അരിയിറക്കുമതി: അഞ്ച് ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടി ചൈനയുടെ പച്ചക്കൊടി

അരിയിറക്കുമതി: അഞ്ച് ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടി ചൈനയുടെ പച്ചക്കൊടി

ന്യൂഡെല്‍ഹി: അരി ഉല്‍പ്പാദനം നടത്തുന്ന അഞ്ച് ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടി ഇറക്കുമതിക്കുള്ള അനുമതി നല്‍കി ചൈന. അദാനി വില്‍മര്‍, ചമന്‍ ലാല്‍ സേതിയ എവന്നിവയടക്കം അഞ്ച് കമ്പനികള്‍ക്കാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക് ധാന്യങ്ങള്‍ കയറ്റിയയക്കാനുള്ള അനുമതി ലഭിച്ചത്. കമ്പനികളിലെ സൗകര്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് ഇത്തരമൊരു അനുമതി നല്‍കിയതെന്ന് ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിന് പുറമെ നാല് കമ്പനികളോട് സംഭരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതിക്ക് ചൈന പ്രാധാന്യം കൊടുക്കുന്നത്.

2016 ല്‍ 14 ഇന്ത്യന്‍ അരി കയറ്റുമതിക്കാര്‍ക്കാണ് ചൈന അംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍ ‘ഖപ്ര’ എന്ന ഒരുതരം വണ്ടിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കയറ്റുമതി പിന്നീട് തടഞ്ഞു. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെയ്ജിംഗ് സന്ദര്‍ശന സമയത്ത് ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് അരി കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൈനയുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസും ഇന്ത്യയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇതുപ്രകാരം ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതി സംബന്ധിച്ച് 2006 മുതല്‍ നിലവിലുണ്ടായിരുന്ന നിബന്ധനകള്‍ ഭേദഗതി ചെയ്യപ്പെട്ടു. ഇന്ത്യയില്‍ നിന്ന് ബാസ്മതി ഇതര അരി വിഭാഗങ്ങള്‍ കൂടി ഇറക്കുമതി ചെയ്യാന്‍ ചൈന തീരുമാനിച്ചു.

”നേരത്തെ അരി കയറ്റുമതി ചെയ്യുന്ന 14 കമ്പനികളില്‍ നിന്നുള്ള ഇറക്കുമതിക്കാണ് അവര്‍ സമ്മതിച്ചിരുന്നത്. ഇതില്‍ മിക്ക കമ്പനികളും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന, ബാസ്മതി അരി ഉല്‍പ്പാദകരായിരുന്നു,” വിഷയവുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 2016 ല്‍ 19 അരി സംസ്‌കരണ സംവിധാനങ്ങളാണ് ചൈനീസ് ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണ, നിസാമാബാദില്‍ നിന്നും നാഗ്പൂരില്‍ നിന്നുമുള്ള രണ്ട് ബാസ്മതി ഇതര കയറ്റുമതിക്കാരും ചൈനയുടെ പട്ടികയില്‍ ഇടം പിടിച്ചു. ഈ മാസം ഒന്‍പതിനും 17 നും ഇടയിലുള്ള തീയതികളിലായാണ് ചൈനയുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് വിഭാഗത്തിലെ രണ്ട് സംഘങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെ 14 സംസ്‌കരണ പ്ലാന്റുകള്‍ സന്ദര്‍ശിച്ചത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അരിയുല്‍പ്പാദനവും ഇറക്കുമതിയും നടത്തുന്ന ചൈന, പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ടണ്ണിലധികം ധാന്യങ്ങള്‍, പ്രധാനമായും വിയറ്റ്‌നാം, തായ്‌ലന്‍ഡ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നുണ്ട്. സ്വതന്ത്ര വ്യാപാരം അനുവദിക്കുകയാണെങ്കില്‍ ചൈനയിലേക്ക് ബസ്മതി ഉള്‍പ്പെടെ ദശലക്ഷം ടണ്‍ ധാന്യം കയറ്റുമതി ചെയ്യാനുള്ള സാധ്യതയുമുണ്ടെന്ന് കയറ്റുമതിക്കാര്‍ പറഞ്ഞു. മുന്‍ വര്‍ഷത്തെ 10.8 ശതമാനത്തില്‍ നിന്നും ഇന്ത്യയുടെ അരി കയറ്റുമതി 12.7 ദശലക്ഷം ടണ്ണായി വര്‍ധിച്ചിട്ടുണ്ട്. ആഗോള ഉല്‍പ്പന്ന വ്യാപാരത്തില്‍ ഉന്നതമായ സ്ഥാനം നിലനിര്‍ത്താന്‍ ഇത് ഇന്ത്യയെ സഹായിച്ചു.

 

 

 

Comments

comments