ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: കരള്‍രോഗത്തെ തടയാം, ആരോഗ്യം സംരക്ഷിക്കാം

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം:  കരള്‍രോഗത്തെ തടയാം, ആരോഗ്യം സംരക്ഷിക്കാം

 

………………ഡോ.പ്രഭാകരന്‍ പി.ബി………………

കരളിനുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കരള്‍വീക്കം അഥവാ ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. മനുഷ്യരിലും മൃഗങ്ങളിലും ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും അത്യന്താപേക്ഷിതമാണ് കരള്‍. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ലിവറിന് പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം 1.5 കിലോ ഗ്രാം തൂക്കവും 1215 സെന്റീമീറ്റര്‍ നീളവുമാണുള്ളത്.

കിഡ്‌നി, ഹൃദയം, മുതലായ അവയവങ്ങളുടെ പ്രവര്‍ത്തനത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്താമെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ലിവര്‍ സപ്പോര്‍ട്ട് ഇപ്പോഴും പരീക്ഷണത്തില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നതാണ്. അതായത് ലിവര്‍ ഇല്ലാതെ ജീവന്‍ നിലനിര്‍ത്തുക അസാധ്യമാണ്. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നത് വിവിധതരം വൈറസുകള്‍, മരുന്നുകള്‍, മദ്യം എന്നിവയിലൂടെയാണ്. വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പ്രധാനമായും അഞ്ച് തരം വൈറസുകള്‍ ഉണ്ട്. ഇവ എ,ബി,സി,ഡി,ഇ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. എ യും ബി യും സാധാരണയായി മഴക്കാലത്താണ് കൂടുതലായി കാണപ്പെടുന്നത്. ഇത് കുടിവെള്ളത്തിലൂടെയാണ് പകരാന്‍ സാധ്യത. ഏതൊരു സാധാരണ വൈറല്‍ പനിയുടെയും ലക്ഷണങ്ങള്‍ പനി, തലവേദന, ശരീര വേദന, ഛര്‍ദ്ദി,വിശപ്പില്ലായ്മ എന്നിവയാണ്. പിന്നീട് കണ്ണിനും മൂത്രത്തിനും മഞ്ഞ നിറം കാണപ്പെടുന്നു. ഈ അവസ്ഥയെയാണ് അക്യൂട്ട് വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്.

രക്തം ടെസ്റ്റ് ചെയ്യുന്നതിലൂടെ രോഗത്തിന്റെ കാഠിന്യത്തെയും രോഗകാരിയായ വൈറസിനെയും കണ്ടുപിടിക്കാവുന്നതാണ്. ഭൂരിഭാരം ആളുകളിലും നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ രോഗം പൂര്‍ണമായും ഭേദമാകും. ഒരു ചെറിയ ശതമാനം ആളുകളില്‍ പ്രത്യേകിച്ച് ഗര്‍ഭിണികളില്‍ ഈ അസുഖം സങ്കീര്‍ണമാവുന്നു. ഹെപ്പറ്റൈറ്റിസ് എ യും ഇ യും ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ രോഗി പ്രതിരോധ ശക്തി കൈവരിക്കുകയും രണ്ടാമതായി ഈ അസുഖം വരികയുമില്ല.

