തീവ്രവാദം, ലൈംഗിക ചൂക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പരിശോധിച്ച് ശരിയായ നടപടി സ്വീകരിക്കുന്നതിന് ഫേസ്ബുക്ക് 7,500 പേര്‍ക്ക് പരിശീലനം നല്‍കുന്നു. ഫുള്‍ ടൈം ജീവനക്കാര്‍, കരാറുകാര്‍, കമ്പനികളുടെ ഫേസ്ബുക്ക് പാര്‍ട്ണര്‍ എന്നിങ്ങനെ ആഗോളതലത്തില്‍ നിന്നും തെരഞ്ഞടുക്കുന്ന വിവിധ മേഖലകളിലെ 50 ലധികം ഭാഷകളില്‍ സംസാരിക്കുന്നവര്‍ക്കാണ് പരിശീലനം നല്‍കുക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിവിധ ഭാഷകളും സംസ്‌കാരവുമുള്ള ആളുകളാണ് ഫേസ്ബുക്കിലൂടെ ആശയവിനിമയം നടത്തുന്നതെന്നും അതിനാല്‍ എല്ലാ ഉള്ളടക്കങ്ങളും നിരീക്ഷിക്കുകയെന്നത് കഠിനകരമായ ജോലിയാണെന്നും ഫേസ്ബുക്ക് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ഇലെന്‍ സില്‍വര്‍ പറഞ്ഞു. ഈ വെല്ലുവിളിയുടെ വലുപ്പത്തെപ്പറ്റിയും ഒപ്പം തങ്ങളുടെ ഉത്തരവാദിത്തത്തെപ്പറ്റിയും ഫേസ്ബുക്കിന് നല്ല ബോധ്യമുണ്ട്. മുമ്പെങ്ങുമില്ലാത്ത അത്ര ജീവനക്കാരെയാണ് ഇതിനായി സ്ഥാപനം ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. ഉള്ളടക്ക പരിശോധനയുടെ നേരത്ത് ജീവനക്കാരുടെ വ്യക്തിപരമായ പക്ഷപാതങ്ങള്‍ അവയില്‍ പ്രതിഫലിക്കാതെ സ്ഥാപനത്തിന്റെ നയത്തിനനുസരിച്ച് എല്ലാ നിരീക്ഷകരും ഒരുപോലെ ഒരു ഉള്ളടക്കത്തെ വിലയിരുത്തുന്ന സിദ്ധാന്തമാണ് പരിശീലനത്തില്‍ പിന്തുടരുക. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്തുത ജോലിക്ക് ഭാഷാപ്രാവീണ്യം വളരെ പ്രധാനമാണ്. ഇത് നിശ്ചിത സമയ പരിധിക്കുള്ളില്‍ ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍ ഇത് അവരെ സഹായിക്കുന്നു. തെറ്റായി എന്തെങ്കിലും ഏതെങ്കിലുമൊരുഭാഷയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സ്ഥാപനം അതിനെ പിന്തുണക്കില്ല. തര്‍ജിമ ചെയ്യുന്ന കമ്പനികളുടെയും മറ്റ് വിദഗ്ധരുടെയും സഹായത്തോടെ പ്രാദേശിക ഭാഷയും മനസിലാക്കി ഉള്ളടക്കം ഫേസ്ബുക്ക് പരിശോധിക്കും. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കികൊണ്ട് ഈ വര്‍ഷം സുരക്ഷ വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

 

Comments

comments

Categories: Tech
Tags: Facebook