കൗതുകം ഈ കലാ സംരംഭം

കൗതുകം ഈ കലാ സംരംഭം

കൊച്ചിയിലെ ഒരു ബാര്‍ബര്‍ ഷോപ്പിലേക്ക് പെട്ടെന്ന് ഒരു ഹിന്ദിക്കാരി സ്ത്രീ കയറി വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും അന്തംവിട്ടു. ഡെല്‍ഹി സ്വദേശിയായ പ്രമുഖ ആര്‍ട്ടിസ്റ്റ് പല്ലവി സിംഗാണ് അതെന്നറിഞ്ഞപ്പോള്‍ ഏവരിലും കൗതുകം. ‘മുടിവെട്ട് മ്യൂസിയം നിര്‍മ്മാണത്തില്‍’ എന്ന അവരുടെ കലാ പ്രതിഷ്ഠാപനത്തിനായാണ് ഈ സന്ദര്‍ശനമെന്നറിഞ്ഞപ്പോള്‍ പൂര്‍ണസഹകരണമാണ് കടകളില്‍ നിന്ന് ലഭിച്ചത്. പുരുഷന്മാരുടെ വളരുന്ന സൗന്ദര്യബോധത്തെക്കുറിച്ച് പഠിച്ച് അതിന് കലാരൂപം നല്‍കുകയാണ് പല്ലവിയുടെ ലക്ഷ്യം. അതിന് ബാര്‍ബര്‍ഷാപ്പുകള്‍ തന്നെയാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് പല്ലവി കരുതുന്നു. 

എന്തു കൊണ്ടാണ് മുടിവെട്ടും സൗന്ദര്യവര്‍ധക വസ്തുക്കളും പുരുഷന്മാര്‍ക്ക് വിലക്കപ്പെടുന്നതെന്ന ചോദ്യമാണ് പല്ലവി സിംഗിന് പുതിയ സൃഷ്ടിക്കുള്ള പ്രേരണയായത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ രണ്ട് മാസത്തെ റെസിഡന്‍സി പരിപാടിയിലൂടെയാണ് അവര്‍ ഈ പ്രതിഷ്ഠാപനം തയാറാക്കുന്നത്.

കൊച്ചിയിലും പരിസരങ്ങളിലുമുള്ള ബാര്‍ബര്‍മാരുടെ ജീവിതവും തൊഴിലുമാണ് അവരുടെ സൃഷ്ടിയില്‍ പ്രതിഫലിക്കുന്നത്. പൊതുജനവും കലാകാരന്മാരുമായുള്ള ബന്ധവും ബിനാലെ റെസിഡന്‍സി പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഉത്തര്‍പ്രദേശില്‍ വളര്‍ന്ന പല്ലവി സിംഗ് എന്തിനാണ് തന്റെ സൃഷ്ടിക്ക് മലയാളം പേരിട്ടതെന്ന് സംശയിക്കുന്നവരും അനവധി. കൊച്ചിയുടെ സംസ്‌കാരവുമായി ബന്ധം സ്ഥാപിക്കാനാണിതെന്നാണ് അവരുടെ മറുപടി.

ജൂലൈ അവസാനത്തോടെ ഈ സൃഷ്ടി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. റോഡരികില്‍ മരത്തണലില്‍ കസേരയിട്ട് ചെയ്തിരുന്ന തൊഴിലില്‍നിന്ന് ബ്യൂട്ടിപാര്‍ലറിലേക്ക് വളര്‍ന്ന ഈ സമൂഹത്തിന്റെ കഥ വെളിച്ചത്തു കൊണ്ടുവരാനാണ് പല്ലവിയുടെ ശ്രമം.
ഈ തൊഴിലിന്റെ എല്ലാ വശങ്ങളും ഈ സൃഷ്ടിയിലൂടെ അവതതരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മുപ്പതുകാരിയായ പല്ലവി പറഞ്ഞു. ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ഹൗസിലാണ് ഈ സൃഷ്ടി ഒരുങ്ങുന്നത്. ഇന്ന് മുതല്‍ ഇത് പ്രദര്‍ശിപ്പിക്കും.

ആധുനികകാലത്തിന്റെ രീതിയില്‍ കെട്ടും മട്ടും മാറുന്ന പുരുഷന്മാരാണ് സൃഷ്ടിയുടെ കേന്ദ്രം. വാണിജ്യവല്‍ക്കരണത്തിന്റെയും കോര്‍പ്പറേറ്റ് വിപണിയുടെയും കണ്ണിലൂടെ ഇതിനെ വീക്ഷിക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു.

ഫോര്‍ട്ട് കൊച്ചിയുടെ പരിസരപ്രദേശങ്ങളായ മട്ടാഞ്ചേരി, തോപ്പുംപടി എന്നിവിടങ്ങളിലെ ബാര്‍ബര്‍ഷോപ്പ് സന്ദര്‍ശിച്ചപ്പോഴാണ് മ്യൂസിയമെന്ന ആശയം തനിക്ക് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. 2011 മുതല്‍ക്കാണ് പുരുഷന്മാരുടെ സൗന്ദര്യബോധത്തിലുണ്ടാകുന്ന മാറ്റങ്ങളെ പല്ലവി ശ്രദ്ധിച്ചു തുടങ്ങിയത്. മുന്‍കാലങ്ങളിലെ ചില സൃഷ്ടികളുടെ പ്രമേയമായി ഇത് മാറിയിട്ടുണ്ട്. വൃത്തിയില്‍ നിന്ന് മാറി സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നതിലേക്ക് പുരുഷന്മാരുടെ സ്വത്വം മാറിയിട്ടുണ്ടെന്നാണ് പല്ലവിയുടെ അനുമാനം.

