സാനിറ്ററി നാപ്കിന് വില കുറയില്ല

സാനിറ്ററി നാപ്കിന് വില കുറയില്ല

ന്യൂഡെല്‍ഹി: നിരവധി വനിതാ സംഘടനകളുടെയും മറ്റ് വനിതാ കൂട്ടായ്മകളുടെയും ഒരു വര്‍ഷത്തോളം നീണ്ട പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും അവസാനത്തില്‍ സാനിറ്ററി നാപ്കിനെ ജിഎസ്ടി യില്‍ നിന്ന് ഒഴിവാക്കിയെങ്കിലും നാപ്കിന്റെ വിലയില്‍ പ്രകടമായ കുറവൊന്നും ഉണ്ടായിട്ടില്ല. സാനിറ്ററി നാപ്കിന് ഉണ്ടായിരുന്ന 12 ശതമാനം നികുതി ഒഴിവാക്കിയെങ്കിലും വിലയില്‍ അത് ഒന്നര ശതമാനം മാത്രമാണ്. അതായത് 1 രൂപ 20 പൈസ മുതല്‍ 1 രൂപ 50 പൈസ വരെ കുറയാനെ സാധ്യതയുള്ളൂ എന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു. സാനിറ്റഡി പാഡുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളുടെ നികുതി വര്‍ധിച്ചു തന്നെ നില്‍ക്കുന്നതിനാല്‍ നാപ്കിനുകള്‍ക്ക് വില കുറയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കമ്പനികള്‍.

അതായത് 100 രൂപയുള്ള നാപ്കിന് 12 രൂപ കുറയില്ലെന്ന് സാരം. ജി എസ് ടി ഒഴിവാക്കുന്നതോടെ കമ്പനികള്‍ ഉല്‍പന്നങ്ങളുടെ വില കൂട്ടാന്‍ സാധ്യതയുള്ളതായും പറയുന്നു. 4500 കോടി രൂപയുടെ വിറ്റ് വരവ് ആണ് ഇന്ത്യയില്‍ നാപ്കിന്‍ വിപണിയില്‍ നിന്നു ലഭിക്കുന്നത്. ജി എസ് ടി പരിധിയില്‍ നിന്ന് സാനിറ്ററി നാപ്കിന്‍ ഒഴിവായതോടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റും ഒഴിവായിട്ടുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ വിലകളില്‍ നാപ്കിന്‍ വിപണികളില്‍ എത്തും.

നികുതി ഒഴിവാക്കിയതോടെ വിപണിയില്‍ നാപ്കിനുകളുടെ വില കുറയുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നുണ്ടായ പരാതികളെ തുടര്‍ന്ന് നേരത്തെ പല ഉല്‍പന്നങ്ങളുടെയും ശതമാനം 28 ല്‍ നിന്ന് 18 ആയി കുറച്ചിരുന്നു. എന്നാല്‍ ഇതൊന്നും സാധാരണക്കാര്‍ക്ക് അതായത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്തില്ല എന്നതാണ് വാസ്തവം. ജിഎസ്ടി കുറച്ചതോടെ കമ്പനികള്‍ ഉല്‍പന്നത്തിന്റ വില കൂട്ടുകയാണ് ഉണ്ടായത്.

 

 

Comments

comments