പരേതര്‍ ഇപ്പോഴും പെന്‍ഷന്‍ വാങ്ങുന്നു!

പരേതര്‍ ഇപ്പോഴും പെന്‍ഷന്‍ വാങ്ങുന്നു!

തിരുവനന്തപുരം: പരേതരായ അരലക്ഷത്തോളം ആളുകള്‍ ഇപ്പോഴും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈ പറ്റുന്നതായി റിപ്പോര്‍ട്ട്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ നടത്തിയ പെന്‍ഷന്‍ സര്‍വെയില്‍ ആണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പതിവ് സര്‍വെ ഘടനയില്‍ നിന്ന് മാറി മൊബീല്‍ ആപ്പിലൂടെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വ്വെ നടത്തിയിരുന്നു. കേരളത്തില്‍ ഇത്തരത്തില്‍ ഒരു സര്‍വ്വെ ആദ്യമായാണ് നടക്കുന്നത്. തിരഞ്ഞെടുത്ത കുറച്ച് ആളുകള്‍ക്ക് സര്‍വെ സംബന്ധിച്ച ക്ലാസുകളും മറ്റും നല്‍കിയ ശേഷമാണ് സര്‍വ്വെ നടത്തിയത്. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കര്‍ശന നടപടികളുമായി രംഗത്ത് വന്നിരിക്കുകയാണ് ധനകാര്യ വകുപ്പ്.

പരേതരുടെ പേരില്‍ മാത്രമല്ല, വന്‍കിട ബിസിനസുകാരും ഏക്കറുകളോളം സ്ഥലവും ആഡംബര കാറുകളും ഉള്ളവര്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൈപറ്റുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ മരണം രജിസ്റ്റര്‍ ചെയ്യാതെയാണ് പലരും മരിച്ചവരുടെ പെന്‍ഷന്‍ വാങ്ങി കൊണ്ടിരിക്കുന്നത്. പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റുകളില്‍ ലഭിച്ച വിവരങ്ങള്‍ താരതമ്യം ചെയ്തപ്പോഴാണ് ഇത്രയേറെ അനര്‍ഹരെ കണ്ടെത്തിയത്. 31256 ഓളം പേര്‍ പരേതരായവരുടെ പേരില്‍ പെന്‍ഷന്‍ വാങ്ങുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമായി.

തുടര്‍ നടപടിയായി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ടാക്‌സേഷന്‍ റിപ്പോര്‍ട്ട് പ്രകാരം മരണം സ്ഥിതീകരിക്കപ്പെട്ടിട്ടുള്ള ആളുകളുടെ പെന്‍ഷന്‍ നിര്‍ത്തി വയ്ക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും പരേതരുടെ പട്ടിക നല്‍കി സത്യാവസ്ഥ ബോധ്യപ്പെട്ടതിനു ശേഷമായിരിക്കും നടപടി. ഇപ്പോള്‍ അര്‍ഹതയില്ലാതെ പെന്‍ഷന്‍ വാങ്ങുന്ന ആളുകള്‍ക്ക് സ്വമേധയാ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാകാനും അവസരം ഉണ്ട്. ഇനി ധനകാര്യ വകുപ്പ് ഇവരെ കണ്ടെത്തുകയാണെങ്കില്‍ ഇതുവരെ ലഭിച്ച പെന്‍ഷന്‍ തുക തിരിച്ച് നല്‍കേണ്ടതായും വരും.

ബിഎംഡബ്‌ള്യു, ബെന്‍സ് തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ പോലും സര്‍ക്കാറിന്റെ ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നതായി ധനകാര്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതും ഉടനടി നിര്‍ത്തലാക്കും. ഇത്തരത്തില്‍ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയത് 64473 പേര്‍ ആണ്. ഇനി മക്കളുടെ പേരില്‍ കാര്‍ ഉള്ള മാതാപിതാക്കള്‍ ആണെങ്കില്‍ അവരുടെ പെന്‍ഷന്‍ താല്‍കാലികമായി തടയില്ല. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും മാതാപിതാക്കളോടുള്ള മക്കളുടെ മനോഭാവവും പരിശോധിച്ച ശേഷമേ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളൂ.

വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കൂടുതല്‍ വാങ്ങുന്ന ആളുകളുടെ പെന്‍ഷനും തടയും. ഇവരില്‍ നിന്ന് ലഭിച്ച തുക തിരിച്ച് വാങ്ങുന്നതിനൊപ്പം പിഴയും ഈടാക്കും. 1200 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള വീടുള്ള ആളുകളുടെ പെന്‍ഷനെക്കുറിച്ചും പുനര്‍ചിന്തനം നടത്തും. കേരളത്തില്‍ മൊത്തം 66 ലക്ഷം ആളുകളാണ് പെന്‍ഷന്‍ വാങ്ങുന്നത്. മൊത്തം ജനസംഖ്യയുടെ അഞ്ചില്‍ ഒന്ന്. വൃദ്ധരേക്കാള്‍ കൂടുതല്‍ അധിക പെന്‍ഷന്‍കാര്‍ വന്ന സാഹചര്യത്തിലാണ് ധനകാര്യ വകുപ്പ് പരിശോധനയ്ക്കായി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏല്‍പിച്ചത്. അനര്‍ഹരെ പൂര്‍ണമായും ഒഴിവാക്കി അര്‍ഹര്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കുകയാണ് ഈ സര്‍വെയിലൂടെ ധനകാര്യ വകുപ്പും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷനും ലക്ഷ്യമിട്ടത്.

 

 

 

Comments

comments

Categories: FK News, Slider
Tags: Kerala, pension