വിസ്താര വിപുലീകരണ കമ്മിറ്റിയില്‍ ടാറ്റാ ട്രസ്റ്റ് ഡയറക്റ്ററും

വിസ്താര വിപുലീകരണ കമ്മിറ്റിയില്‍ ടാറ്റാ ട്രസ്റ്റ് ഡയറക്റ്ററും

ടാറ്റാ ട്രസ്റ്റിന്റെ നോമിനീ ഡയറക്റ്ററായ അമിത് ചന്ദ്രയെയാണ് കമ്മറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തത്; സൈറസ് മിസ്ത്രിയുടെ നിലപാടുകള്‍ തിരുത്തുന്നതാണ് നടപടി

മുംബൈ: സിംഗപ്പൂര്‍ എയര്‍ലൈനുമായുള്ള സംയുക്ത സരംഭമായ വിസ്താര എയര്‍ലൈന്‍സിന്റെ വിപുലീകരണ പുനരവലോക കമ്മിറ്റിയിലേക്ക് ടാറ്റാ ട്രസ്റ്റിന്റെ നോമിനീ ഡയറക്റ്ററായ അമിത് ചന്ദ്രയെ ടാറ്റാ സണ്‍സ് ഉള്‍പ്പെടുത്തി. മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ നയങ്ങളാണ് ടാറ്റ തിരുത്തിയത്. പ്രധാനപ്പെട്ട വ്യവസായ തീരുമാനങ്ങളെടുക്കുമ്പോള്‍ ഭൂരിഭാഗ ഓഹരി ഉടമകളെ ഒഴിവാക്കുമായിരുന്ന മിസ്ത്രിയുടെ നടപടികള്‍ വിവാദമായിരുന്നു.

ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ഗ്രൂപ്പ് സിഎഫ്ഒ സൗരഭ് അഗര്‍വാള്‍ എന്നിവരുള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കുന്നതിനും ടാറ്റാ സിയ എയര്‍ലൈന്‍സില്‍ നിക്ഷേപം നടത്തുന്നതിനുള്ള നിര്‍ദ്ദേശം അവലോകനം ചെയ്യാനും അവസരമൊരുക്കുന്ന പ്രമേയം മേയ് 18 ന് ടാറ്റ ട്രസ്റ്റ് ബോര്‍ഡ് പാസാക്കിയിരുന്നു. ടാറ്റാ സണ്‍സിന്റെ 66 ശതമാനം ഓഹരികളാണ് ടാറ്റാ ട്രസ്റ്റിന്റെ കൈവശമുള്ളത്. ബാക്കി വരുന്ന 18.4 ശതമാനം ഓഹരികളുടെ പങ്കാളിത്തം മിസ്ത്രിയുടെ കുടുംബ സംരംഭത്തിനാണ്. ടാറ്റാ സണ്‍സിന്റെ ബോര്‍ഡില്‍, ടാറ്റാ ട്രസ്റ്റില്‍ നിന്നുള്ള നോമിനിയാണ് അമിത് ചന്ദ്ര. ബെയിന്‍ കാപിറ്റലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ കൂടിയായ അദ്ദേഹം കമ്പനിയുടെ ഏഷ്യയിലെ നേതൃ സംഘത്തിന്റെ ഭാഗം കൂടിയാണ്.

ടാറ്റാ സണ്‍സിന്റെ 51 ശതമാനവും സിഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ 49 ശതമാനവും ഓഹരി പങ്കാളിത്തമുള്ള വിസ്താര എയര്‍ലൈന്‍ ദീര്‍ഘദൂര അന്താരാഷ്ട്ര റൂട്ട് ആരംഭിക്കുന്നതിനുള്ള പദ്ധതിയിലാണ്. ഇതിന്റെ ഭാഗമായി 19 ചെറുതും വലുതുമായ വിമാനങ്ങള്‍ക്കായി എയര്‍ബസ്, ബോയിംഗ് കമ്പനികളുമായി പ്രാഥമിക ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്. 3.1 ബില്യണ്‍ ഡോളര്‍ വരുന്ന ഇടപാടുകളാണിത്. രാജ്യത്തെ എല്ലാ മേഖലകളിലും സര്‍വീസ് നടത്തുന്ന മൂന്ന് കാരിയറുകളിലൊന്നായ വിസ്താര, പ്രീമിയം ഇക്കണോമി ക്ലാസ് ഉള്ള ഏക പ്രാദേശിക എയര്‍ലൈനാണ്.

 

Comments

comments

Categories: Business & Economy
Tags: Visthara