ഹെപ്പറ്റൈറ്റിസ് ബി യും സി യും കൂടുതല്‍ മാരകമായ വൈറസുകളാണ്. നമ്മുടെ നാട്ടില്‍ ഏകദേശം 10-15 ശതമാനം ആളുകളില്‍ ഹെപ്പറ്റൈറ്റിസ് ബി കാണപ്പെടുന്നു. ഇവര്‍ തികച്ചും ആരോഗ്യവാന്‍മാരും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവരുമാണ്. ഇവര്‍ ഹെപ്പറ്റൈറ്റിസ് ബി കാരിയര്‍ എന്നറിയപ്പെടുന്നു. മറ്റുള്ളവര്‍ക്ക് ഇവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. സാധാരണ എച്ച്ബിഎസ്എജി എന്ന ബ്ലെഡ് ടെസ്റ്റിലൂടെയാണ് ഇത് കണ്ടുപിടിക്കപ്പെടുന്നത്. ഗള്‍ഫ് മെഡിക്കല്‍ ചെക്കപ്പ്, ഓപ്പറേഷന് മുമ്പുള്ള ബ്ലഡ് ടെസ്റ്റ്, ഗര്‍ഭിണികള്‍ക്ക് നടത്തുന്ന ടെസ്റ്റ് രക്താദാതാക്കളുടെ ഫിറ്റ്‌നെസ് ടെസ്റ്റ് എന്നിവയിലൂടെയാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്. വൈറസ് ബി യും സി യും സാധാരണയായി രക്തദാനം, ലൈംഗിക വേഴ്ച, സ്വവര്‍ഗ്ഗരതി, പച്ച കുത്തല്‍, മയക്കുമരുന്ന് കുത്തിവെക്കല്‍ എന്നിവയിലൂടെയാണ് പകരുന്നത്. അണുബാധയുണ്ടാല്‍ അക്യൂട്ട് ഹെപ്പറൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് ലിവര്‍ കാന്‍സര്‍ എന്നീ രോഗങ്ങളുണ്ടാവാം.

അക്യൂട്ട് ഹെപ്പറൈറ്റിസ് വന്നു കഴിഞ്ഞാല്‍ ഭൂരിഭാഗം പേരും ഒന്നര മാസം കൊണ്ട് സുഖം പ്രാപിക്കുന്നു. ആറ് മാസത്തിനുള്ളില്‍ 90 ശതമാനം ആളുകളിലും വൈറസ് ശരീരത്തില്‍ തന്നെ നിലനില്‍ക്കുകയും പിന്നീട് ക്രോണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് ലിവര്‍ കാന്‍സര്‍ എന്നീ രോഗങ്ങളുണ്ടാവാം. അക്യൂട്ട് ഹെപ്പറ്റൈറ്റിസ് വന്നു കഴിഞ്ഞാല്‍ ഭൂരിഭാരം പേരും ഒന്നര മാസം കൊണ്ട് സുഖം പ്രാപിക്കുന്നു. ആറ് മാസത്തിനുള്ളില്‍ 90 ശതമാനം ആളുകളിലും വൈറസ് ശരീരത്തില്‍ നിന്ന് അപ്രത്യക്ഷമാവുന്നു. 10 ശതമാനം ആളുകളില്‍ വൈറസ് ശരീരത്തില്‍ തന്നെ നിലനില്‍ക്കുകയും പിന്നീട് ക്രോണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് ലിവര്‍ കാന്‍സര്‍ എന്നീ ഗുരുതരമായ കരള്‍ രോഗങ്ങളായി പരിണമിക്കുകയും ചെയ്യാം.

വികസിത രാജ്യങ്ങളില്‍ ബി യും സി യുമാണ് ലിവര്‍ കാന്‍സറിന്റെ മുഖ്യ കാരണം. ഈ രണ്ടു വൈറസിനുമെതിരെ ഫലപ്രദമായ ചികിത്സാ രീതികള്‍ ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് എ യും ബി യ്ക്കുമെതിരെ പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്.

ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഡബ്ലു എച്ച് ഒ എല്ലാ വര്‍ഷവും ജൂലൈ28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഹെപ്പറ്റൈറ്റിസ് ദിനത്തില്‍ ഇത്തവണത്തെ പ്രമേയം എലിമിനേറ്റ് ഹെപ്പറ്റൈറ്റിസ് അഥവാ ഹെപ്പറ്റൈറ്റിസ് ഉന്‍മൂലനം ചെയ്യുക എന്നതാണ്. ഇതിലേക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.

ഡോ. പ്രഭാകരന്‍ പി ബി.
സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ഹെഡ് ഗ്യാസ്‌ട്രോ എന്‍ട്രോളജി മെയ്ത്ര ഹോസ്പിറ്റല്‍
കോഴിക്കോട്.

 

Comments

comments

Related Articles