ജീവിതയാത്രയില്‍ നിങ്ങള്‍ക്കൊപ്പം

ജീവിതയാത്രയില്‍ നിങ്ങള്‍ക്കൊപ്പം

ജീവിതവീഥിയില്‍ വഴുതിപ്പോകാതെ, കാലിടറാതെ ഗുരുവില്‍ നിന്ന് ലഭിക്കുന്ന അറിവ് നമ്മെ താങ്ങി നിര്‍ത്തുന്നു. ശരിയായ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചുകൊണ്ട് ഗുരുകൃപ നമ്മെ പൊതിയുന്നു. ആഴത്തിലുള്ള സ്‌നേഹവും ഭക്തിയും ഉറച്ച വിശ്വാസവും ആര്‍ജ്ജിക്കേണ്ടത് ആവശ്യമാണ്. ആരെങ്കിലും പറഞ്ഞാല്‍ ഇത് മനസ്സിലാവില്ല. സ്വയം അനുഭവിച്ചറിയണം. അവിടേക്കെത്താന്‍ നിരന്തരമായ സാധനയാണ് ഉണ്ടാകേണ്ടത്

 

ആത്മീയജ്ഞാനം ആര്‍ജ്ജിക്കുകഎന്നാല്‍ പച്ചയായ ജീവിതത്തില്‍നിന്നുള്ള ഒളിച്ചോട്ടം എന്നല്ല. ജീവിതം സുഖ ദുഃഖ സമ്മിശ്രമാണ്.എല്ലായ്‌പ്പോഴും നല്ലതു മാത്രം സംഭവിക്കണമെന്നില്ല. അത്ര സുഖകരമല്ലാത്ത അവസരങ്ങളിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയും ആന്തരികമായി വളരുകയും കരുത്തു നേടുകയും ചെയ്യുന്നുണ്ട്.പിന്നിട്ട വഴികളിലെ മുള്‍മൂടിയ വഴികള്‍ താണ്ടിയപ്പോള്‍ നിങ്ങളും ഇതനുഭവിച്ചിട്ടില്ലേ?

ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല വേണ്ടത്.ശരിയായ തിരിച്ചറിവോടെ അവയെ തരണം ചെയ്യുക. കൂടുതല്‍ സമചിത്തതയോടെ മുന്നോട്ടു നടക്കുക. ആത്മീയത നിങ്ങള്‍ക്ക് വേണ്ട ശക്തിപകരാന്‍ പര്യാപ്തമായ മാര്‍ഗ്ഗമാണ്.

സത്യത്തിന്റെയും നന്മയുടെയും പന്ഥാവിലൂടെ നടക്കുവാന്‍ നിങ്ങള്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ സുഖം നിങ്ങള്‍ അറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ് ഇപ്പോള്‍ നിങ്ങള്‍ ഇവിടെ ഉള്ളത്. ഇനി വേണ്ടത് ഈ ശാന്തിയും സന്തോഷവും പങ്കുവെക്കുകയാണ്. എല്ലാവരെയും ഒപ്പം കൂട്ടുക. അവര്‍ക്കും ലഭിക്കട്ടെ നിങ്ങള്‍ക്ക് ലഭിക്കാനിടയായ സൗഭാഗ്യം. അപ്പോള്‍ അവരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ സുന്ദരമാകുന്നു. തെറ്റിദ്ധാരണകള്‍ അകലുന്നു. അഥവാ ഉണ്ടായാലും അവയുടെ ആയുര്‍ദൈര്‍ഘ്യം കുറവായിരിക്കും. നിങ്ങളോടൊപ്പമുള്ളവരും, അവരുടെ മനസ്സിലെ വിദ്വേഷങ്ങള്‍ക്കും മുന്‍വിധികള്‍ക്കും അവധി കൊടുക്കുന്നു. എല്ലാവരുടെയും മനസ്സില്‍നിന്നും കാലുഷ്യമകലുമ്പോള്‍ എത്ര സുഖമാണ്. നിരവധിപേരെ ഈ പന്ഥാവിലെത്തിക്കുക വഴി ഒരു സമൂഹം ആകമാനം രക്ഷപ്പെടുകയാണ്. ലോകം മുഴുവന്‍ അറിവിന്റെയും സ്‌നേഹത്തിന്റെയും വെളിച്ചവും അലകളും എത്തട്ടെ. സമഗ്രമായ ഒരു മാറ്റം ഉണ്ടാകട്ടെ.

നോക്കൂ… നിങ്ങള്‍ ഒരു വലിയ ഉദ്യമത്തിന്റെ ഭാഗമാണ്. നാമോരോരുത്തരും ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നത് കഷ്ടപ്പെടുന്നവരുടെ വ്യഥാഭാരം കുറക്കുവാനും പ്രകാശവും പുഞ്ചിരിയും നിറക്കുവാനുമാണ്. മറ്റുള്ളവരുടെ മനസ്സിനെ മദിക്കുന്നതൊന്നും ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലല്ലോ. ശരിയല്ലേ?

ദുഖിച്ചിരിക്കുന്ന ഒരാള്‍ക്കൊപ്പം ചേര്‍ന്ന് നിങ്ങളും ദുഖിക്കുന്നത് നന്നല്ല. അയാളുടെ ദുഃഖം ലഘൂകരിക്കാനും പരിഹരിക്കാന്‍ സഹായിക്കുവാനും നിങ്ങള്‍ക്ക് കഴിയും. അത്രയും മഹത്വവും കരുത്തും സൗന്ദര്യവും തികഞ്ഞ വ്യക്തിത്വമാണ് നിങ്ങളുടേത്. ഒന്നിനും നിങ്ങളുടെ ശാന്തി നഷ്ടപ്പെടുത്തുവാന്‍ കഴിയില്ല. ഒന്നിനും സ്പര്‍ശിക്കാന്‍ കഴിയാത്ത മനസ്സും മായാത്ത പുഞ്ചിരിയുമായി മുന്നോട്ട് നടക്കൂ…നിങ്ങള്‍ നടന്ന വഴികളില്‍ സമാധാനവും സന്തോഷവും ഐശ്വര്യവും നിറയട്ടെ.

