കേരളത്തിന്റെ വ്യവസായ ഭാവി ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍: ഡോ. ഇളങ്കോവന്‍

കേരളത്തിന്റെ വ്യവസായ ഭാവി ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍: ഡോ. ഇളങ്കോവന്‍

കൊച്ചി: കേരളത്തില്‍ വ്യവസായ വികസനത്തിന്റെ പ്രതീക്ഷകള്‍ സൂക്ഷമ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലാ(എംഎസ്എംഇ)ണെന്ന് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ ഐഎഎസ്. വ്യവസായവല്‍ക്കരണത്തിനുള്ള ഊര്‍ജസ്രോതസായി മാറാന്‍ എംഎസ്എംഇകള്‍ക്ക് കഴിയും. കേരളത്തിന്റെ പുതിയ വ്യവസായ നയവും ബിസിനസ് സൗഹൃദ നടപടികളും എം എസ്എംഇകളുടെ മുന്നേറ്റത്തിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും (ഫിക്കി) കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള എംഎസ്എംഇ ഡയറക്റ്ററേറ്റും സംസ്ഥാന വ്യവസായ വകുപ്പുമായി സഹകരിച്ച് എംഎസ്എംഇകളുടെ നിക്ഷേപസമാഹരണ മാര്‍ഗങ്ങളെക്കുറിച്ച് സംഘടിപ്പിച്ച ബോധവല്‍ക്കരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇളങ്കോവന്‍.

സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ചെറുകിട വ്യവസായ മേഖലയില്‍ ബിസിനസ് സൗഹൃദാന്തരീക്ഷം കൊണ്ടുവരുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഓണ്‍ലൈനായി വ്യവസായ സംരംഭങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ 30 ദിവസത്തിനകം എല്ലാ അനുമതികളും ലഭ്യമാക്കുന്ന സംവിധാനം കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. ഇത് വൈകാതെ നിലവില്‍ വരും.

ഭൂമി ലഭ്യതക്ക് കേരളത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും എംഎസ് എഇകളുടെ മൂല്യവര്‍ധിത വ്യവസായ സംരംഭങ്ങള്‍ മുഖേന മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യകള്‍ അടിക്കടി മുന്നേറ്റം നടന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എംഎസ്എംഇകള്‍ക്ക് ഇവയെ വേഗത്തില്‍ സ്വാംശീകരിക്കാനും അതിന്റെ പ്രയോജനം നേടിയെടുക്കാനും കഴിയും.

ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ നിരവധി സ്‌കീമുകളിലായും ഫണ്ടുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ബാങ്കുകളുടെയും ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ആകര്‍ഷകമായ സ്‌കീമുകള്‍ എംഎസ്എംഇകള്‍ക്ക് ലഭിക്കുന്നുണ്ട്. കേരളത്തിലെ സംരംഭങ്ങള്‍ ഇവ ഫലപ്രദമായി ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ബിസിനസ് വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. സംസ്ഥാന വ്യവസായ വകുപ്പിന്റെ എല്ലാ വിധ പിന്തുണയും കേരളത്തിലെ എംഎസ് എംഇ വ്യവസായങ്ങള്‍ക്ക് ഉണ്ടാകുമെന്ന് ഡോ. ഇളങ്കോവന്‍ പറഞ്ഞു.

കേരളത്തിലെ എംഎസ്എംഇ മേഖലക്ക് 800 കോടി രൂപയോളം രൂപയുടെ കേന്ദ്ര ഫണ്ട് ലഭ്യമാകാന്‍ പോകുകയാണെന്നും ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ മുന്നോട്ടുവരണമെന്നും മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര എംഎസ് എംഇ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ പി വി വേലായുധന്‍ പറഞ്ഞു. താലൂക്ക് തലത്തില്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെലപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. തൃശൂര്‍ എംഎസ്ഇംഇ ഇന്‍സ്റ്റിറ്യൂട്ടിലാണ് ആദ്യത്തെ സെന്റര്‍ ആരംഭിക്കുന്നത്. രണ്ടാമത്തെ സെന്റര്‍ തിരുവനന്തപുരത്തായിരിക്കും വരിക. തുടര്‍ന്ന് ഇത് താലൂക്ക് തലത്തിലേക്ക് വ്യാപിപ്പിക്കും. സംരംഭകര്‍ക്കാവശ്യായ സാമ്പത്തിക പിന്തുണയും വിപണന പിന്തുണയും സാങ്കേതിക വിദ്യാ പിന്തുണയും ഇവിടെ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ദാമോദര്‍ അവനൂര്‍ ആശംസ നേര്‍ന്നു. ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍ ദീപക് എല്‍ അസ്വാനി സ്വാഗതവും ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഹെഡ് സാവിയോ മാത്യു നന്ദിയും പറഞ്ഞു.

 

 

Comments

comments

Tags: Kerala, SME