വടകര മാലിന്യമുക്തം: സീറോ വേസ്റ്റ് പദ്ധതി വിജയത്തിന്റെ പാതയില്‍

വടകര മാലിന്യമുക്തം: സീറോ വേസ്റ്റ് പദ്ധതി വിജയത്തിന്റെ പാതയില്‍

വടകര: വടകര നഗര സഭയില്‍ ഏഴ് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സീറോ വേസ്റ്റ് പദ്ധതി വിജയ പാതയിലേക്ക്. മറ്റ് പല സ്ഥലങ്ങളില്‍ നിന്നും ഇതിനെക്കുറിച്ച് അന്വേഷിക്കാനായി ആളുകള്‍ എത്തികൊണ്ടിരിക്കുകയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം ഇതുവരെ കാണാത്ത കാല്‍വെയ്പ്പാണ് സീറോ വേസ്റ്റ് പദ്ധതിയിലൂടെ വടകര നഗരസഭ നടത്തിയത്. പ്രതികൂല സാഹചര്യങ്ങള്‍ നിരവധി ഉണ്ടായിട്ടും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വടകരയിലെ പ്രദേശങ്ങളില്‍ സീറോ വേസ്റ്റ് പദ്ധതി വളരെ വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ വിജയം കണ്ട ചോറോട്, വില്ല്യാപ്പള്ളി, അരിക്കുളം, നീലേശ്വരം തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നും പദ്ധതിയെക്കുറിച്ച് പഠിക്കാനായി അധികൃതര്‍ വടകരയിലേക്ക് എത്തിയിട്ടുണ്ട്.

കുടുംബശ്രീ മിഷന്റെ സംസ്ഥാന എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ നേരിട്ട് വടകരയില്‍ എത്തി സീറോ വേസ്റ്റ് പദ്ധതിയെക്കുറിച്ച് പഠിക്കും. വടകര നഗരസഭയിലെ 47 വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുത്ത വനിതാകൂട്ടായ്മയാണ് പദ്ധതിയുടെ നട്ടെല്ല്. 53 പേരാണ് ഇതുവരെ ഈ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചത്. ഇവരാണ് വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് അവ വേര്‍തിരിച്ച് കയറ്റിയയക്കുന്നത്. ഇതുവരെ 60 ലോഡ് മാലിന്യങ്ങള്‍ കയറ്റി അയച്ചിട്ടുണ്ട്. 13 ലോഡ് കയറ്റിയയക്കാന്‍ ഇരിക്കുകയാണ്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി 50 രൂപ വീതം ഫീസ് ഈടാക്കുന്നുണ്ട്. ഈ കിട്ടുന്ന ഫീസ് മാത്രമാണ് ഇവരുടെ വരുമാനം.

അജൈവ മാലിന്യം വെറുതെ കയറ്റി അയക്കുകയല്ല നഗരസഭ ചെയ്യുന്നത്, മറിച്ച് പുനരുപയോഗത്തിന് സാധ്യതയുള്ള എല്ലാ സാധനങ്ങളുടെയും ക്വട്ടേഷന്‍ ക്ഷണിച്ച് കൊണ്ടാണ് കയറ്റിയയക്കുന്നത്. ഇതിലൂടെ നഗരസഭ ഇതുവരെ നേടിയ വരുമാനം 372863 രൂപയാണ്. ഇലക്ടോണിക് മാലിന്യങ്ങള്‍ റിപ്പയര്‍ ചെയ്ത് ഉപയോഗപ്രദമാക്കുന്ന പദ്ധതിയും ഉണ്ട്. വടകര മോഡല്‍ പോളിടെക്‌നിക് അധ്യാപകരും കുട്ടികളും ചേര്‍ന്നാണ് റിപ്പയര്‍ നടത്തുന്നത്.

പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ എല്ലാവിധ ആഘോഷ പരിപാടികള്‍ക്കും സീറോ വേസ്റ്റിന്റെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിപാടികളില്‍ പ്ലാസ്റ്റിക്, പേപ്പര്‍ ഗ്ലാസുകള്‍ തുടങ്ങി ഒന്നും പാടില്ല.

 

Comments

comments

Categories: FK News, Motivation, Slider