ഭവന വില്‍പ്പനയില്‍ ഇടിവ് തുടരുന്നു

ഭവന വില്‍പ്പനയില്‍ ഇടിവ് തുടരുന്നു

ന്യൂഡെല്‍ഹി: റിയല്‍റ്റി ഡെവലപ്പര്‍മാര്‍ക്ക് നല്‍കിയ ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ വായ്പകള്‍ തിരിച്ചുപിടിക്കുന്നതില്‍ ഇന്ത്യന്‍ ബാങ്കുകള്‍ വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട്. വായ്പാ കുടിശ്ശിക വീണ്ടെടുക്കുന്നതിനായി പൂര്‍ത്തിയാക്കാത്ത പ്രൊജക്റ്റുകളും പ്രോപ്പര്‍ട്ടി സൈറ്റുകളും വില്‍ക്കാനുള്ള സാധ്യതകളും ബാങ്കുകള്‍ തേടുന്നുണ്ട്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഭവന വില്‍പ്പനയില്‍ ഏകദേശം 40 ശതമാനത്തിന്റെ ഇടിവും ഭവനങ്ങളുടെ വിലയില്‍ ശരാശരി 20 ശതമാനം ഇടിവുമാണുണ്ടായത്. ഇത് റിയല്‍റ്റി ഡെവലപ്പര്‍മാരെ പ്രതിസന്ധിയിലാക്കി. വായ്പകള്‍ വീണ്ടെടുക്കുന്നതില്‍ ബാങ്കുകള്‍ പ്രതിസന്ധി നേരിടാനുള്ള കാരണം ഇതാണെന്ന് കൊട്ടക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എസ് ശ്രീനിവാസന്‍ പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ നയവും ഏകീകൃത ചരക്ക് സേവന നികുതിയും റിയല്‍ എസ്റ്റേറ്റ് നിയമവും (റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആക്റ്റ്-റെറ) നടപ്പാക്കിയതുമാണ് അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പനയെ വലിയ രീതിയില്‍ ബാധിച്ചത്. ഇത്തരം പരിഷ്‌കരണങ്ങളുടെ സ്വാധീനഫലമായി കഴിഞ്ഞ വര്‍ഷം ഭവന വില്‍പ്പന ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് പോയിരുന്നു. ഇന്ത്യയിലെ ചില വലിയ നഗരങ്ങളില്‍ പ്രോപ്പര്‍ട്ടികളുടെ വില ഇടിയാനും ഇത് കാരണമായി.

ഈ പ്രവണത നടപ്പു വര്‍ഷം ആദ്യ പകുതിയിലും തുടര്‍ന്നു. പുതുതായി അവതരിപ്പിച്ചിട്ടുള്ള പ്രൊജക്റ്റുകളില്‍ പുരോഗതിയുണ്ടായെങ്കിലും പ്രോപ്പര്‍ട്ടി വില്‍പ്പന മന്ദഗതിയില്‍ തന്നെ തുടരുകയായിരുന്നുവെന്നാണ് റിയല്‍റ്റി കണ്‍സള്‍ട്ടന്‍സി സംരംഭമായ ക്‌നൈറ്റ് ഫ്രാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതും ഉയര്‍ന്ന പണപ്പെരുപ്പവും പലിശ നിരക്കും റിയല്‍റ്റി മേഖലയ്ക്ക് കൂടുതല്‍ വെല്ലുവിളിയാകുമെന്ന് ക്‌നൈറ്റ് ഫ്രാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ശിഷിര്‍ ബൈജാല്‍ പറഞ്ഞു.

Comments

comments