കരിയര്‍ ആശങ്ക വേണ്ട, സഹായിക്കാന്‍ ഞങ്ങള്‍ റെഡി

കരിയര്‍ ആശങ്ക വേണ്ട, സഹായിക്കാന്‍ ഞങ്ങള്‍ റെഡി

 

എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞ് ഇനി എന്ത് പഠിക്കണമെന്ന് ആശങ്കപ്പെടുന്ന വിദ്യാര്‍ത്ഥികളെയാണ് വി ലീഡ് എഡ്യുവെഞ്ച്വേഴ്‌സ് വികസിപ്പിച്ച എല്‍കാറ്റ് അഭിരുചി പരീക്ഷ പ്രധാനമായും ലക്ഷ്യമിടുന്നത്

വിദ്യാഭ്യാസ മേഖലയില്‍ ഒട്ടുമിക്കരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് തുടര്‍പഠനം എന്ത്, എവിടെ, എങ്ങനെ വേണമെന്നത്. പല വിദ്യാര്‍ത്ഥികളും ആരുടെയൊക്കെയോ പ്രേരണയ്ക്കും നിര്‍ബന്ധത്തിനും വഴങ്ങി വിവിധ കരിയര്‍ മേഖലകളിലേക്കു കടന്നുചെല്ലുകയാണ് പതിവ്. 90 ശതമാനം കുട്ടികളുടെയും അവസ്ഥ ഇപ്രകാരംതന്നെ. ഹയര്‍ സെക്കന്ററി പഠനം കഴിഞ്ഞതിനു ശേഷം എന്‍ജിനീയറിംഗ് അല്ലെങ്കില്‍ മെഡിസിന്‍ എന്നൊരു ഓപ്ഷന്‍ മാത്രമാണ് പല രക്ഷിതാക്കളും കുട്ടികള്‍ക്ക് മുന്നിലേക്ക് നല്‍കുന്നത്. വളരെക്കാലമായി കണ്ടും കേട്ടും മടുത്ത അതേ പല്ലവികള്‍ ഇന്നും ആവര്‍ത്തിക്കപ്പെടുന്നു. ഇത്തരം ആശങ്കകള്‍ക്കൊരു പരിഹാരം എന്ന നിലയിലാണ് കരിയര്‍ ഗൈഡന്‍സ് രംഗത്തേക്കുള്ള വി ലീഡ് എഡ്യുവെഞ്ച്വേഴ്‌സിന്റെ കടന്നു വരവ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭം അവര്‍ വികസിപ്പിച്ചെടുത്ത പ്രത്യേക ടെസ്റ്റിലൂടെയാണ് വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യം മനസിലാക്കി അനുയോജ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.