 

നാം പ്രതീക്ഷകള്‍കൊണ്ട് തീര്‍ത്ത പടവുകളിലൂടെയാണ് സഞ്ചരിക്കുന്നത്. പ്രതീക്ഷകളാണ് ജീവിതം മുന്നോട്ട് നീങ്ങാന്‍ ആധാരം എന്ന് വിശ്വസിക്കുന്നു. ജീവിതമെന്ന മലകയറ്റം അത്ര സുഗമമല്ല. മലവെള്ളപ്പാച്ചിലോ വരള്‍ച്ചയോ എപ്പോഴാണ് കടന്നു വരികയെന്നറിയില്ല. തോരാതെ പെയ്യുന്ന മഴയില്‍ ഒലിച്ചിറങ്ങുന്ന വെള്ളമൊഴുകുന്നതാകട്ടെ സോപ്പിനാല്‍ നിര്‍മ്മിതമായ പടവുകളിലൂടെയാണ്. സോപ്പുപടവുകളില്‍ ചവുട്ടിവേണം സദാ നിങ്ങള്‍ നടക്കേണ്ടത്.

 

ഒന്നോര്‍ത്തുനോക്കൂ, ഭാവനയില്‍ കാണാന്‍ കഴിയുന്നുവോ? സദാ വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന സോപ്പുപടവുകളിലൂടെ കഠിന പരിശ്രമം ചെയ്തു മുകളിലേക്ക് കയറുകയാണ്. പലപ്പോഴും വഴുതിപ്പോകുന്നുണ്ട്. പിടിച്ചുകയറാന്‍ വശങ്ങളില്‍ റെയിലിംഗോ വേലിയോ ഒന്നുമില്ല. കാലുകളില്‍ സ്‌പൈക്കുകളുള്ള ചെരിപ്പുകള്‍ ധരിച്ചാല്‍ വഴുതുകയില്ല എന്ന് തോന്നുന്നുണ്ടോ? രക്ഷയില്ല! കുതിര്‍ന്ന സോപ്പ് പടവുകളില്‍ മുള്ളുപോലെ അടിഭാഗമുള്ള നിങ്ങളുടെ ചെരിപ്പുകള്‍ പുതഞ്ഞുപോകും. കാലുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചെരിപ്പ് ഊരിപ്പോകും. ആകെ വലഞ്ഞതു തന്നെ. മുറുകെപ്പിടിച്ചുകയറാന്‍ ഉറപ്പാര്‍ന്ന കമ്പിവേലി ആവശ്യമായിരിക്കുന്നു.

ജീവിതം ഇങ്ങനെ വഴുതിക്കൊണ്ടേയിരിക്കുന്നു. പിടിച്ചുകയറുവാനൊരു പിടിവള്ളി കിട്ടിയേ തീരൂ. ഈ പിടിവള്ളിയാണ് ഗുരു. ഇവിടെയാണ് സദ് ഗുരു പകര്‍ന്ന് നല്‍കുന്ന ജ്ഞാനത്തിന്റെ പ്രസക്തി. ജീവിതവീഥിയില്‍ വഴുതിപ്പോകാതെ, കാലിടറാതെ ഗുരുവില്‍ നിന്ന് ലഭിക്കുന്ന അറിവ് നമ്മെ താങ്ങി നിര്‍ത്തുന്നു. ശരിയായ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചുകൊണ്ട് ഗുരുകൃപ നമ്മെ പൊതിയുന്നു. ആഴത്തിലുള്ള സ്‌നേഹവും ഭക്തിയും ഉറച്ച വിശ്വാസവും ആര്‍ജ്ജിക്കേണ്ടത് ആവശ്യമാണ്. ആരെങ്കിലും പറഞ്ഞാല്‍ ഇത് മനസ്സിലാവില്ല. സ്വയം അനുഭവിച്ചറിയണം. അവിടേക്കെത്താന്‍ നിരന്തരമായ സാധനയാണ് ഉണ്ടാകേണ്ടത്.

ജ്ഞാനത്തിന്റെയും ധ്യാനത്തിന്റെയും ചിറകിലേറി സത്യലോകത്തിലെ സ്‌നേഹസാമീപ്യമായി മാറാന്‍ നിങ്ങള്‍ക്ക് കഴിയും. ഇത് വെറും വാക്കല്ല. ഓര്‍ക്കുക…നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്ന ഒരാളിവിടെയുണ്ട്. അകലെയെവിടെയുമല്ല. നിങ്ങളൊടൊപ്പം, നിങ്ങളില്‍ നിറയുന്ന സത്യമാണത്. നിങ്ങള്‍ ഇതുവരെ അറിയാത്ത, കേള്‍ക്കാത്ത, കാണാത്ത നിങ്ങളുടെ ഹൃദയത്തിലെ ശാന്തിയും മൗനവും ആനന്ദവും നിറയുന്ന പ്രഭാപൂര്‍ണ്ണവും സുന്ദരവുമായ ഒരിടത്ത് ഞാനുണ്ട്. നിന്നില്‍ നീയായി ഞാനും, എന്നില്‍ ഞാനായി നീയും…അനുഗ്രഹീതന്‍!!!

Comments

comments

Categories: Motivation, Slider