60,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ യുപി സര്‍ക്കാര്‍

60,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ യുപി സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് ഉത്ഘാടനം ചെയ്യും; 80 പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ പങ്കെടുക്കും

ലഖ്‌നൗ: 60,000 കോടി രൂപ ചെലവ് വരുന്ന വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിലെ ഇന്ധിര ഗാന്ധി പ്രതിഷ്ഠാനില്‍ ജൂലൈ 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് വമ്പന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുക. സംസ്ഥാനത്തെ വ്യവസായവല്‍ക്കരണത്തിനും തൊഴില്‍ ലഭ്യതക്കും ഊന്നല്‍ നല്‍കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി.

 

റിലയന്‍സ്, മഹീന്ദ്ര, അദാനി എന്നിവയടക്കം 80 പ്രമുഖ കമ്പനികളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് യുപി വ്യവസായ മന്ത്രി സതീഷ് മഹാന പറഞ്ഞു. സംസ്ഥാനത്ത് 6,000 കോടി രൂപ നിക്ഷേപത്തില്‍ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്ന പതഞ്ജലി ഗ്രൂപ്പിന് പുറമെ പേടിഎം, ഗെയ്ല്‍, എച്ച്പിസിഎല്‍, ടിസിഎസ്, എസിസി സിമന്റ്, മെട്രോ കാഷ് ആന്‍ഡ് കാരി, പിടിസി ഇന്‍ഡസ്ട്രീസ്, ഗോള്‍ഡി മസാല, ഡിസിഎം, ശ്രീറാം ഗ്രൂപ്പ്‌സ് എന്നിവയും ചടങ്ങിന്റെ ഭാഗമാകുമെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അറിയിച്ചു.

ഫെബ്രുവരിയില്‍ നടത്തിയ നിക്ഷേപക ഉച്ചകോടിയുടെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഒരു മാസത്തെ കാലയളവിനിടെ ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെത്തുന്നത്. 28 ന് സംസ്ഥാനത്ത് നടക്കുന്ന ദ്വിദിന സ്മാര്‍ട്ട്‌സിറ്റി കോണ്‍ഫറന്‍സിന്റെ സമാപന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ (അമൃത്) സ്‌കീമിനു കീഴിലുള്ള 57 പദ്ധതികളും സ്മാര്‍ട്ട് സിറ്റി സ്‌കീമിനു കീഴിലുള്ള 26 പദ്ധതികളും പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്ക് (അര്‍ബന്‍) കീഴിലുള്ള 11 പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

വിപുലമായ ക്രമീകരണങ്ങളാണ് പരിപാടിക്കായി തലസ്ഥാന നഗരത്തില്‍ ഒരുക്കുന്നത്. സംസ്ഥാനത്തുടനീളം പരിപാടി തല്‍സമയം സംപ്രേക്ഷണം ചെയ്യും. തങ്ങളുടെ ജില്ലകളിലെ തയാറെടുപ്പുകള്‍ വിലയിരുത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായ മാറ്റിയെടുക്കുകയെന്ന ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

 

Comments

comments

Categories: FK News

Related Articles