കൃത്രിമ ബുദ്ധി; 20 ബില്ല്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും

കൃത്രിമ ബുദ്ധി; 20 ബില്ല്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും

കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായി സമ്പദ് വ്യവസ്ഥയെ മാറ്റുന്നതിനാണ് ഇരുരാജ്യങ്ങളും പദ്ധതിയിടുന്നത്. 20 ബില്ല്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ

ദുബായ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(കൃത്രിമ ബുദ്ധി)യില്‍ അധിഷ്ഠിതമായി സമ്പദ് വ്യവസ്ഥകളെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും യുഎഇയും. ഏകദേശം 20 ബില്ല്യണ്‍ ഡോളറിന്റെ നേട്ടം നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരാറില്‍ ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം ഒപ്പുവെച്ചതും നവസങ്കേതങ്ങളിലേക്ക് ചുവട് മാറ്റുന്നതിന്റെ ഭാഗമായി തന്നെ.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ പരമാവധി മുതലെടുക്കാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനം. ശനിയാഴ്ച്ചയാണ് കൃത്രിമ ബുദ്ധി സംബന്ധിച്ച കരാറില്‍ യുഎഇയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ ഒലാമയും ഇന്‍വെസ്റ്റ് ഇന്ത്യ സിഇഒ ദീപക് ഭഗ്ലയും കരാറില്‍ ഒപ്പുവെച്ചത്. ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഏജന്‍സിയാണ് ഇന്‍വെസ്‌റഅറ് ഇന്ത്യ.

കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായി സാമ്പത്തിക കുതിപ്പ് സൃഷ്ടിക്കുന്നതിനാണ് പുതിയ കരാര്‍ എന്ന് ദേശയീ ന്യൂസ് ഏജന്‍സിയായ ഡബ്ല്യുഎഎം റിപ്പോര്‍ട്ട് ചെയ്തു.

എങ്ങനെയാണ് ഒരു രാജ്യം കൃത്രിമ ബുദ്ധിയെ സ്വീകരിക്കുന്നതെന്നത് വളരെയധികം പ്രസ്‌കമാണ്. ആ രാജ്യത്തിന്റെ ഇന്നൊവേഷനെയും സമൃദ്ധിയെയും ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നതും അതാണ്. ഇന്നൊവേഷന്റെയും ബിസിനസ് വളര്‍ച്ചയുടെയും ഉത്‌പ്രേരകമായി പ്രവര്‍ത്തിക്കുന്നത് ഡാറ്റ ആയിരിക്കും-ഒമര്‍ ബിന്‍ സുല്‍ത്താന്‍ ഒലാമ പറഞ്ഞു.

നമ്മുടെ ജീവിതത്തില്‍ വളരെയധികം നിര്‍ണായകമായ പങ്കുവരിക്കാന്‍ പോവുകയാണ് കൃത്രിമ ബുദ്ധി. ഇന്ത്യയിലെയും യുഎഇയിലെയും ജനങ്ങള്‍ക്ക് മാത്രമല്ല ഈ പങ്കാളിത്തം ഗുണം ചെയ്യുക. മറിച്ച് ലോകത്തെ മുഴുവന്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഈ പങ്കാളിത്തത്തിലൂടെ സാധിക്കും-മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരുകള്‍, ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍, അക്കാഡമിക് ലോകം, വ്യാവസായിക സംഘടനകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ കോര്‍ത്തിണക്കി കൃത്രിമ ബുദ്ധിയലധിഷ്ഠിതമായ സങ്കേതങ്ങളും ബിസിനസ് സാധ്യതകളും വികസിപ്പിക്കുകയാണ് പുതിയ കരാറിലൂടെ ഉദ്ദേശിക്കുന്നത്. കൃത്രിമ ബുദ്ധി വിവിധ മേഖലകളില്‍ നടപ്പാക്കുന്നതിന്റെ വേഗത എങ്ങനെ ത്വരിതപ്പെടുത്താമെന്നതും കരാറിന്റെ പ്രധാന അജണ്ടകളിലൊന്നാണ്.

ലോകത്ത് ആദ്യമായി ആര്‍ട്ടിഫില്യല്‍ ഇന്റലിജന്‍സ് വിഷയം കൈകാര്യം ചെയ്യാന്‍ മാത്രം ഒരു മന്ത്രിയെ നിയമിച്ച രാജ്യമെന്ന നിലയില്‍ യുഎഇ മുമ്പ് ശ്രദ്ധ നേടിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്ന് പഠിക്കുന്നതിനായി പുതിയ സമിതിയും രാജ്യം രൂപീകരിച്ചിട്ടുണ്ട്. നാലാം വ്യാവസായിക വിപ്ലവത്തിനുള്ള യുഎഇയുടെ തന്ത്രങ്ങള്‍ മെനയുന്നത് ഈ സമിതിയാണ്.

കൃത്രിമ ബുദ്ധിയുടെ കാര്യത്തില്‍ ഒരു രാജ്യത്തിനും പുറകിലാകരുത് തങ്ങള്‍ എന്ന നിര്‍ബന്ധമുണ്ട് യുഎഇക്ക്. ഏതെല്ലാം മേഖലകളില്‍ കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താം എന്നത് പഠിക്കുന്നതിനായാണ് യുഎഇ കൗണ്‍സില്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിലവില്‍ വന്നത്. വിവിധ മേഖലകളില്‍ കൃത്രിമ ബുദ്ധിയുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതും പുതിയ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.

2071 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും മികച്ച ജീവിതനിലവാരത്തോട് കൂടി ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യുഎഇയെ മാറ്റുകയാണ് ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നയിക്കുന്ന സര്‍ക്കാരിന്റെ ലക്ഷ്യം. കൃത്രിമ ബുദ്ധിയെ രാജ്യത്തിന്റെ വിവിധ തലങ്ങളില്‍ സ്വാംശീകരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് പുതിയ കൗണ്‍സില്‍ രൂപീകരിച്ചതിലും ഒരു മന്ത്രിയെ തന്നെ ഇതിനായി നിയോഗിച്ചതിലും എല്ലാം പ്രകടമായിട്ടുള്ളത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ഇന്നൊവേറ്റീവ് ആയ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയുമാണ് കൃത്രിമ ബുദ്ധിയെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.

ഏതെല്ലാം സര്‍ക്കാര്‍ മേഖലകളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തേണ്ടതെന്നും അതിന് ഏതെല്ലാം തരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളാണ് വേണ്ടതെന്നും പഠിക്കുകയാണ് യുഎഇ. ഇന്ത്യയുമായുള്ള സഹകരണം കൂടി ഇതില്‍ വരുന്നതോടെ ഇരുരാജ്യങ്ങള്‍ക്കും കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട് പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: FK News