ഡിബിടിയില്‍ 500ല്‍ അധികം ക്ഷേമ പദ്ധതികള്‍: അമിതാഭ് കാന്ത്

ഡിബിടിയില്‍ 500ല്‍ അധികം ക്ഷേമ പദ്ധതികള്‍: അമിതാഭ് കാന്ത്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 500ല്‍ അധികം ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളാണ് ഡിബിടി (ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) മാര്‍ഗത്തിലൂടെ ഗുണഭോക്താക്കളുടെ ബാങ്ക് എക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്നതെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് കാലഹരണപ്പെട്ട നിരവധി നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട് മുന്‍പ് നിലവിലുണ്ടായിരുന്ന സങ്കീര്‍ണമായ നിയമങ്ങളും നിയന്ത്രണങ്ങളും ബിസിനസ് ആരംഭിക്കുന്നതിന് തടസം സൃഷ്ടിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലൂടെ മാത്രമേ സുസ്ഥിര വളര്‍ച്ച സാധ്യമാകുകയുള്ളു. ഇന്ത്യയില്‍ ഉയര്‍ന്ന ജനസംഖ്യാനുപാതം ലഭ്യമാക്കുന്ന അവസരങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ ജനസംഖ്യയില്‍ 70 ശതമാനത്തിലധികവും 35 വയസില്‍ താഴെയുള്ളവരാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനസംഖ്യാപരമായി ഇത് ഇന്ത്യക്ക് പ്രയോജനം ചെയ്യുന്നുണ്ട്. ഈ അവസരം നാം തിരിച്ചറിയണമെന്നും അമിതാഭ് കാന്ത് വിശദീകരിച്ചു.

ഡിജിറ്റൈസേഷന്‍ സാധ്യമാക്കുന്നതിനുവേണ്ടിയുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഭരണ സംവിധാനത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍ സഹായിച്ചു. ഇന്ത്യയിലെ ജില്ലകളുടെ സാമ്പത്തികവും സാമൂഹികവുമായ നിലവാരം ഉയര്‍ത്തുന്നതിന് വ്യത്യസ്ത വിഭാഗങ്ങളില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള സമീപനമാണ് നിതി ആയോഗ് സ്വീകരിച്ചിട്ടുള്ളത്.. ഓരോ മേഖലയിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ റാങ്ക് ചെയ്തതായും പുരോഗതി തുടര്‍ച്ചയായി നിരീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News