ഇ- കാര്‍: നികുതിയിളവിലൂടെ വില്‍പ്പന കൂട്ടാം

ഇ- കാര്‍: നികുതിയിളവിലൂടെ വില്‍പ്പന കൂട്ടാം

കാര്‍ബണ്‍ പുറംതള്ളല്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നതിന് പഴി കേള്‍ക്കുന്ന വിഭാഗമാണ് ഓട്ടോമൊബൈല്‍ വ്യവസായം. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നതും വസ്തുതയാണ്. ഇതിന് ആധുനിക ലോകത്തിന്റെ മറുപടിയാണ് ഇന്നു പിച്ചവെച്ചു വരുന്ന ഇലക്ട്രിക് കാര്‍ വ്യവസായം.

അനതിവിദൂരഭാവിയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ക്ഷാമം വരുത്താനിരിക്കുന്ന ഊര്‍ജക്ഷാമപ്രതിസന്ധിയെ അഭിസംബോധന ചെയ്യാന്‍ ഈ മേഖലയുടെ വികസനം അതിവേഗത്തില്‍ സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല വാഹനനിര്‍മാതാക്കളും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, ഇലക്ട്രിക് കാര്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുക.

ഇലക്ട്രിക് കാര്‍ ഇന്‍ഷുര്‍ ചെയ്യാന്‍ സമാന ശേഷിയുള്ള പെട്രോള്‍ കാറിനേക്കാള്‍ 60 ശതമാനം കൂടുതല്‍ ചെലവു വരും. ഇ- കാര്‍ വിപണിയെ തളര്‍ത്താന്‍ പോന്ന വിലവ്യത്യാസമാണിത്. ഇതിനു പ്രതിവിധി കാണാന്‍ ഇ- വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് വ്യവസായികളുടെ നീക്കം. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടിനു സന്നദ്ധമായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്‍ഷുറന്‍സി പ്രീമിയത്തിന്റെ നികുതി ഒഴിവാക്കിക്കൊണ്ടായിരിക്കും ഇതു സാധ്യമാക്കുകയെന്നും ഡ്രൈവര്‍മാരുടെ സേവനത്തിനായി യത്‌നിക്കുന്ന കണ്‍ഫ്യൂസ്ഡ് എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. അപകട നഷ്ടപരിഹാരത്തിനായി വലിയ പ്രീമിയം തുക ഇലക്ട്രിക് കാറുകള്‍ക്ക് അടയ്‌ക്കേണ്ടി വരുന്നു. ഇത് വാഹനയുടമകള്‍ക്ക് വന്‍ ചെലവു വരുത്തുന്നു.

ഇത് ഇ- കാര്‍ വിപണിയില്‍ വലിയ തിരിച്ചടി ഉണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, ഇ- വാഹന രജിസ്‌ട്രേഷനില്‍ മൂന്ന് ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന വസ്തുത ഈ വാദത്തെ സ്ഥിരീകരിക്കുന്നു. കാര്‍ബണ്‍ പുറംതള്ളല്‍ പൂര്‍ണമായി അവസാനിപ്പിക്കാനാകുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണം ഗവണ്‍മെന്റ് അധികൃതര്‍ ഗൗരവമായി എടുക്കുന്നുണ്ടെങ്കില്‍ നിര്‍ണായകതീരുമാനം എടുക്കാന്‍ അമാന്തിക്കരുത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള അധികാരം സര്‍ക്കാരിനു തന്നെയാണ്. ഇ- വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം നികുതി (ഐപിടി) നീക്കം ചെയ്‌തെങ്കില്‍ മാത്രമേ വാഹന ഉടമകള്‍ക്ക് പ്രീമിയം താങ്ങാനാവുകയുള്ളൂ. അത്തരമൊരു തീരുമാനത്തിലൂടെ ഡീസല്‍-പെട്രോള്‍ വാഹനങ്ങള്‍ക്കു പകരം ഇ- വാഹനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ക്ക് പ്രചോദനം ലഭിക്കും.