കരിയര്‍ മാര്‍ഗദര്‍ശിയുടെ തുടക്കം

ഐഐടി ഖരക്പൂര്‍ പൂര്‍വ വിദ്യാര്‍ത്ഥികളാണ് ഈ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ കൂടുതലാളുകളും. മുഹമ്മദ് അമ്മച്ചാണ്ടി, നൗഫല്‍ അലി, മുഹമ്മദ് സാലിഹ്, ദലീഫ് റഹ്മാന്‍, വി പി റസല്‍, മുനവ്വര്‍ ഫൈറൂസ്, സാജിദ് മുഹമ്മദ്, മുഹമ്മദ് റിയാസ്, ജസല്‍ എന്നിവരാണ് വി ലീഡ് എഡ്യുവെഞ്ച്വേഴ്‌സ് സാരഥികള്‍. ഐഐടിയില്‍ പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ തുടങ്ങിയ ഒരു സോഷ്യല്‍ ഇനീഷ്യേറ്റീവ് ആണ് ഈ ഒരു സംരംഭത്തിലേക്ക് ഈ ചെറുപ്പക്കാരെ വഴി തിരിച്ചത്. ”കോളെജിന് അടുത്തുള്ള ഒരു പ്രദേശത്തെ സാമൂഹിക ചുറ്റുപാട് അല്‍പ്പം താഴ്ന്ന നിലവാരത്തിലുള്ളതായിരുന്നു. ആധുനിക രീതിയിലുള്ള യാതൊരു വികസനത്തിലേക്കും അവിടെയുള്ളവര്‍ എത്തിയിരുന്നില്ല. ഒരു സാമൂഹിക ഇടപെടല്‍ എന്നോണം ആ പ്രദേശത്തുകാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുക, വികസനം എല്ലായിടത്തും തുല്യമായി എത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ അന്നത്തെ ലക്ഷ്യം,” വി ലീഡ് എഡ്യുവെഞ്ച്വേഴ്‌സ് ചെയര്‍മാനും സിഇഒയുമായ മുഹമ്മദ് അമ്മച്ചാണ്ടി പറഞ്ഞു. പിന്നീട് ഈ ആശയം ഒരു സംരംഭമായി പരിണമിക്കുകയായിരുന്നു. സംരംഭം എന്നതിനപ്പുറം ഒരു സാമൂഹിക പ്രവര്‍ത്തനമായാണ് വി ലീഡിന്റെ പ്രവര്‍ത്തനങ്ങളെ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഏതെങ്കിലും ഒരു ടെസ്റ്റിലൂടെ വിദ്യാര്‍ത്ഥികളുടെ കരിയറോ ഭാവിയോ പ്രവചിക്കുക അസാധ്യം. അത് ഓരോ ആളിന്റെയും കഴിവുകള്‍ക്ക് അനുസൃതമാണ്. എന്നാല്‍ അവര്‍ പോലും തിരിച്ചറിയാത്ത അവരുടെ പല കഴിവുകളും മനസിലാക്കി കൊടുക്കാന്‍ വി ലീഡ് എഡ്യുവെഞ്ച്വേഴ്‌സ് വികസിപ്പിച്ച എല്‍കാറ്റ് ടെസ്റ്റിലൂടെ സാധിച്ചേക്കാം

മുഹമ്മദ് അമ്മച്ചാണ്ടി ചെയര്‍മാന്‍ & സിഇഒ വി ലീഡ് എഡ്യുവെഞ്ച്വേഴ്‌സ്

നിലവിലെ അഭിരുചി പരീക്ഷകള്‍ പ്രയോജനകരമല്ല

വ്യക്തിത്വം, താല്‍പ്പര്യം, മനോഭാവം എന്നീ മൂന്നു കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ചെയ്യാന്‍ കഴിയുന്ന വിവിധ കോഴ്‌സുകളെക്കുറിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് വി ലീഡ് എഡ്യുവെഞ്ച്വേഴ്‌സ് ചെയ്യുന്നത്. സാധാരണയായി കണ്ടുവരുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസുകളില്‍ നിന്നും വിവിധ പദ്ധതികളില്‍ നിന്നും വേറിട്ട വഴികളാണ് ഈ ടീം കൈക്കൊള്ളുന്നത്. ”നിലവില്‍ കരിയര്‍ ഗൈഡന്‍സുകളുടെ ഭാഗമായി നിരവധി അഭിരുചി പരീക്ഷകളും മറ്റും നടക്കാറുണ്ട്. എന്നാല്‍ അവയൊന്നും നമ്മുടെ കുട്ടികളില്‍ പ്രയോജനമുണ്ടാക്കുന്നില്ല. വിദേശ രാജ്യങ്ങളില്‍ വികസിപ്പിച്ചെടുത്ത പല പരീക്ഷകളുമാണ് ഇവിടുത്തെ കുട്ടികളില്‍ പ്രയോഗിക്കുന്നത്. ഇതുവഴി ശരിയായ വിധത്തില്‍ കുട്ടികളെ മനസിലാക്കി എടുക്കാന്‍ കഴിയില്ല,” മുഹമ്മദ് പറയുന്നു. കഴിഞ്ഞ കുറേ നാളുകളായി മേഖലയില്‍ നിലനിന്നു പോരുന്ന രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് വി ലീഡ് എഡ്യുവെഞ്ച്വേഴ്‌സ് വികസിപ്പിച്ചെടുത്ത ലീഡ് കരിയര്‍ അസസ്‌മെന്റ് ടെസ്റ്റ് (LCAT) .

