യുഎസ് നികുതി നിരക്ക് ഇന്ത്യന്‍ ചെമ്മീന്‍ കയറ്റുമതിയെ ബാധിക്കില്ല: ഐക്ര

യുഎസ് നികുതി നിരക്ക് ഇന്ത്യന്‍ ചെമ്മീന്‍ കയറ്റുമതിയെ ബാധിക്കില്ല: ഐക്ര

 

യുഎസ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ചെമ്മീന്‍ കയറ്റുമതിയുടെ രണ്ടാമത്തെ വലിയ വിപണി വിയറ്റ്‌നാമാണ്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ചെമ്മീനിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച യുഎസ് നടപടി കാര്യമായ പ്രത്യാഘാതം ഉണ്ടാക്കില്ലെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്ര. ഇന്ത്യയില്‍ നിന്നുള്ള ചെമ്മീനിന്റെ ശരാശരി ആന്റി ഡംപിംഗ് നികുതി 0.84 ശതമാനത്തില്‍ നിന്ന് 1.35 ശതമാനമാക്കി ഉയര്‍ത്തുമെന്ന് യുഎസ് വാണിജ്യ വകുപ്പ് തങ്ങളുടെ അന്തിമ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 16ന് പ്രഖ്യാപിച്ചുരുന്നു. എന്നാല്‍ മാര്‍ച്ചിലെ പ്രാഥമിക പ്രഖ്യാപനത്തില്‍ പരിഗണനയിലുണ്ടായിരുന്ന 2.34 ശതമാനത്തേക്കാള്‍ കുറവാണിത്.

2017ല്‍ യുഎസിലേക്ക് ശീതീകരിച്ച ചെമ്മീന്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത രാജ്യം ഇന്ത്യയാണ്. 32 ശതമാനമായിരുന്നു ഇന്ത്യയുടെ സംഭാവന. തായ്‌ലന്‍ഡ് പോലുള്ള ദക്ഷിണേഷ്യന്‍ ഉല്‍പ്പാദകരുടെ മത്സ്യ കൃഷിയില്‍ രോഗങ്ങള്‍ മൂലം ഇടിവ് നേരിട്ടതാണ് ഇന്ത്യക്ക് കൂടുതല്‍ നേട്ടമായത്. ആന്റി ഡമ്പിംഗ് ഡ്യൂട്ടിയിലെ വര്‍ധനമൂലം ഇന്ത്യയില്‍ നിന്നും യുഎസിലേക്കുള്ള ചെമ്മീന്‍ കയറ്റുമതിയുടെ അളവില്‍ പ്രത്യാഘാതങ്ങളൊന്നും പ്രത്യക്ഷത്തില്‍ കാണുന്നില്ലെന്നാണ് ഐക്ര വൈസ് പ്രസിഡന്റും സെക്റ്റര്‍ മേധാവിയുമായ പവെത്ര പൊന്നിയ പറയുന്നത്.
ശീതീകരിച്ച ഇന്ത്യന്‍ ചെമ്മീനുകള്‍ക്ക് 2004ലാണ് യുഎസ് ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിയത്. തങ്ങളുടെ ചെമ്മീന്‍ കൃഷ്ടിക്ക് ഇവ ദോഷമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുഎസിന്റെ നടപടി. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് കൃത്രിമമായി വില കുറച്ച് ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നതു മൂലം ആഭ്യന്തര വില്‍പ്പന താഴ്ന്നുവെന്നും, യുഎസ് തൊഴിലുകള്‍ ഇല്ലാതായെന്നും ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ആന്റി ഡംപിംഗ് ഡ്യൂട്ടി നിലവില്‍ വന്നതാടെ യുഎസിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 228ല്‍ നിന്ന് 75നു താഴെയെത്തി.

2014 മുതല്‍ 2018 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ചെമ്മീന്‍ കയറ്റുമതി ഏകദേശം 20 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിച്ചിട്ടുണ്ടെന്ന് ഐക്ര റിപ്പോര്‍ട്ട് വിലയിരുത്തുന്നു. യുഎസ്, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചതാണ് ഈ വളര്‍ച്ചയുടെ പ്രധാന കാരണം. യുഎസ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ചെമ്മീന്‍ കയറ്റുമതിയുടെ രണ്ടാമത്തെ വലിയ വിപണി വിയറ്റ്‌നാമാണ്. ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ളത് ശീതീകരിച്ച ചെമ്മീനാണ്.

Comments

comments

Categories: Business & Economy