സായ് ലൈഫിന്റെ ഓഹരികള്‍ ടിപിജി വാങ്ങുന്നു

സായ് ലൈഫിന്റെ ഓഹരികള്‍ ടിപിജി വാങ്ങുന്നു

മുംബൈ: ഹൈദരാബാദ് ആസ്ഥാനമായുള്ള സായ് ലൈഫ് സയന്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കുമെന്ന് അമേരിക്കന്‍ നിക്ഷേപ കമ്പനിയായ ടിപിജി കാപിറ്റല്‍ അറിയിച്ചു. കമ്പനിയുടെ ന്യൂനപക്ഷ ഓഹരികള്‍ വാങ്ങാനാണ് ടിപിജി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ സംരംഭത്തിന്റെ 40 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നതിനായി 930 കോടി രൂപയായിരിക്കും ചെലവഴിക്കുകയെന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ടാറ്റാ കാപ്പിറ്റലിന്റെ പക്കലുള്ള 33 ശതമാനം ഓഹരികളും ടിപിജി സ്വന്തമാക്കും. വളര്‍ച്ചാ മൂലധനത്തിന്റെ രൂപത്തിലായിരിക്കും ഇടപാട് പണം നല്‍കുകയെന്നും കമ്പനി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ ഫാര്‍മ രംഗത്തേക്കും ലൈഫ് സയന്‍സ് മേഖലയിലേക്കും പ്രവേശിക്കുന്നതിനുള്ള താല്‍പ്പര്യമാണ് ഈ നീക്കത്തിലൂടെ കമ്പനി തുറന്നു കാട്ടിയിരിക്കുന്നത്.

1999 ല്‍ രൂപം കൊണ്ട സായ്, ഗുളികകളും സിറപ്പുകളും ഉല്‍പ്പാദിക്കുന്നതിനുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ നിര്‍മിച്ചു നല്‍കുന്ന രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നാണ്. നിലവില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ 15 കമ്പനികളില്‍ ഏഴെണ്ണത്തിനും സേവനങ്ങള്‍ ലഭ്യമാക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ്. 2025 ആകുമ്പോഴേക്കും 25 ഓളം പുതിയ മരുന്നുകള്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനി മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷമായി കരാര്‍ മരുന്ന് നിര്‍മാണ കമ്പനികളും ഉല്‍പ്പാദന കമ്പനികളും മികച്ച വിപണി വിഹിതം നേടാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ടിപിജി കാപിറ്റല്‍ ഏഷ്യയുടെ സഹ മാനേജിംഗ് പാര്‍ട്ണറായ പുനീത് ഭാട്ടിയ ചൂണ്ടിക്കാട്ടി. മരുന്ന് ഗവേഷണ കമ്പനികള്‍ ചെലവ് കുറഞ്ഞതും കാര്യക്ഷമമായതും ഉല്‍പ്പാദന മാര്‍ഗങ്ങള്‍ തിരയുന്നതാണ് ഇതിന് കാരണം. ഉന്നത ഗുണമേന്മയുള്ളതും ഫലപ്രദവുമായ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനുള്ള മികച്ച അവസരമായി സായ് കമ്പനിയുമായുള്ള പങ്കാളിത്തത്തെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Comments

comments

Tags: Sai Life, TPG