ലണ്ടന്‍ നഗരത്തെ കോരിത്തരിപ്പിച്ച് പഗാനി സോണ്ട എച്ച്പി ബാര്‍ക്കെറ്റ

ലണ്ടന്‍ നഗരത്തെ കോരിത്തരിപ്പിച്ച് പഗാനി സോണ്ട എച്ച്പി ബാര്‍ക്കെറ്റ

25 മത് സ്പീഡ് ഫെസ്റ്റിവല്‍ നടക്കുന്ന ഗുഡ്‌വുഡിലേക്കായിരുന്നു കാറുകളുടെ ആഡംബര യാത്ര

സസിക്‌സ് (ഇംഗ്ലണ്ട്) : ഇറ്റാലിയന്‍ കമ്പനിയായ പഗാനിയുടെ സ്‌പോര്‍ട്‌സ് കാറുകള്‍ കഴിഞ്ഞയാഴ്ച്ച ലണ്ടന്‍ വെസ്റ്റ് എന്‍ഡിനെയും വെസ്റ്റ് സസിക്‌സിനെയും അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചു. 35 മില്യണ്‍ പൗണ്ട് (316 കോടി ഇന്ത്യന്‍ രൂപ) വില വരുന്ന എട്ട് പഗാനി സോണ്ട കാറുകളും രണ്ട് പഗാനി വായിറ ഹൈപ്പര്‍കാറുകളുമാണ് ഈ നഗരങ്ങളെ കോരിത്തരിപ്പിച്ചത്. കണ്ടവരെല്ലാം കാറുകള്‍ക്ക് ചുറ്റുംകൂടി.

പഗാനിയുടെ യുകെയിലെ നോര്‍ത്ത് ലണ്ടന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്ന് 25 മത് സ്പീഡ് ഫെസ്റ്റിവല്‍ നടക്കുന്ന ഗുഡ്‌വുഡിലേക്കായിരുന്നു കാറുകളുടെ ആഡംബര യാത്ര. പഗാനിയെന്ന ഇറ്റാലിയന്‍ ഹൈപ്പര്‍കാര്‍ കമ്പനി സ്ഥാപകന്‍ ഹൊറാസിയോ പഗാനിയുടെ സോണ്ട എച്ച്പി ബാര്‍ക്കെറ്റയെന്ന ലോകത്തെ ഏറ്റവും വിലയേറിയ കാറായിരുന്നു വാഹനവ്യൂഹത്തിന്റെ ഏറ്റവും മുന്നില്‍. 15 മില്യണ്‍ യൂറോ (121 കോടി ഇന്ത്യന്‍ രൂപ) വില വരുന്ന സോണ്ട എച്ച്പി ബാര്‍ക്കെറ്റയുടെ ആകെ മൂന്ന് എണ്ണം മാത്രമാണ് നിര്‍മ്മിക്കുന്നത്. ഹൊറാസിയോ പഗാനിയുടെ സ്വന്തം കാറാണ് ഗുഡ്‌വുഡ് ലക്ഷ്യമാക്കി നീങ്ങിയിരുന്നത്. ഓപ്പണ്‍ ടോപ്പ് മോഡലിന്റെ മറ്റ് രണ്ട് എണ്ണം ഇതിനകം പ്രീ-സോള്‍ഡ് നടത്തി.

15 മില്യണ്‍ യൂറോ (121 കോടി ഇന്ത്യന്‍ രൂപ) വില വരുന്നതാണ് പഗാനി സോണ്ട എച്ച്പി ബാര്‍ക്കെറ്റ

കാറിന് ചുറ്റും ആളുകള്‍ കൂടുകയും പലരും ഹൊറാസിയോ പഗാനിയുടെ ഓട്ടോഗ്രാഫ് വാങ്ങുന്നതും കാണാമായിരുന്നു. പഗാനി കാറുകളോട് ജനങ്ങള്‍ കാണിക്കുന്ന താല്‍പ്പര്യം വലിയ സന്തോഷം പകരുന്നതായി പഗാനി യുകെ ഡീലര്‍ പ്രിന്‍സിപ്പാള്‍ ക്രിസ്റ്റിന്‍ ക്ലാര്‍കിന്‍ പറഞ്ഞു. പഗാനി വായിറ ഹൈപ്പര്‍കാറുകള്‍ 1.86 കിലോമീറ്റര്‍ ഹില്‍ക്ലൈംബ് നടത്തി ഗുഡ്‌വുഡില്‍ ആഗോള അരങ്ങേറ്റം കുറിച്ചു. എഎംജി വി12 എന്‍ജിനാണ് പഗാനി സോണ്ട എച്ച്പി ബാര്‍ക്കെറ്റയ്ക്ക് കരുത്തേകുന്നത്. 789 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ബന്ധിപ്പിച്ചിരിക്കുന്നു. മണിക്കൂറില്‍ 338 കിലോമീറ്ററാണ് ടോപ് സ്പീഡ്.

Comments

comments

Categories: Auto