97 കോടി രൂപയുടെ സംയോജിത അറ്റാദായം രേഖപ്പെടുത്തി ഭാരതി എയര്‍ടെല്‍

97 കോടി രൂപയുടെ സംയോജിത അറ്റാദായം രേഖപ്പെടുത്തി ഭാരതി എയര്‍ടെല്‍

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ സംയോജിത അറ്റാദായമായി നേടിയത് 97 കോടി രൂപ. തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് 17 ശതമായം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. നൈജീരിയയില്‍ നിന്നുള്ള 515 കോടി രൂപയുടെ നേട്ടമാണ് കമ്പനിക്ക് തുണയായത്. ഈ പാദത്തില്‍ കമ്പനിയുടെ സംയോജിത അറ്റ നഷ്ടം 427 കോടി രൂപയാകുമെന്നായിരുന്നു ബ്ലൂംബെര്‍ഗിന്റെ വിശകലനം.

റിലയന്‍സ് ജിയോയുടെ വിപണി പ്രവേശനത്തെ തുടര്‍ന്ന് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്ന സമ്മര്‍ദം ഇന്ത്യന്‍ വിപണിയില്‍ തുടരുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 940 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യന്‍ വിപണിയില്‍ കമ്പനിക്കുണ്ടായത്. മാര്‍ച്ച് പാദത്തില്‍ 652 കോടി രൂപ നഷ്ടം നേരിട്ട സ്ഥാനത്താണിത്.

മത്സരാധിഷ്ഠിതമായി വില കുറച്ചു നല്‍കുന്ന പ്ലാനുകളാണ് കമ്പനിക്ക് തിരിച്ചടിയായത്. ഇത്തരം പ്ലാനുകളില്‍ ഉയര്‍ന്ന ഉപഭോഗമുണ്ടായെങ്കിലും കമ്പനിക്ക് ഇതില്‍ നിന്നും കാര്യമായ വരുമാനം നേടാന്‍ സാധിച്ചില്ല. ചില പ്ലാനുകള്‍ പുതുക്കാന്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെങ്കിലും തിരിച്ചടിയുടെ ആഘാതം പൂര്‍ണമായും പരിഹരിക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല.

ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 2.27 ശതമാനം വര്‍ധിച്ച് 20,080 കോടി രൂപയായി.പ്രതീക്ഷയ്ക്ക് മുകളിലുള്ള വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കമ്പനിയുടെ ഇബിഐടിഡിഎ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.8 ശതമാനം താഴ്ന്ന് 6837 കോടി രൂപയിലെത്തി. തൊട്ട് മുന്‍പാദത്തിലെ 35.8 ശതമാനത്തില്‍ നിന്ന് മാര്‍ജിന്‍ ജൂണ്‍ പാദത്തില്‍ 34 ശതമാനമായി. അതേസമയം വിപണില്‍ റിലയല്‍സ് ജിയോ ഉയര്‍ത്തുന്ന മത്സരം തന്നെയാണ് കമ്പനിക്ക് നഷ്ടമുണ്ടാക്കിയതെന്നാണ് ഭാരതി എയര്‍ടെല്‍ ഇന്ത്യ, സൗത്ത്ഏഷ്യാ എംഡിയും സിഇഒയുമായ ഗോപാല്‍ വിത്തല്‍ പറയുന്നത്.

കണ്ടന്റ് പാര്‍ട്ണര്‍ഷിപ്പ്, ഹാന്‍ഡ്‌സെറ്റ് അപ്‌ഗ്രേഡ് പ്രോഗ്രാമുകള്‍, മൊബീല്‍ ഡാറ്റ ട്രാഫിക് വാര്‍ഷികാടിസ്ഥാനത്തില്‍ 355 ശതമാനം വര്‍ധിച്ചത് തുടങ്ങിയവയെല്ലാം തങ്ങളുടെ വിജയത്തിന് സഹായകമായെന്നും അദ്ദേഹം പറയുന്നു.

ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (എആര്‍പിയു) 8.8 ശതമാനം ഇടിഞ്ഞ് ജൂണ്‍ പാദത്തില്‍ 105 രൂപയായി. തുടര്‍ച്ചയായ ഇടിവാണ് എആര്‍പിയുവില്‍ കമ്പനിക്കുണ്ടാകുന്നത്. മൊത്തം ഡാറ്റ വോളിയം പാദാടിസ്ഥാനത്തില്‍ 39.7 ശതമാനം വര്‍ധിച്ച് 21,50,645 മില്യണ്‍ എംബിയായി. ഒരു ഉപയോക്താവില്‍ നിന്നുള്ള ഡാറ്റ ഉപയോഗം മുന്‍ പാദത്തെ അപേക്ഷിച്ച് 19.4 ശതമാനം വര്‍ധിച്ച് 7864 എംബിയായി. കമ്പനിയുടെ ഇന്ത്യയിലെ മൊബീല്‍ സേവന വരുമാനം 1.2 ശതമാനം വര്‍ധിച്ച് 10,480 കോടി രൂപയായിട്ടുണ്ട്.

Comments

comments