പ്രതിവര്‍ഷം പൊതുഖജനാവിലേക്ക് 4.8 ബില്യണ്‍ പൗണ്ട് എത്തിക്കുന്ന നികുതിയാണ് ഐപിടി. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ 10 മുതല്‍ 12 ശതമാനം വരെ നികുതി വര്‍ധിപ്പിച്ചു. രണ്ടു വര്‍ഷത്തിനുള്ളിലെ മൂന്നാമത്തെ വര്‍ധനവായിരുന്നു ഇത്. ഇത്തരം വര്‍ധനവ് പക്ഷേ, പലപ്പോഴും ഇന്‍ഷുറന്‍സ് കമ്പനികളെ ബാധിക്കുന്നേയില്ല. പകരം ഇത് നേരെ ഉപഭോക്താക്കളുടെ തലയിലേക്കു കെട്ടിവെക്കുകയാണ് പതിവ്. വര്‍ധനവ് പ്രാബല്യത്തില്‍ വന്നതിനു ശേഷം ഐപിടിയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് വിവിധകോണുകളില്‍ നിന്ന് നിരന്തര ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സന്നദ്ധസംഘടനകള്‍, ലാഭേച്ഛയില്ലാത്ത ഉല്‍പ്പാദകര്‍, ഡ്രൈവര്‍മാരുടെ സംഘടനകള്‍ എന്നിവ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. പരാതികള്‍ വിശകലനം ചെയ്ത പ്രസ്തുത വെബ്‌സൈറ്റ്, ഒരു സാധാരണ ഡ്രൈവര്‍ക്ക് 12 വര്‍ഷക്കാലത്തേക്കുള്ള ഇന്‍ഷുറന്‍സിന് എത്രത്തോളം പണമടയ്ക്കണമെന്ന് പരിശോധിച്ചു.

കാര്‍ നിര്‍മ്മാതാക്കളുടെ കൈയില്‍ നിന്നും ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ താരതമ്യപഠനം കണ്‍ഫ്യൂസ്ഡ് നടത്തുകയുണ്ടായി. 30 നും 55 നും ഇടയില്‍ പ്രായമുള്ള പെട്രോള്‍ കാര്‍ഉടമയ്ക്ക് ഇക്കാലയളവില്‍ അടയ്‌ക്കേണ്ടി വരുന്ന പോളിസി പ്രീമിയം 567 പൗണ്ട് ആയിരിക്കുമെന്നാണ് കണ്ടെത്താനായത്. ഡീസല്‍ കാറിന് 607 പൗണ്ട് അടയ്‌ക്കേണ്ടി വരുമ്പോള്‍ ഒരു ഇലക്ട്രിക് വാഹനത്തിന് 751 പൗണ്ട് അടയ്‌ക്കേണ്ടി വരുന്നു. അതേസമയം, 25 വയസുവരെയുള്ള കാറുടമ അടയ്‌ക്കേണ്ടി വരുന്ന ശരാശരി പ്രതിവര്‍ഷ വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം, പെട്രോള്‍ കാറിന് 1,484 പൗണ്ട്, ഡീസല്‍ കാറിന് 1,592 പൗണ്ട് , ഇലക്ട്രിക് വാഹനത്തിന് 1,885 പൗണ്ട് എന്നിങ്ങനെയാണ്. അതായത്, ഇ- വാഹനത്തിന് പെട്രോള്‍ വാഹനത്തേക്കാള്‍ ശരാശരി 400 പൗണ്ടിന്റെ വര്‍ധന.

2015 മോഡല്‍ റിനോ ക്ലിയോ പെട്രോള്‍ കാറിന് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ നഗരത്തിലെ ഒരു 35-കാരന്‍ അക്കൗണ്ടന്റ് അഞ്ചു വര്‍ഷത്തെ ക്ലെയിമുകള്‍ക്ക് പ്രതിവര്‍ഷം 247 പൗണ്ട് അടയ്‌ക്കേണ്ടി വരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതേ കമ്പനിയുടെ ഇ- കാര്‍ സൊയെക്ക് ഇതിനേക്കാള്‍ 60 ശതമാനം കൂടുതല്‍ അടയ്ക്കണം. 395 പൗണ്ടാണ് അടയ്‌ക്കേണ്ടി വരുക. ഇലക്ട്രിക് കാറുകള്‍ സര്‍വസാധാരണമാകുന്നതു വരെ ഒന്നു വാങ്ങുന്നതിന് എല്ലാവരും ഒന്നു മടിച്ചേക്കും. ഇ- കാറുകള്‍ അന്തരീക്ഷമലിനീകരണം ഇല്ലാതാക്കുന്നുവെന്ന ബോധ്യം ഉള്ളപ്പോള്‍ത്തന്നെ ആരും ഇവ വാങ്ങാന്‍ മുന്നിട്ടിറങ്ങുകയോ താല്‍പര്യപ്പെടുകയോ ചെയ്യുന്നില്ല. ആരെങ്കിലും വാങ്ങിയ ശേഷം ലാഭകരമാണോ എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഇ- കാറുകള്‍ വാങ്ങാമെന്നാണ് ഭൂരിഭാഗത്തിന്റെയും ചിന്ത. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പായ ശേഷം മതി ഇ- കാറുകളിലേക്ക് മാറുന്നതെന്ന് ആളുകള്‍ വിചാരിക്കുന്നതില്‍ തെറ്റു കാണാനാകില്ല.

