എല്‍ഐസിക്ക് ഐഡിബിഐ ഓഹരി: വിഷയം സര്‍ക്കാര്‍ ഉടന്‍ പരിഗണിച്ചേക്കും

എല്‍ഐസിക്ക് ഐഡിബിഐ ഓഹരി: വിഷയം സര്‍ക്കാര്‍ ഉടന്‍ പരിഗണിച്ചേക്കും

ന്യൂഡെല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് 51 ശതമാനം ഓഹരികള്‍ അനുവദിക്കാനുള്ള പൊതുമേഖലാ സ്ഥാപനമായ ഐഡിബിഐ ബാങ്കിന്റെ നിര്‍ദേശം കേന്ദ്ര മന്ത്രിസഭ ഉടന്‍ പരിഗണിച്ചേക്കും. സെപ്റ്റംബറോടെ ഇടപാട് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരിക്കുന്നത്. വിഷയത്തില്‍ പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ എല്‍ഐസി മുന്നോട്ട് വച്ച നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷം എല്‍ഐസിയുടേയും ഐഡിബിഐയുടേയും ബോര്‍ഡുകള്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റെടുപ്പിന് ബാങ്ക് ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിക്കായി എല്‍ഐസി ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിക്കും. എല്‍ഐസിക്ക് മുന്‍ഗണനാ ഓഹരികള്‍ അനുവദിക്കുന്നതോടെ ബാങ്കില്‍ സര്‍ക്കാരിനുള്ള ഓഹരി 50 ശതമാനത്തിലും താഴേക്ക് പോകുമെന്ന സാഹചര്യത്തിലാണ് ഐഡിബിഐ ബാങ്ക് മന്ത്രിസഭയുടെ അംഗീകാരം തേടിയത്. നിലവില്‍ 85.96 ശതമാനം ഓഹരിയാണ് സര്‍ക്കാരിനുള്ളത്.

ഐഡിബിഐയിലെ ഓഹരികള്‍ 50 ശതമാനത്തില്‍ താഴെയാക്കുമെന്ന് പൊതു ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇടപാടിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ”ബജറ്റിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചതാണ്. അതുകൊണ്ട് തന്നെ വീണ്ടും അനുമതി തേടേണ്ട ആവശ്യമില്ല,” അദ്ദേഹം പറഞ്ഞു.

എല്‍ഐസിയുടെയും ഐഡിബിഐയുടെയും യൂണിയനുകള്‍ നിര്‍ദിഷ്ട ഇടപാടിനെപ്പറ്റി ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 51 ശതമാനത്തിലും താഴേക്ക് ഓഹരികള്‍ പോകില്ലെന്ന് പാര്‍ലമെന്റിനു നല്‍കിയ ഉറപ്പ് ലംഘിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് ഓള്‍ ഇന്ത്യ ഐഡിബിഐ ഓഫീസേസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിത്തല്‍ കോടേശ്വര റാവു പറഞ്ഞു. 2004 ല്‍ മുന്‍ ധനമന്ത്രി പി ചിദംബരമാണ് ഇത്തരമൊരു ഉറപ്പ് നല്‍കിയത്. തങ്ങളുടെ ഭാഗത്ത് നിന്നുകൊണ്ട് ഈ വിഷയം സഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചില പാര്‍ലമെന്റ് അംഗങ്ങളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ പക്കലുള്ള ഓഹരികള്‍ കുറക്കുന്നതിനുള്ള ബജറ്റ് നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ച സാഹചര്യത്തില്‍ നേരത്തെ നല്‍കിയ ഉറപ്പ് നിലനില്‍ക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

 

 

Comments

comments

Tags: IDBI, LIC