ജിഎസ്ടി: വിപണി ഓഫറുകള്‍ 21 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

ജിഎസ്ടി: വിപണി ഓഫറുകള്‍ 21 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

മുംബൈ: ചരക്ക് സേവന നിയമത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടുസാമഗ്രികളുടേയും പലചരക്കുല്‍പ്പന്നങ്ങളുടേയും നികുതി നിരക്കില്‍ ലഭിച്ച ഇളവ് ഉല്‍പ്പാദകര്‍ ഓഫറുകളായി ജനങ്ങളിലേക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഉപഭോക്തൃ ഉല്‍പ്പന്ന വിപണിയിലെ ഓഫറുകള്‍ 21 ശതമാനം വര്‍ധിച്ചു. പോയ വര്‍ഷം വിലക്കിഴിവും മറ്റ് സൗജന്യങ്ങളുമായി 68,000 ത്തോളം ഓഫറുകളാണ് വിവധ കമ്പനികള്‍ മുന്നോട്ട് വച്ചത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12,000 ഓഫറുകളുടെ വര്‍ധനവാണുണ്ടായിരിക്കുന്നതെന്നാണ് സ്‌പെയിന്‍ ആസ്ഥാനമായുള്ള കാന്‍തര്‍ വേള്‍ഡ് പാനല്‍ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ ഭൂരിഭാഗം പലചരക്ക് ഉല്‍പ്പന്നങ്ങളുടേയും വീട്ടുസാമഗ്രികളുടേയും പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടേയും നികുതിയില്‍ കാര്യമായ കുറവ് സംഭവിച്ചിരുന്നു. മേഖല 2010 ന് ശേഷം ഇരട്ടയക്ക വളര്‍ച്ച നേടുന്നതും ദൃശ്യമായി.

ഏറ്റവും കൂടുതല്‍ പ്രമോഷനുകള്‍ നല്‍കിയിരിക്കുന്ന മൂന്ന് പ്രധാന വിഭാഗങ്ങളില്‍ സോപ്പ് വിപണിയാണ് മുന്‍പന്തിയിലുള്ളത്. തൊട്ട് പിന്നില്‍ യഥാക്രമം ബിസ്‌കറ്റ്, അലക്ക് സോപ്പ് ഉല്‍പ്പന്നങ്ങളുമുണ്ട്. 60,000 കോടി രൂപയിലധികം വരുന്ന സംയോജിത വിപണി വലിപ്പമാണ് ഈ മേഖലകള്‍ക്കുള്ളത്. എല്ലാ ഉപഭോക്താക്കളും ചുരുങ്ങിയത് വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഓഫറുകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഭൂരിഭാഗം ആള്‍ക്കാരും പുതിയ ബ്രാന്‍ഡുകള്‍ പരീക്ഷിക്കുന്നതിന് പകരം നിലവിലുള്ള ബ്രാന്‍ഡുകള്‍ തന്നെയാണ് തെരഞ്ഞെടുത്തതെന്നും ഗവേഷണ സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.

‘എല്ലാ കമ്പനികളും ഇത്തരം ഓഫറുകള്‍ മുന്നോട്ട് വച്ചിരുന്നു. തല്‍ഫലമായി ഉപഭോക്താവിന്റെ കാഴ്ചപ്പാടില്‍ ഇത് വലിയ പ്രതിഫലനം സൃഷ്ടിച്ചില്ല,’ കാന്‍തര്‍ വേള്‍ഡ് പാനലിന്റ ഇന്ത്യാ വിഭാഗം മേധാവി കെ രാമകൃഷ്ണന്‍ പറഞ്ഞു.

കുക്കീസ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ എന്നിവയടക്കമുള്ള നിരവധി ഉല്‍പ്പന്നങ്ങളുടെ നികുതി ജിഎസ്ടി നടപ്പിലാക്കിയതോടെ 18 ശതമാനമായി കുറഞ്ഞിരുന്നു. നേരത്തെ എക്‌സൈസ്, വാറ്റ് നികുതി സമ്പ്രദായത്തില്‍ 22 ശതമാനം നികുതിയാണ് ഇടാക്കിയിരുന്നത്. ഡിറ്റര്‍ജന്റ്, ഷാംപൂ, ചര്‍മ പരിചരണ ഉല്‍പ്പന്നങ്ങള്‍ എന്നിവയടക്കം 200 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും കുറച്ചിരുന്നു.

 

Comments

comments

Tags: GST, market