പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കാന്‍ പിഎസ്ബികളുടെ നീക്കം

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കാന്‍ പിഎസ്ബികളുടെ നീക്കം

ന്യൂഡെല്‍ഹി: ഉന്നത മാനേജ്‌മെന്റ് തലത്തിലുള്ള ജീവനക്കാര്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ശമ്പള ഘടന നടപ്പിലാക്കുന്ന കാര്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ബാങ്ക് ഓഫ് ബറോഡ (ബിഒബി) എന്നിവ പരിഗണിക്കുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്കിടയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്.

ജനറല്‍ മാനേജര്‍ ഗ്രേഡിന് മുകളിലുള്ള ഓഫിസര്‍മാര്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സെന്റീവുകള്‍ നല്‍കുന്ന സംവിധാനത്തെക്കുറിച്ച് ബാങ്ക് സജീവമായി പരിഗണിച്ച് ആലോചിക്കുകയാണെന്ന് പിഎന്‍ബി മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ സുനില്‍ മെഹ്ക പറയുന്നു. സ്ഥിരമായ ഒരു അടിസ്ഥാന തുകയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു ഘടകവും കൂട്ടിച്ചേര്‍ത്തുള്ള ശമ്പള ഘടനയാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സമാന മാതൃക തന്നെയാണ് എസ്ബിഐയും ബിഒബിയും പരിഗണിക്കുന്നത്. ഇത്തരമൊരു നീക്കത്തിന് ബാങ്കുകള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

പല സ്വകാര്യബാങ്കുകളും ശമ്പള ഘടനയില്‍ വേരിയബിള്‍ പേ നടപ്പാക്കിയിട്ടുണ്ട്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പണമായോ ഓഹരികളായോ വേരിയബിള്‍ പേ നല്‍കുന്നു. എന്നാല്‍ പൊതുമേഖലാ ബാങ്കുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ), ബാങ്കിന്റെ മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) എന്നിവ തമ്മിലുള്ള ചര്‍ച്ച വഴിയാണ് വിവിധ തലത്തിലുള്ള ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും തീരുമാനിക്കുന്നത്.

ഏറ്റവും പുതിയ വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ സ്‌കെയില്‍ 3 തലത്തിലുള്ള ഓഫിസര്‍മാരിലേക്ക് വരെയാക്കി പരിമിതിപ്പെടുത്തിയതില്‍ എസ്ബിഐ, പിഎന്‍ബി, ബിഒബി, ഇന്ത്യന്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നീ ആറ് പൊതുമേഖലാ ബാങ്കുകളോട് ബാങ്ക് യൂണിയനുകള്‍ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. എബിഎ നിര്‍ദേശിച്ച 2 ശതമാനം വേതന വര്‍ധന എന്ന നിര്‍ദേശത്തെയും യൂണിയനുകള്‍ എതിര്‍ത്തിട്ടുണ്ട്. സ്‌കെയില്‍ 7 വരെയുള്ള ഓഫിസര്‍മാര്‍ക്ക് വേതന വര്‍ധനവ് നടപ്പിലാക്കണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. ജനറല്‍ മാനേജര്‍മാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ഡിവിഷണല്‍ മാനേജര്‍മാര്‍ തുടങ്ങിയവരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

സ്വകാര്യ ബാങ്കുകളുമായുള്ള മല്‍സരത്തില്‍ മുന്നോട്ടു പോകുന്നതിന് ഉന്നത തലത്തില്‍ പുതിയ വേതന മാതൃക അനിവാര്യമാണെന്നാണ് സുനില്‍ മെഹ്ത പറയുന്നത്.

 

Comments

comments

Tags: Banks, PSB