മനശാസ്ത്രജ്ഞര്‍, വിവിധ സര്‍വകലാശാലകളിലെ ഗവേഷകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്‍കാറ്റ് മെഷിന്‍ ലേണിംഗ് സംവിധാനം വികസിപ്പിച്ചെടുത്തത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ടെസ്റ്റിന് ഇംഗ്ലീഷോ മലയാളം ഭാഷയോ തെരഞ്ഞെടുക്കാവുന്നതാണ്. മറ്റ് ഭാഷകളിലേക്കും വ്യാപിപ്പിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തിക്കാനും പദ്ധതിയിടുന്നതായി ടീം ചൂണ്ടിക്കാട്ടുന്നുണ്ട്. ഡെസ്‌ക് ടോപ്, ലാപ്‌ടോപ്, ടാബ് തുടങ്ങിയ സംവിധാനങ്ങളിലൂടെയെല്ലാം ഈ ഓണ്‍ലൈന്‍ ടെസ്റ്റ് നടത്താനാകും.

എസ്എസ്എല്‍സി, പ്ലസ്ടുവിനു ശേഷം എന്ത് പഠിക്കണം

എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞ് ഇനി എന്ത് പഠിക്കണമെന്ന് ചിന്തിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് എല്‍കാറ്റ് അഭിരുചി പരീക്ഷ പ്രധാനമായും ലക്ഷ്യമിടുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ വ്യക്തിത്വം, താല്‍പ്പര്യം, മനോഭാവം എന്നിവ മുന്‍നിര്‍ത്തിയാണ് എല്‍കാറ്റ് ടെസ്റ്റ് നടക്കുന്നത്. ടെസ്റ്റിന് ശേഷം ലഭിക്കുന്ന 50ല്‍ അധികം പേജുകളുള്ള വിശദമായ എല്‍ കാറ്റ് റിപ്പോര്‍ട്ടിലൂടെ വിദ്യാര്‍ത്ഥികളുടെ ശരിയായ താല്‍പ്പര്യം എന്താണെന്ന് മനസിലാക്കാന്‍ സാധിക്കും. മറ്റ് പല സ്ഥാപനങ്ങളും കരിയര്‍ ഗൈഡന്‍സ് എന്ന പേരില്‍ അഭിരുചി പരീക്ഷകള്‍ക്കായി വന്‍ ഫീസുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുമ്പോള്‍ വി ലീഡ് എഡ്യുവെഞ്ച്വേഴ്‌സ് ഈ സേവനം നല്‍കുന്നത് വളരെ കുറഞ്ഞ ഫീസ് ഈടാക്കിയാണെന്നതും സംരംഭത്തിന്റെ പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിക്കാവുന്നതാണ്.

” നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ പാടെ മാറ്റി മറിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഞങ്ങളുടെ പ്രവര്‍ത്തനം. മറിച്ച് ഇന്ത്യയിലെ നിലവാരമുളള വിദ്യാഭ്യാസം എല്ലാ ആളുകളിലേക്കും ഒരുപോലെ എത്തണമെന്ന താല്‍പ്പര്യം മാത്രമാണുള്ളത്, മുഹമ്മദ് പറയുന്നു. എജുക്കേഷണല്‍ ഇന്റലിജന്‍സ്, കരിയര്‍ ഡെവലപ്‌മെന്റ്, ക്വാളിറ്റി അസസ്‌മെന്റ്, ടെക്‌നിക്കല്‍ ലേണിംഗ്, സ്ട്രാറ്റജിക് എക്‌സിക്യൂഷന്‍ എന്നിവയാണ് വി ലീഡ് എഡ്യുവെഞ്ച്വേഴ്‌സിന്റെ പ്രവര്‍ത്തന മേഖലകള്‍.

Comments

comments

Categories: Education