സ്റ്റീല്‍ ഇറക്കുമതി തീരുവയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുന്നത് പരിഗണിക്കും: യുഎസ്

സ്റ്റീല്‍ ഇറക്കുമതി തീരുവയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുന്നത് പരിഗണിക്കും: യുഎസ്

2017ല്‍ യുഎസ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത് 794.6 മില്യണ്‍ ഡോളറിന്റെ സ്റ്റീലും 424.3 മില്യണ്‍ ഡോളറിന്റെ അലൂമിനിയവുമാണ്

ന്യൂഡെല്‍ഹി: വ്യാപാര സംരക്ഷണ നടപടിയുടെ ഭാഗമായി സ്റ്റീല്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക തീരുവയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ്. യുഎസിലേക്കുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കുറച്ചുകൊണ്ട് ഇതു സംബന്ധിച്ചൊരു നിര്‍ദേശം ഇന്ത്യ മുന്നോട്ടുവെക്കുകയാണെങ്കില്‍ അധിക തീരുവ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് യുസിന്റെ വാഗ്ദാനം. ഇക്കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ യുഎസ് ആവശ്യപ്പെട്ടതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇരുരാഷ്ട്രങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ യോഗം നടത്തിയിരുന്നു. സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയതടക്കമുള്ള വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അധിക താരിഫ് ഒഴിവാക്കുന്നതിനായി സ്റ്റീര്‍ കയറ്റുമതി വെട്ടിചുരുക്കുകയാണെങ്കില്‍ അത് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ചേര്‍ന്നതാകുമോ എന്നാണ് ഇന്ത്യ പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാരും യുഎസ് ഭരണകൂടവുമായുള്ള തുടര്‍ ചര്‍ച്ച.

യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 235 മില്യണ്‍ ഡോളറിന്റെ 29 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് നാല് മുതല്‍ തീരുവ ഏര്‍പ്പെടുത്തി തുടങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ഈ സാഹചര്യത്തില്‍ സ്റ്റീല്‍ കയറ്റുമതി സംബന്ധിച്ച് ഒരു ധാരണയിലെത്താന്‍ ഇന്ത്യയും യുഎസും തയാറായില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം കൂടുതല്‍ രൂക്ഷമാകും. നേരത്തെ അധിക തീരുവയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ നിര്‍ദേശം യുഎസ് നിരസിച്ചിരുന്നു. ഇതാണ് പ്രതിരോധ നടപടികളിലേക്ക് കടക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.

യുഎസിനെ തിരിച്ചടിക്കാനുള്ള പദ്ധതി കഴിഞ്ഞ മാസം ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) സമര്‍പ്പിച്ചിരുന്നു. സ്റ്റീലിന് അധിക തീരുവ ചുമത്തുന്നതിലൂടെ 198.6 മില്യണ്‍ ഡോളറിന്റെയും അലൂമിനിയത്തിന് അധിക തീരുവ ഏര്‍പ്പെടുത്തിയതിലൂടെ 42.4 മില്യണ്‍ ഡോളറിന്റെയും നേട്ടം യുഎസിന് ഉണ്ടാകുമെന്നാണ് ഇന്ത്യ കരുതുന്നത്. 2017ല്‍ യുഎസ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത് 794.6 മില്യണ്‍ ഡോളറിന്റെ സ്റ്റീലും 424.3 മില്യണ്‍ ഡോളറിന്റെ അലൂമിനിയവുമാണ്.

ആപ്പിള്‍, ബദാം തുടങ്ങിയ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 20 മുതല്‍ 25 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ബൈക്കുകളെ ഈ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല. യുഎസുമായി തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതകള്‍ തുറന്നിടുന്നു എന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഹാര്‍ലി-ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തിയാല്‍ അത് യുഎസിന് വലിയ തിരിച്ചടിയാകും.

Comments

comments

Categories: Business & Economy
Tags: Steel import