ജിഎസ്ടി നിരക്കിളവുകള്‍ പ്രാബല്യത്തില്‍

ജിഎസ്ടി നിരക്കിളവുകള്‍ പ്രാബല്യത്തില്‍

ന്യൂഡെല്‍ഹി: വിവിധ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്കില്‍ വരുത്തിയിട്ടുള്ള പുതിയ മാറ്റങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. 88ഓളം ഉല്‍പ്പന്നങ്ങള്‍ക്കാണ് വില കുറയുക. പുതിയ സ്റ്റോക്കുകള്‍ക്കു പുറമെ പഴയ സ്റ്റോക്കുകളിലും കമ്പനികള്‍ പുതിയ ജിഎസ്ടി നിരക്ക് കാണിച്ചിരിക്കണം. ഇതു സംബന്ധിച്ച നിര്‍ദേശം ഉപഭോക്തൃ കാര്യ മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കമ്പനികള്‍ക്ക് പുറമെ ഇറക്കുമതിക്കാര്‍ക്കും ഈ ഉത്തരവ് ബാധകമാക്കും. കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന 28-ാമത് യോഗത്തിലാണ് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. വിവിധ ശ്രേണിയില്‍പ്പെട്ട വൈറ്റ് ഗുഡ്‌സിനും ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കുമാണ് നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചിട്ടുള്ളത്. സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെയുള്ള ചില ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, വാട്ടര്‍ ഹീറ്റര്‍, ടെലിവിഷന്‍, വാക്വം ക്ലീനര്‍, പെയ്ന്റ്, ഹെയര്‍ ഷേവര്‍, ഹാന്‍ഡ്ബാഗ്, കണ്ണാടി, ചെരിപ്പ്, തറവിരി തുടങ്ങിയവയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ വില കുറയും. കമ്പനികള്‍ക്ക് തങ്ങളുടെ കൈവശമുള്ള സ്റ്റോക്കില്‍ ഉല്‍പ്പന്നങ്ങളുടെ വില മാറ്റുന്നത് പ്രയാസകരമാകില്ല.  എന്നാല്‍, റീട്ടെയ്‌ലര്‍മാരുടെയും ഡീലര്‍മാരുടെയും കൈവശമുള്ള സ്റ്റോക്കില്‍ വിലയിലെ മാറ്റം നടപ്പാക്കുന്നത് ശ്രമകരമാണ്. എംആര്‍പിയിലെ മാറ്റം കാണിച്ചുകൊണ്ടുള്ള സ്റ്റിക്കര്‍ ഉല്‍പ്പന്നങ്ങളില്‍ പതിച്ചിരിക്കണമെന്നും പുതിയ വിലവിവരം കമ്പനികള്‍ പരസ്യപ്പെടുത്തണമെന്നും ഇതുസംബന്ധിച്ച നോട്ടീസ് ഡീലര്‍മാര്‍ക്ക് വിതരണം ചെയ്യണമെന്നും പിഡബ്ല്യുസി പരോക്ഷ നികുതി വിഭാഗം മേധാവി പ്രതീക് ജയ്ന്‍ പറഞ്ഞു.

ഡിസ്ട്രിബ്യൂട്ടര്‍മാരുടെയും ഡീലര്‍മാരുടെയും കൈവശമുള്ള സ്റ്റോക്കുകളുടെ കാര്യത്തില്‍ കമ്പനികള്‍ക്ക് നിയന്ത്രണമില്ലെങ്കില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ നികുതിയിലുണ്ടായ കുറവ് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സാധിക്കില്ല.  അതുകൊണ്ട് നികുതി നിരക്കിലെ മാറ്റങ്ങള്‍ കമ്പനികള്‍ ഡിസ്ട്രിബ്യൂട്ടര്‍മാരെ അറിയിക്കുകയും അത് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ അവരോട് ആവശ്യപ്പെടുകയും വേണമെന്ന് കെപിഎംജി ഇന്ത്യ പാര്‍ട്ണര്‍ ഹര്‍പ്രീത് സിംഗ് അഭിപ്രായപ്പെട്ടു. നവംബറില്‍ 200ഓളം ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് പരിഷ്‌കരിച്ചപ്പോഴും ഈ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് സമാനമായ നിര്‍ദേശങ്ങളാണ് കമ്പനികള്‍ക്ക് നല്‍കിയത്.

Comments

comments

Tags: GST, products