എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ജാഗ്രതെ! ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രം

എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ജാഗ്രതെ! ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രം

ന്യൂഡെല്‍ഹി: വിവാഹത്തട്ടിപ്പ് നടത്തി ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന എന്‍ആര്‍ഐ ഭര്‍ത്താക്കന്മാരെ പിടികൂടാന്‍ പോര്‍ട്ടല്‍ സംവിധാനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഒളിച്ചോടുന്നവര്‍ക്കെതിരെ പോര്‍ട്ടലിലൂടെ വാറണ്ട് പുറപ്പെടുവിക്കും. ഈ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കില്‍ ആരോപണവിധേയരായ എന്‍ആര്‍ഐ ഭര്‍ത്താക്കന്മാരെ പ്രതിചേര്‍ത്ത് നടപടികള്‍ തുടങ്ങുകയും അയാളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് അറിയിച്ചു.

കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍(സിപിസി) ഭേദഗതി വരുത്തുന്നത് സംബന്ധിച്ചും സുഷമസ്വരാജ് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഭേദഗതി വരുത്തിക്കഴിഞ്ഞാല്‍ ജില്ലാ മജിസ്‌ട്രേറ്റിന് പോര്‍ട്ടലിലൂടെ നല്‍കിയ വാറണ്ടിന് അനുമതി നല്‍കാന്‍ കഴിയും.

കേന്ദ്ര നിയമമന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം തുടങ്ങിയവയുടെ അംഗീകാരവും പദ്ധതിക്ക് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

എന്‍ആര്‍ഐ വിവാഹങ്ങളില്‍ നടക്കുന്ന തട്ടിപ്പില്‍ നിന്നും ഇന്ത്യന്‍ സ്ത്രീകളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സുഷമ സ്വരാജ് അറിയിച്ചു. വിവാഹം കഴിഞ്ഞ് ഭാര്യമാരെ മാനസികമായും ശാരീരികമായും പീഡനത്തിന് വിധേയമാക്കി അവരെ ഉപേക്ഷിച്ച് കടന്നുകളയുന്ന എന്‍ആര്‍ഐ ഭര്‍ത്താകന്മാരെ പിടികൂടാനുള്ള പദ്ധതിയുടെ ഭാഗമായാണ് പോര്‍ട്ടല്‍ അവതരിപ്പിച്ചിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ (2015 ജനുവരി മുതല്‍, 2017 വരെ) 3,328 പരാതികളാണ് എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച സ്ത്രീകളില്‍ നിന്നും ലഭിച്ചത്.

 

Comments

comments

Categories: FK News, Women
Tags: NRI, portal