പല പോരായ്മകളും ഇതിനകം പരിഹരിക്കപ്പെട്ടിട്ടുണ്ട്. ചാര്‍ജ്ജിംഗ് പോയിന്റ് ഇല്ലാത്തതാണ് പലരും ചൂണ്ടിക്കാട്ടുന്ന പ്രശ്‌നം. ഇ-വാഹന ചാര്‍ജ്ജറുകളുടെ വിപുലമായ ഉല്‍പ്പന്ന ശ്രേണി വന്നുകഴിഞ്ഞിരിക്കുന്നു. വേഗത്തിലും എളുപ്പത്തിലും ചാര്‍ജ്ജ് ചെയ്യപ്പെടുന്നതും കുറഞ്ഞ വിലയുള്ളതുമായവ ലഭിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരോ ഇന്‍ഷുറന്‍സ് വ്യവസായങ്ങളോ ഇ- കാറുകള്‍ക്കായി ഒന്നു ചെയ്യുന്നില്ല. ഇതിന് അടിയന്തര മാറ്റം വേണം. ഇലക്ട്രോണിക് കാറുകളെ പ്രോല്‍സാഹിപ്പിക്കാന്‍ ഐപിടി ഇളവ് നല്‍കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇത്തരം ഇളവുകള്‍ ഇ- വാഹനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ ആളുകളെ പ്രേരിപ്പിക്കുമോ എന്ന കാര്യം കണ്ടറിയണം. പ്രീമിയത്തിലെ വ്യത്യാസങ്ങള്‍ പ്രധാനമാണെങ്കിലും ഇന്‍ഷുറന്‍സ് ചെലവെന്നു പറയുന്നത് വാഹന ഉടമസ്ഥതയുടെ മൊത്തം ചെലവിന്റെ ചെറിയൊരു അനുപാതമേ വരുന്നുള്ളൂ എന്നതാണു സത്യം.

ഇ- കാറുകള്‍ ചെലവേറിയവ ആയതിനാല്‍ പെട്രോള്‍കാറുകളെ അപേക്ഷിച്ച് അറ്റകുറ്റപണികള്‍ വളരെ കൂടുതലാണ്. ഉദാഹരണത്തിന് ബാറ്ററി, വാഹനവിലയുടെ ഒരു വലിയ ഭാഗമാണ്. നിങ്ങള്‍ക്ക് പെട്രോള്‍ എന്‍ജിന്‍ അറ്റകുറ്റപ്പണി ചെയ്യുന്നതു പോലെ എളുപ്പമല്ല ബാറ്ററി സംരക്ഷണം. അതിനു ചെലവേറും. എന്നാല്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിക്കും തോറും ചെലവ് ചുരുങ്ങിവരും. വിപണി, മല്‍സരാധിഷ്ഠിതമാകുന്നതോടെ വിലകളിലും മാറ്റം വരും. ടെസ്‌ല പവര്‍വോള്‍ ആണ് ഇ-കാര്‍ ബാറ്ററികളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ബ്രാന്‍ഡുകളിലൊന്ന്. അതിശക്തമായ ബാറ്ററിയാണിത്. ഓവൊ എനര്‍ജി, പവര്‍വോള്‍ട്ട, മൊയ്ക്‌സ തുടങ്ങി നിരവധി ബാറ്ററി നിര്‍മാതാക്കളും വിപണിയിലുണ്ട്.

ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ആഭ്യന്തര ഊര്‍ജരംഗത്തിനും വളരെയേറെ സംഭാവനകള്‍ ചെയ്യുന്നുണ്ട്. വെയ്ല്‍സിലെ കാറ്റാടിപ്പാടങ്ങളില്‍ സംഭരണത്തിന് ഉപയോഗിക്കുന്നത് ബിഎംഡബ്ല്യു ഐ 3 ബാറ്ററികളാണ്. അതിനാല്‍ ഇത്തരം കാര്‍ബാറ്ററികള്‍ വീടുകളിലെ പാരമ്പര്യേതരഊര്‍ജ സംവിധാനവുമായി സംയോജിപ്പിക്കാന്‍ ഉചിതമാണെന്നതിന് വേറെ തെളിവു വേണ്ട. ഓവൊ സംവിധാനമാകട്ടെ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് തിരക്കില്ലാ സമയത്ത് അധിക ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനും അത് ഇലക്ട്രിക് കാറുകളില്‍ സംഭരിച്ചു വെക്കാനും കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇ- വാഹനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുന്നതു പ്രോല്‍സാഹിപ്പിക്കാന്‍ അധികൃതരും അനുബന്ധ സ്ഥാപനങ്ങളും സന്നദ്ധത കാണിക്കണം. ഐപിടി ഒഴിവാക്കുന്നതു പോലുള്ള മാര്‍ഗ്ഗങ്ങളാണ് ഇ-വാഹനവിപണിയെ ശക്തിപ്പെടുത്താന്‍ ഉചിതം.

ഡീസല്‍കാറുകളുടെ വില്‍പ്പന നിരുല്‍സാഹപ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി അവ ഒഴിവാക്കാന്‍ ഉപഭോക്താക്കളും ശ്രദ്ധിക്കുന്നു. ഉയര്‍ന്ന നികുതിയും പ്രവര്‍ത്തനച്ചെലവും അവയുടെ വില്‍പ്പന കുത്തനെ ഇടിച്ചിരിക്കുന്നു. വര്‍ഷാവസാന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് വാഹനവ്യവസായത്തില്‍ ഒരു നിര്‍ണായക മുഹൂര്‍ത്തമായിരുന്നു പോയവര്‍ഷമെന്നാണ്. കഴിഞ്ഞവര്‍ഷം ആരംഭിച്ച, ഡീസല്‍കാറുകള്‍ക്കെതിരായ നടപടികള്‍ അവയുടെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ടെന്നാണ് എസ്എംഎംടി റിപ്പോര്‍ട്ട് കാണിക്കുന്നത്. പുതിയ കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് അടക്കം ഫലം കണ്ടു. അല്ലാത്തപക്ഷം കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച 2021- ലെ ലക്ഷ്യം കൈവരിക്കാന്‍ രാജ്യം ഏറെ ബുദ്ധിമുട്ടുമെന്നു മനസിലാക്കിയാണ് നടപടികള്‍ കൈക്കൊണ്ടത്. കഴിഞ്ഞവര്‍ഷത്തെ ശരാശരി കാര്‍ബണ്‍ പുറംതള്ളല്‍ ഒരു കിലോമീറ്ററിന് 121 ഗ്രാം ആയിരുന്നുവെന്ന് എസ്എംഎംടി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇലക്ട്രിക് കാറുകളുടെ ഉയര്‍ന്ന വിലയും നിരത്തിലിറക്കും മുമ്പേ വേണ്ടിവരുന്ന ചെലവുമാണ് ആളുകളെ പിന്തിരിപ്പിക്കുന്നത്. ഡീസല്‍, പെട്രോള്‍ കാറുടമകളില്‍ 59 ശതമാനം പേരും ഇലക്ട്രിക് കാറുകള്‍ വാങ്ങില്ലെന്നാമ് സമീപകാല സര്‍വേയില്‍ വ്യക്തമാക്കിയത്. വിലയും ക്രമാതീത ചെലവും മാത്രമല്ല, ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ സബ്‌സിഡികള്‍ പ്രഖ്യാപിക്കാത്തതും താല്‍പര്യക്കുറവിന് കാരണമാണ്. ഇലക്ട്രിക് കാര്‍ വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ തക്ക പ്രോല്‍സാഹനങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്. സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇലക്ട്രിക് കാറുകളും ഹൈ ബ്രിഡ് വാഹനങ്ങളും 2040-നു ശേഷമേ രാജ്യത്ത് സര്‍വസാധാരണമാകാന്‍ ഇടയുള്ളൂ. പരിപൂര്‍ണമായി കാര്‍ബണ്‍ രഹിത വാഹനസഞ്ചയം 2050 ആകുമ്പോഴേക്കുമേ യാഥാര്‍ത്ഥ്യമാകുകയുള്ളൂ എന്ന് വിചാരിക്കാം.

 

Comments

comments

Tags: E-car, tax