ദുബായ് ഏറ്റവും ചെലവേറിയ അഞ്ചാമത്തെ നഗരം

ദുബായ് ഏറ്റവും ചെലവേറിയ അഞ്ചാമത്തെ നഗരം

ദുബായ് നഗരത്തിന്റെ വമ്പന്‍ ടൂറിസം സാധ്യതകളാണ് നഗരത്തെ ചെലവേറിയതാക്കുന്നത്

ദുബായ്: എയര്‍ ബിഎന്‍ബിയുടെ ചെലവേറിയ നഗരങ്ങളുടെ പുതിയ ആഗോള സൂചികയില്‍ ദുബായുടെ സ്ഥാനം അഞ്ച്. ഉയര്‍ന്ന ഹോട്ടല്‍, അപ്പാര്‍ട്ട്‌മെന്റ് ചെലവുകളും മികച്ച ടൂറിസം സാധ്യതകളുമാണ് ദുബായ് നഗരത്തെ ‘മോസ്റ്റ് എക്‌സ്‌പെന്‍സീവ്’ പട്ടികയില്‍ പെടുത്തിയത്. റിയാദ്, കുവൈറ്റ് സിറ്റി തുടങ്ങിയ നഗരങ്ങളിലും ജീവിക്കാന്‍ ചെലവേറും.

ചെലവേറിയ നഗരങ്ങളുടെ പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയിരിക്കുന്നത് മിയാമിയും ബോസ്റ്റണുമാണ്. ഇവിടുത്തെ പ്രതിദിന ചെലവ് വളരെയധികം കൂടുതലാണ്. ഒരു രാത്രിക്ക് എയര്‍ബിഎന്‍ബി ഉടമകള്‍ ബോസ്റ്റണില്‍ ഈടാക്കുന്ന നിരക്ക് 2015 ഡോളറോളം വരും. മിയാമിയില്‍ ഇത് 195 ഡോളറാണ്.

ബ്ലൂംബര്‍ഗ് സൂചിക പ്രകാരം ദുബായിലെ വാടകനിരക്ക് 185 ഡോളര്‍ എന്ന തലത്തിലാണ്. ഏകദേശം 3,249 എയര്‍ ബിഎന്‍ബി യൂണിറ്റുകള്‍ ദുബായിലുണ്ടെന്നാണ് കണക്ക്. 2016ല്‍ വിപുലീകരണത്തിന്റെ ഭാഗമായി എയര്‍ബിഎന്‍ബി ദുബായ് ടൂറിസവുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. പുതിയ കരാറില്‍ ഒപ്പിട്ടതിന് ശേഷം മികച്ച രീതിയില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് എയര്‍ ബിഎന്‍ബിയുടെ വിലയിരുത്തല്‍.

നിലവില്‍ യുഎഇയിലുടനീളമായി എയര്‍ ബിഎന്‍ബിക്ക് 6,700ഓളം പ്രോപ്പര്‍ട്ടികളുണ്ട്. ഇത് ഇനിയും വിപുലപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. ദുബായില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020 തങ്ങളുടെ ബിസിനസിനും വമ്പന്‍ കുതിപ്പേകുമെന്നാണ് എയര്‍ ബിഎന്‍ബി പ്രതീക്ഷിക്കുന്നത്. 25 ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ എക്‌സ്‌പോ 2020ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നല്ല ബിസിനസ് സാധ്യതയായാണ് എയര്‍ ബിഎന്‍ബി കാണുന്നത്.

സൗദി അറേബ്യയിലും ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ എയര്‍ ബിഎന്‍ബിക്ക് പദ്ധതിയുണ്ട്. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ വമ്പന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സൗദി അറേബ്യയില്‍ നടക്കുന്നത് സംരംഭകത്വത്തിന് അനുകൂലമായ കാലവസ്ഥയൊരുക്കുന്നതായാണ് നിക്ഷേപകരുടെ വിലയിരുത്തല്‍. ഇത് വലിയ സാധ്യതയായി എയര്‍ ബിഎന്‍ബിയെ പോലുള്ള കമ്പനികള്‍ കാണുകയും ചെയ്യുന്നുണ്ട്.

Comments

comments

Categories: Arabia, Slider
Tags: Dubai