നിരോധിച്ച മരുന്നുകള്‍ കേരളത്തിലെ വിപണിയില്‍ സജീവം

നിരോധിച്ച മരുന്നുകള്‍ കേരളത്തിലെ വിപണിയില്‍ സജീവം

ദോഹ: ഖത്തറില്‍ നിരോധിച്ച മരുന്നുകള്‍ കേരളത്തില്‍ സുലഭമായി ലഭ്യമാവുന്നു. കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ മരുന്നുകള്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് യു എസ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഈ മരുന്നുകള്‍ കേരളത്തില്‍ സുലഭമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹൃദ്രോഗത്തിനായി കേരളത്തില്‍ ഉപയോഗിച്ച് വരുന്ന വള്‍സാര്‍ടന്‍ 40 എം ജി, 80 എം ജി എന്നിവ യുഎസിലും ഖത്തറിലും നിരോധിക്കപ്പെട്ടവയാണ്. എന്നാല്‍ കേരളത്തിലെ പല ഡോക്ടര്‍മാരും ഈ മരുന്നുകള്‍ കുറിച്ച് നല്‍കുന്നതായി പറയുന്നു.

അമിത രക്ത സമ്മര്‍ദ്ദമുള്ള ഹൃദ്രോഗികള്‍ക്കാണ് ഈ മരുന്നുകള്‍ ഡോക്ടര്‍മാര്‍ നല്‍കുന്നത്. ഇവയില്‍ അടങ്ങിയിട്ടുള്ള എന്‍നൈട്രോസോഡിയം എത്തിലിന്‍ എന്ന രാസവസ്തുവാണ് കാന്‍സറിന് കാരണമാവുന്നത്. ഇന്ത്യന്‍ കമ്പനികളുടെ ഈ മരുന്നുകള്‍ നിരോധിക്കപ്പെട്ടവയാണ്. കൂടാതെ ഇതിനൊപ്പം തന്നെ ചൈനീസ്, സ്പാനിഷ് കമ്പനികളുടെ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ഹൃദയ ചികിത്സയ്ക്കായി മറ്റ് കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകളിലും വള്‍സാര്‍ടന്‍ അടങ്ങിയിട്ടുണ്ടെങ്കിലും അത് ശരീരത്തിന് ഹാനികരമല്ലെന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ മരുന്ന് പരിശോധനകള്‍ കൃത്യമായി നടക്കുന്നില്ലെന്നും അതിനുള്ള സംവിധാനങ്ങള്‍ ഇവിടെ ഇല്ലെന്നും അതുകൊണ്ടാണ് നിരോധിച്ച മരുന്നുകള്‍ വിപണിയില്‍ എത്തുന്നതെന്നുമാണ് ആരോപണം. അധികാരികള്‍ കൃത്യമായി പരിശോധിക്കാതെ അനുമതി നല്‍കുന്ന മരുന്നുകളാണ് പലപ്പോഴും വിപണികളില്‍ എത്തുന്നത് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

Comments

comments

Categories: FK News, Health
Tags: Drugs