ബ്ലോക്ക്‌ചെയിന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ 5 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കും: നാസ്‌കോം

ബ്ലോക്ക്‌ചെയിന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ 5 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കും: നാസ്‌കോം

ന്യൂഡെല്‍ഹി: രാജ്യത്ത് ഉല്‍പ്പാദനം വര്‍ധിപ്പിച്ചും ഉല്‍പ്പാദന ചെലവ് ചുരുക്കിയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വരെ കൂട്ടിച്ചേര്‍ക്കാനുള്ള ശേഷി ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യക്കുണ്ടെന്ന് വ്യവസായ സംഘടനയായ നാസ്‌കോം. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ എങ്ങനെ എളുപ്പത്തില്‍ ഉപയോഗിക്കാമെന്ന അവബോധം സൃഷ്ടിക്കുന്നത് അതിന്റെ സാധ്യതകളെ കുറിച്ച് കൂടുതല്‍ നസിലാക്കുന്നതിന് ഇന്ത്യയെ സഹായിക്കുമെന്ന് നാസ്‌കോം വൈസ് പ്രസിഡന്റ് കെ എസ് വിശ്വനാഥന്‍ പറഞ്ഞു.

വിതരണം ചെയ്യുന്ന ഡാറ്റ അടിസ്ഥാനമാക്കി ഇടപാടുകളുടെ വേഗത വര്‍ധിപ്പിക്കാനും സുതാര്യത ഉറപ്പുവരുത്താനും ബ്ലോക്ക്‌ചെയിനിന് സാധിക്കും. ബിഎഫ്എസ്‌ഐ (ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്), ട്രാവല്‍, റീട്ടെയ്ല്‍, ഹെല്‍ത്ത്‌കെയര്‍, സപ്ലൈ ചെയിന്‍ തുടങ്ങി രാജ്യത്തെ വിവിധ മേഖലകളെ പരിവര്‍ത്തനം ചെയ്യാനുള്ള ശേഷി ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യക്കുണ്ടെന്ന വസ്തുത വ്യാപകമായി അംഗീകരിക്കപ്പെട്ടതാണെന്നും നാസ്‌കോം പറയുന്നു. എന്നാല്‍, ഈ സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ വലിയ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും നാസ്‌കോം ചൂണ്ടിക്കാട്ടി.

അവബോധമില്ലായ്മയും ഈ മേഖലയില്‍ വിദഗ്ധരായിട്ടുള്ള ആളുകളുടെ അഭാവവും കംപ്യൂട്ടിംഗ് സൗകര്യങ്ങളുടെ കുറവുമാണ് രാജ്യത്ത് ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ വലിയ തോതിലുള്ള വിന്യാസത്തിന് തടസം സൃഷ്ടിക്കുന്നതെന്നാണ് വിശ്വനാഥന്‍ പറയുന്നത്. രാജ്യത്ത് നിലവില്‍ ബ്ലോക്ക്‌ചെയിനില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള വെറും 20-30 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണുള്ളത്. ബ്ലോക്ക്‌ചെയിനില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ബ്ലോക്ക്‌ചെയിന്‍ സാങ്കേതിവിദ്യയുടെ പ്രാധാന്യം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഫെബ്രുവരിയില്‍ കാനഡയിലെ ബ്ലോക്ക്‌ചെയിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി (ബിആര്‍ഐ) നാസ്‌കോം കൈകോര്‍ത്തിരുന്നു. സാങ്കേതികവിദ്യ കേന്ദ്രീകരിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് ഇരു സ്ഥാപനങ്ങളും ധാരണയായിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വിര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), ബിഗ് ഡാറ്റ അനലിറ്റിക്‌സ്, 3ഡി പ്രിന്റിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളില്‍ നൈപുണ്യ വികസന പരിശീലനം നല്‍കുന്നതിന് ഈ മാസം ആദ്യം ‘ഫ്യൂച്ചര്‍സ്‌കില്‍സ്’ എന്ന ഒരു പ്ലാറ്റ്‌ഫോമും നാസ്‌കോം ആരംഭിച്ചിരുന്നു.

Comments

comments