രാജ്യത്തിന്റെ വിശ്വാസം നേടി രാഹുല്‍ഗാന്ധി

രാജ്യത്തിന്റെ വിശ്വാസം നേടി രാഹുല്‍ഗാന്ധി

പാര്‍ലമെന്റില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയവും അതിന്‍ മേലുള്ള ചര്‍ച്ചകളും നാടകീയ സംഭവങ്ങളാണ് രാജ്യത്തിനു മുന്നില്‍ തുറന്നിട്ടത്. തെരഞ്ഞെടുപ്പ് വര്‍ഷത്തിലെ പ്രചാരണത്തുടക്കമായാണ് പാര്‍ലമെന്റ് സംഭവങ്ങള്‍ വിലയിരുത്തപ്പെട്ടത്. ഇരിപ്പിടത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ അദ്ദേഹത്തെ മയമില്ലാതെ കടന്നാക്രമിച്ചത് പ്രതിപക്ഷ ബെഞ്ചുകളെ ആവേശത്തിലാക്കി. രാഷ്രീയവും അടിസ്ഥാന വസ്തുകളും ഇട കലര്‍ത്തിയുള്ള പ്രധാനമന്ത്രിയുടെ തിരിച്ചടിയും ശ്രദ്ധേയമായിരുന്നു. പ്രതിപക്ഷ ചേരിയില്‍ നിന്ന് രാഹുലിന്റെ പ്രസംഗത്തെ വിലയിരുത്തുകയാണ് ലേഖകന്‍.

 

 

പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രിയെ ആക്രമിച്ച് സംസാരിക്കുന്നതില്‍ ബുദ്ധിപരമായ നീക്കമാണ് രാഹുല്‍ഗാന്ധി നടത്തിയത്. രാഹുലിന്റെ ഏറ്റവും മികച്ച പ്രകടനമാണ് പാര്‍ലമെന്റില്‍ കാണാനായത്. ഒരു മികച്ച പ്രാസംഗികനായി രാഹുല്‍ മാറുന്ന കാഴ്ചയാണ് നാം കണ്ടത്. കുറിക്ക് കൊള്ളുന്ന വാക്ശരങ്ങളുമായി ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച പ്രസംഗമാണ് രാഹുല്‍ കാഴ്ച വെച്ചത്. രാജീവിനെയും ഇന്ദിരയെയും, ഒരു പരിധി വരെ നെഹ്രുവിനെയും കടത്തിവെട്ടുന്ന പ്രകടനമാണ് രാഹുല്‍ നടത്തിയത്.

മികച്ച ശബ്ദക്രമീകരണവും ആംഗ്യങ്ങളും വാക്കുകള്‍ക്കിടയില്‍ കൃത്യമായ വിരാമങ്ങളും ആത്മവിശ്വാസവും ശ്രദ്ധേയമായിരുന്നു. ഒരു പ്രാസംഗികന്‍ എന്ന നിലയില്‍ മോദിയെ അപ്രസക്തനാക്കുക കൂടിയായിരുന്നു രാഹുല്‍ഗാന്ധി. വെണ്ണയില്‍ നല്ല ചൂടുള്ള കത്തി വെയ്ക്കും പോലെയാണ് രാഹുല്‍ഗാന്ധി മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. റാഫേല്‍ ഇടപാടില്‍ 45,000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് സ്ഥാപിക്കാന്‍ രാഹുല്‍ ശ്രമിച്ചു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സിനെ പിന്തള്ളി ഇന്നേ വരെ യുദ്ധവിമാനങ്ങള്‍ ഉണ്ടാക്കിയിട്ടില്ലാത്ത സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചതിലൂടെ അമിത്ഷായുടെ മകനും മോദിയുടെ സുഹൃത്തിനും മാത്രമാണ് നേട്ടമുണ്ടായതെന്നായിരുന്നു ആരോപണം ഉന്നയിച്ചത്.

രാഹുലിന്റെ പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി അദ്ദേഹത്തെ നോക്കാതെ മറ്റു കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നത് പരിഹാസ്യമായി. അവസരം മുതലെടുത്ത രാഹുല്‍ ഇതിനെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമായത് കൊണ്ടാണ് പ്രധാനമന്ത്രി തന്റെ കണ്ണിലേക്ക് നോക്കാന്‍ മടിക്കുന്നത് എന്നായിരുന്നു രാഹുല്‍ തൊടുത്ത പരിഹാസം. ഈ പരിഹാസത്തിന് ശേഷം രാഹുലിന് നേരെ നോക്കാന്‍ മോദി തയാറായി എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇതും മോദിയെ തുണച്ചില്ല. ഇനി തന്റെ കണ്ണിലേക്ക് നോക്കിയിട്ട് കാര്യമില്ലെന്നും മോഡി തന്റെ കണ്ണിലേക്ക് നോക്കാന്‍ മടിച്ചത് ടിവിയിലൂടെ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ കണ്ടു കഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു വച്ചു.