സ്ത്രീകളുടെ സൗന്ദര്യസംരക്ഷണത്തിനു സമാനമായ ഉല്‍പ്പന്നങ്ങള്‍ ഇന്ന് പുരുഷന്മാര്‍ക്കായും വിപണിയിലിറങ്ങുന്നു. മികച്ച മാര്‍ക്കറ്റിംഗിലൂടെ സുന്ദരനാകാനുള്ള വാഞ്ഛ പുരുഷന്മാരിലുണര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ ആത്മവിശ്വാസം നേടുന്ന പുതിയ വര്‍ഗ്ഗത്തെത്തന്നെ സൃഷ്ടിച്ചു കഴിഞ്ഞെന്ന് പല്ലവി പറയുന്നു. മണിക്കൂറുകളോളം ബാര്‍ബര്‍ഷോപ്പിലിരുന്നാണ് സൃഷ്ടിക്കായുള്ള നുറുങ്ങുകള്‍ പല്ലവി ശേഖരിച്ചത്. പ്രാദേശികമായ സംസ്‌കാരം മുടിവെട്ട് രീതിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു.

മുടിവെട്ടാന്‍ വരുന്നവര്‍ കൊണ്ടു വരുന്ന ചിത്രത്തിലെ സ്‌റ്റൈല്‍ അനുസരിച്ച് ചിലര്‍ വെട്ടിക്കൊടുക്കുന്നു. മുടിവെട്ട് രീതിയുടെ യഥാര്‍ത്ഥ പേര് അറിയില്ലെങ്കിലും പ്രാദേശികമായ പേരുകളില്‍ അവ ഇവിടെ ചെയ്ത് കൊടുക്കുന്നു. സാദാകട്ട്, സ്ലോപ്പ് കട്ട് എന്നിങ്ങനെയുള്ള പേരുകളും നല്‍കിയിട്ടുണ്ട്.

ഉപയോഗിക്കാത്ത ഉപകരണങ്ങള്‍ മ്യൂസിയത്തില്‍ വയ്ക്കാനായി തനിക്കു തരാമോയെന്ന് ഗവേഷണത്തിന്റെ ഭാഗമായി പല്ലവി ചില ബാര്‍ബര്‍മാരോട് ചോദിച്ചിരുന്നു. ഉപകരണങ്ങളോടുള്ള വൈകാരികമായ ബന്ധം കാണിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. പുതിയവ മേടിച്ചു വച്ചാല്‍ അതിന് ജീവനുണ്ടാകില്ലെന്ന് പല്ലവി പറഞ്ഞു.

ഡെല്‍ഹി സര്‍വകലാശാലയുടെ കോളെജ് ഓഫ് ആര്‍ട്ടില്‍ നിന്നും പെയിന്റിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പല്ലവി ഇന്‍ലാക്‌സ് ശിവദാസനി ഫൗണ്ടേഷന്റെ  സ്‌കോവേഗന്‍ റെസിഡന്‍സി പ്രോഗ്രാം 2015 ല്‍ നേടിയിട്ടുണ്ട്. എന്നാല്‍ പെയിന്റിംഗില്‍ നിന്നും വ്യത്യസ്തമായി ഡിജിറ്റല്‍ പ്രതിഷ്ഠാപനത്തിലൂടെയാണ് പുരുഷന്മാരുടെ വിവിധ ഹെയര്‍സ്‌റ്റൈലുകള്‍, ബാര്‍ബര്‍ ഷോപ്പിലെ വസ്തുക്കള്‍, ചെറിയ വരകളുടെ ശേഖരം എന്നിവയെ അവതരിപ്പിക്കുന്നത്.

ബാര്‍ബര്‍ഷോപ്പിലെ വസ്തുക്കള്‍ ശേഖരിക്കുകയെന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. ഉപകരണങ്ങള്‍ ചിലര്‍ നല്‍കിയെങ്കില്‍ ചിലര്‍ അതിനു തയാറായില്ല. തങ്ങളുടെ പ്രിയപ്പെട്ട തൊഴിലുപകരണങ്ങള്‍ കൈമാറാനുള്ള വിമുഖതയായിരുന്നു പ്രധാന കാരണം. എങ്കിലും ഹാന്‍ഡ് ട്രിമ്മര്‍, തല മസാജര്‍, ബാര്‍ബര്‍ കസേര, ക്ഷൗരക്കത്തി, വിവിധയിനം ചീപ്പുകള്‍ എന്നിവ ശേഖരിക്കാന്‍ കഴിഞ്ഞു.പല്ലവിയുമായി സഹകരിച്ച ബാര്‍ബര്‍മാരെ തന്റെ സൃഷ്ടി കാണാന്‍ അവര്‍ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

Comments

comments

Categories: FK News, Women

Related Articles