10,161 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ടാറ്റ സണ്‍സ് അനുമതി നല്‍കി

10,161 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ടാറ്റ സണ്‍സ് അനുമതി നല്‍കി

ടിസിഎസിന്റെ ഓഹരി തിരികെ വാങ്ങല്‍ പ്രക്രിയയില്‍ നിന്നും മികച്ച ഒരു തുക നേടാനാകുമെന്നാണ് ടാറ്റ സണ്‍സ് പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: ധനകാര്യം, ഇന്‍ഷുറന്‍സ്, പ്രതിരോധം, റിയല്‍റ്റി, റീട്ടെയ്ല്‍ തുടങ്ങിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് 10,161 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള പദ്ധതിക്ക് ടാറ്റ സണ്‍സ് അനുമതി നല്‍കി. ടാറ്റ ഗ്രൂപ്പിന്റെ ഭാവി വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ നടത്തുന്ന ആക്രമണോത്സുക ശ്രമങ്ങളുടെ ഭാഗമാണ് ഈ നിക്ഷേപ പദ്ധതി. ഉയര്‍ന്ന വളര്‍ച്ച നേടാനാകുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളിലും കമ്പനികളിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് ലാഭകരമല്ലാത്തതും ഭാവിയില്‍ വളര്‍ച്ചാ സാധ്യതയില്ലാത്തതുമായ ബിസിനസുകള്‍ കുറയ്ക്കാനാണ് എന്‍ ചന്ദ്രശേഖരന്‍ ശ്രമിക്കുന്നത്.

ടാറ്റ അഡ്വാന്‍സ് സിസ്റ്റംസില്‍ 1,800 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ 1,750 കോടി രൂപയും ടാറ്റ കാപിറ്റലില്‍ 2,500 കോടി രൂപയും ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സില്‍ 260 കോടി രൂപയും കമ്പനി നിക്ഷേപിക്കും. ഇന്‍ഫിനിറ്റി റീട്ടെയ്‌ലില്‍ 250 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അനുബന്ധ കമ്പനിയായ പാനടോണ്‍ ഫിന്‍വെസ്റ്റില്‍ 2,001 കോടി രൂപയുടെയും നിക്ഷേപം നടത്തും. ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏറ്റെടുക്കുന്നതിനുള്ള 1,600 കോടി രൂപ കൂടി ഉള്‍പ്പെടുത്തിയാണ് നിക്ഷേപ ബജറ്റ് കണക്കാക്കിയിട്ടുള്ളത്.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആരംഭിച്ച 16,000 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങല്‍ പ്രക്രിയയില്‍ നിന്നും മികച്ച ഒരു തുക നേടാനാകുമെന്നാണ് ടാറ്റ സണ്‍സ് പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിനുകീഴിലുള്ള പ്രധാന ബിസിനസ് മേഖലകളെ മുന്നോട്ടുനയിക്കുന്നതിനായിരിക്കും ഈ പണം വിനിയോഗിക്കുക. കഴിഞ്ഞ വര്‍ഷം ടിസിഎസിന്റെ ഓഹരി തിരികെ വാങ്ങലില്‍ ടാറ്റ സണ്‍സ് 10,000 കോടി രൂപയുടെ നേട്ടമുണ്ടാക്കിയിരുന്നു.

ടാറ്റ ഗ്രൂപ്പ് പ്രതിസന്ധി അഭിമുഖീകരിച്ചിരുന്ന സമയത്താണ് എന്‍ ചന്ദ്രശേഖരന്‍ കമ്പനിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നത്. 2017 ജനുവരിയിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. നഷ്ടം നേരിടുന്ന ടാറ്റ യൂണിറ്റുകളെ പുനരുജ്ജീവിപ്പിക്കുക, വളര്‍ച്ചയിലുള്ള ബിസിനസുകള്‍ക്ക് മതിയായ മൂലധനം ഉറപ്പുവരുത്തുക എന്നിവയാണ് ചന്ദ്രശേഖരന്‍ നേരിട്ട വെല്ലുവിളികള്‍. ചുമതലയേറ്റ ആദ്യ വര്‍ഷം തന്നെ ഗ്രൂപ്പിന്റെ ഉയര്‍ന്ന ശേഷി ഉപയോഗപ്പെടുത്താനും മൂലധന അനുപാതം ശക്തിപ്പെടുത്താനുമാണ് അദ്ദേഹം ശ്രമിച്ചത്. ടാറ്റ മൊബീല്‍ ടെലിഫോണി ബിസിനസ് ഭാരതി എയര്‍ടെലിന് വില്‍പ്പന നടത്തി, ടാറ്റ സ്റ്റീലിന്റെ യൂറോപ്യന്‍ ബിസിനസിനുവേണ്ടി തൈസ്സന്‍ക്രുപ്പുമായി ഒരു ജോയിന്റ് വെഞ്ച്വര്‍ രൂപീകരിച്ചു, വ്യോമയാനം- പ്രതിരോധം-ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗങ്ങളില്‍ സാമ്പത്തികം കണ്ടെത്തുന്നതിന് ഒരു ക്ലസ്റ്റര്‍ രൂപീകരിച്ചു തുടങ്ങിയ കാര്യങ്ങളാണ് ചുമതലയേറ്റയുടന്‍ ചന്ദ്രശേഖര്‍ ചെയ്തത്. അനിശ്ചിതത്വവും മാന്ദ്യവും നേരിടുന്ന ആഗോള വിപണികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം ടാറ്റ ഗ്രൂപ്പ് ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നാണ് എന്‍ ചന്ദ്രശേഖരന്‍ ആഗ്രഹിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: TCS