ഓഫീസ് കെട്ടിട വാടക വിപണിയില്‍ ആറ് വര്‍ഷത്തെ ഉയര്‍ന്ന വളര്‍ച്ച

ഓഫീസ് കെട്ടിട വാടക വിപണിയില്‍ ആറ് വര്‍ഷത്തെ ഉയര്‍ന്ന വളര്‍ച്ച

മുംബൈ: കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ഇടപാടുകളുടെ കാര്യത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച സ്വന്തമാക്കി ഇന്ത്യന്‍ ഓഫീസ് പ്രോപ്പര്‍ട്ടി വിപണി. 2018 ന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളിലായി 21 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസാണ് വാടകയ്ക്ക് നല്‍കപ്പെട്ടത്. 13 ശതമാനം വളര്‍ച്ച ഈ വിഭാഗത്തില്‍ ഉണ്ടായെന്ന് അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സേവന മേഖലയിലെ വാടകക്കെടുക്കലുകളാണ് ഈ വളര്‍ച്ചയെ നയിച്ചത്. മൊത്തം ഇടപാടിന്റെ 13 ശതമാനവും കോവര്‍ക്കിംഗ് (ഒരേ ഓഫീസ് സ്‌പേസ് ഷെയര്‍ ചെയ്യുന്ന വിവിധ കമ്പനികളോ, വ്യക്തികളോ) സേവനദാതാക്കളാണ് നടത്തിയത്. അതേസമയം ഓഫീസ് സ്‌പേസ് വാടകയ്‌ക്കെടുക്കുന്നതില്‍ ഐടി അല്ലെങ്കില്‍ ഐടി കേന്ദ്രീകൃത സേവനങ്ങളുടെ പങ്ക് കുറഞ്ഞു.

ഓഫീസ് രംഗം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്ന് നൈറ്റ് ഫ്രാങ്ക് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ശിശിര്‍ ബൈജാല്‍ പറഞ്ഞു. മിക്ക ഇടങ്ങളിലും ഒഴിവുകളില്ലെന്നും വാടക തുക കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഫീസ് കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്ന കാര്യത്തില്‍ ബെംഗളൂരു നഗരമാണ് മുന്നിട്ടു നില്‍ക്കുന്നത്. മുന്‍വര്‍ഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ബെംഗളൂരുവില്‍ 17 ശതമാനം വളര്‍ച്ചയാണ് കെട്ടിടങ്ങളുടെ വാടകയുടെ കാര്യത്തിലുണ്ടായത്. ഇതേ കാലയളവില്‍ പൂനെ നഗരത്തിലെ ഇടപാടുകളില്‍ 118 ശതമാനം വര്‍ധനയുണ്ടായി. അതേസമയം, മുംബൈയില്‍ വാടക കുറയുന്ന സാഹചര്യവുമുണ്ടായി.

പുതിയ ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മാണ പൂര്‍ത്തീകരണം 2018 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 10 ശതമാനം എന്ന ചുരുങ്ങിയ തോതിലായിരുന്നു. ” ഇടപാടുകള്‍ ശക്തമാകുന്ന ഘട്ടത്തില്‍ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിന്റെ തോത് അപര്യാപ്തമാണ്. ഏറ്റവും കുറഞ്ഞ തോതില്‍ ഓഫീസ് സ്‌പേസ് ഒഴിവുള്ള ദക്ഷിണേന്ത്യന്‍ നഗരമാണ് ബെംഗളൂരു,” റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പണപ്പെരുപ്പം ഉയരുന്നതും പലിശ നിരക്ക് വര്‍ധിക്കുന്നതും വിപണിയില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്ന് നൈറ്റ് ഫ്രാങ്ക് പറയുന്നു. കല്ലും മുള്ളും നിറഞ്ഞ പാത തന്നെയാണ് മുമ്പിലുള്ളതെന്ന മുന്നറിയിപ്പുമുണ്ട്.

 

Comments

comments

Categories: Business & Economy, Slider