ബഹളത്തെ തുടര്‍ന്ന് അല്‍പനേരം നിര്‍ത്തി വെച്ച ശേഷം വീണ്ടും സഭ തുടങ്ങിയപ്പോഴും രാഹുല്‍ പ്രധാനമന്ത്രിക്ക് നേരെ ആക്രമണം തുടര്‍ന്നു. ഇത്തവണയും മുന്‍കൂട്ടി എഴുതി തയാറാകാത്ത പ്രസംഗമാണ് രാഹുല്‍ നടത്തിയത്. ഇടവേളയില്‍ ഒട്ടേറെ കോണ്‍ഗ്രസ് എംപിമാര്‍ തന്റെ പ്രസംഗത്തെ അഭിനന്ദിച്ചു എന്ന് പറഞ്ഞ രാഹുല്‍ ഒരു പടി കൂടി കടന്നു, ‘എന്നാല്‍ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് മോദിയെയും ഷായെയും തുറന്നു കാട്ടിയുള്ള പ്രസംഗത്തെ കുറിച്ച് ചില ബിജെപി എംപിമാര്‍ അഭിനന്ദനമറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നതിലാണ്’ എന്ന പരാമര്‍ശവും പ്രതിപക്ഷത്തിന് ആവേശം പകര്‍ന്നു.

സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയും രാഹുല്‍ വാക്ശരങ്ങള്‍ തൊടുത്തു. സ്ത്രീകള്‍ ഇത്രയും അരക്ഷിതാവസ്ഥയില്‍ ആയ കാലഘട്ടം സ്വതന്ത്ര ഇന്ത്യയില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്ന് കുറ്റപ്പെടുത്തി. കര്‍ഷകരോടുള്ള അവഗണനക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. വന്‍കിട മുതലാളിമാരുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളുമ്പോള്‍ പാവപ്പെട്ട കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ക്രൂരമായ അലംഭാവം കാണിക്കുകയാണ്. ബാങ്കുകളെ കബളിപ്പിച്ച് പണവുമായി മുങ്ങുന്ന മാഫിയകള്‍ക്ക് എല്ലാ സഹായവും നല്‍കുന്ന മോഡി സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരെ കണ്ടതായി പോലും നടിക്കുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു.

സംഭാഷണത്തിനൊടുവില്‍ ഇരിപ്പിടം വിട്ടെണീറ്റ രാഹുല്‍ പ്രധാനമന്ത്രിയുടെ സീറ്റിനടുത്ത് ചെന്ന് അദ്ദേഹത്തെ ആശ്ലേഷിച്ച ശേഷം പറഞ്ഞു, ഇതാണ് കോണ്‍ഗ്രസ്, ഇതാണ് കോണ്‍ഗ്രസ് പാരമ്പര്യം. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ആദരവിന്റെയും കോണ്‍ഗ്രസ് സംസ്‌കാരമാണ് രാഹുല്‍ രാജ്യത്തെ ഓര്‍മ്മപ്പെടുത്തിയത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമല്ല കോണ്‍ഗ്രസിന്റേത് എന്ന് തെളിയിക്കുന്നതായിരുന്നു രാഹുലിന്റെ ആശ്ലേഷം. ഇത് തെല്ലൊന്നുമല്ല ഭരണപക്ഷത്തെ അമ്പരപ്പിച്ചത്. പരാജയം മണത്ത ഒരു പോരാളിയെ പോലെ സ്തബ്ധനായിരിക്കാന്‍ മാത്രമേ നരേന്ദ്ര മോദിക്ക് ആ സന്ദര്‍ഭത്തില്‍ കഴിഞ്ഞുള്ളു.

സമ്മതിച്ചു, രാഹുല്‍ഗാന്ധി. താങ്കളെ ആദരിക്കുന്നു, ബഹുമാനിക്കുന്നു.

(മുന്‍ യുഎന്‍, ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider
Tags: Rahul Gandhi

Related Articles