ചെനീസ് സൗരോര്‍ജ പാനല്‍ രണ്ട് ലക്ഷം തൊഴില്‍ നഷ്ടമുണ്ടാക്കി

ചെനീസ് സൗരോര്‍ജ പാനല്‍ രണ്ട് ലക്ഷം തൊഴില്‍ നഷ്ടമുണ്ടാക്കി

ന്യൂഡെല്‍ഹി: ചൈനയില്‍ നിന്നും സൗരോര്‍ജ പാനലുകള്‍ വലിയതോതില്‍ ഇറക്കുമതി ചെയ്യുന്നത് രാജ്യത്ത് രണ്ട് ലക്ഷം തൊഴില്‍ നഷ്ടമുണ്ടാക്കിയതായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇന്ത്യന്‍ വ്യവസായ രംഗത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് വാണിജ്യകാര്യ പാര്‍ലമെന്ററി സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കുറഞ്ഞ ചെലവില്‍ ചൈനീസ് സൗരോര്‍ജ പാനല്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡിജിഎഡി (ഡയറക്‌റ്റോറേറ്റ് ഓഫ് ആന്റി-ഡംപിംഗ് ആന്‍ഡ് അലെയ്ഡ് ഡ്യൂട്ടീസ്) മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ശരിയായി നടപ്പാക്കണമെന്നും സമിതി വാണിജ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2006-2011 കാലയളവില്‍ സൗരോര്‍ജ പാനലുകളുടെ പ്രധാന കയറ്റുമതി വിപണികളില്‍ ഒന്നായിരുന്നു ഇന്ത്യ. ചൈനീസ് പാനലുകള്‍ വന്‍ തോതില്‍ ഇറക്കുമതി ചെയ്യുന്നതു വരെ ഈ മേഖലയില്‍ ഇന്ത്യക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നു.

നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള സൗരോര്‍ജ പാനലുകളുടെ കയറ്റുമതി താഴ്ന്ന അവസ്ഥയിലാണ്. ഇത് ഇന്ത്യന്‍ സോളാര്‍ മാനുഫാക്ച്ചറിംഗ് മേഖലയെ സ്തംഭനാവസ്ഥിയിലേക്ക് നയിക്കുന്നതായും വന്‍തോതിലുള്ള ഇറക്കുമതിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആഭ്യന്തര സൗരോര്‍ജ വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ ആവശ്യമാണെന്നും പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റീല്‍ മേഖലയില്‍ സംരക്ഷണ തീരുവ (ആന്റി -ഡംപിംഗ് ഡ്യൂട്ടി) പരിഷ്‌കരിക്കുന്നതിനോ യുക്തിസഹമാക്കുന്നതിനോ യാതൊന്നും ചെയ്തിട്ടില്ലെന്നും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിജിഎഡിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ അടിയന്തരമായ ഇടപെടല്‍ നടത്തണമെന്നും ആന്റി ഡംപിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്തി ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വരവ് ഇന്ത്യന്‍ വ്യവസായത്തില്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കണമെന്നും സമിതി നിര്‍ദേശിച്ചു.

ഇന്ത്യയും ചൈനയും ഉള്‍പ്പെട്ട സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ സംബന്ധിച്ച ആശങ്കകളും സമിതി റിപ്പോര്‍ട്ടില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്‍മാര്‍, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, ലാവോസ്, വിയറ്റ്‌നാം എന്നീ ആസിയാന്‍ രാഷ്ട്രങ്ങളും ഇവയുടെ സ്വതന്ത്ര വ്യാപാര പങ്കാളികളായ ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളുമാണ് ആര്‍സിഇപി കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ വ്യാവസായിക ആരോഗ്യത്തിന് കോട്ടം തട്ടുന്ന ഒന്നും സ്വീകരിക്കേണ്ടതില്ലെന്നാണ് കരാറിന്റെ കാര്യത്തില്‍ സമിതിയുടെ നിലപാട്.

Comments

comments

Tags: China, India