7268 കോടി രൂപയുടെ കുടിശിക വോഡഫോണും ഐഡിയയും അടച്ചു

7268 കോടി രൂപയുടെ കുടിശിക വോഡഫോണും ഐഡിയയും അടച്ചു

പേമെന്റിനായുള്ള ഡിഒടിയുടെ നിര്‍ദേശത്തെ ലയന സംരംഭം കോടതിയില്‍ ചോദ്യം ചെയ്‌തേക്കും

ന്യൂഡെല്‍ഹി: ലയനത്തിന് മുന്നോടിയായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി) ആവശ്യപ്പെട്ട 7268 കോടി രൂപയുടെ കുടിശിക വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും അടച്ചു. ലയനത്തിന് അനുമതി ലഭിക്കണമെങ്കില്‍ കുടിശിക അടച്ചുതീര്‍ക്കണമെന്ന് ഇരു കമ്പനികളോടും നേത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശം ഇരു ടെലികോം കമ്പനികളും അനുസരിച്ചതിനെ തുടര്‍ന്ന് ടെലികോം മേഖലയിലെ ഏറ്റവും വലിയ ലയന ഇടപാടിനുള്ള അന്തിമ തടസവും നീങ്ങിയിരിക്കുകയാണ്. ഐഡിയ-വോഡഫോണ്‍ ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് സൃഷ്ടിക്കപ്പെടുന്നത്.

പണമായി 3,926.34 കോടി രൂപയും ബാങ്ക് ഗാരന്റിയായി 3,342.44 കോടി രൂപയും നല്‍കാനുള്ള നിര്‍ദേശം ഐഡിയയും വോഡഫോണും പാലിച്ചെന്നും ഇതോടെ ലയനത്തിനുള്ള അന്തിമാനുമതി ഡിഒടിയില്‍ നിന്നും വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഡിയ വക്താവി പറഞ്ഞു. കുമാര്‍ മംഗളം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഐഡിയ ഒറ്റത്തവണ സ്‌പെക്ട്രം നിരക്കിന്റെ ഭാഗമായാണ് ബാങ്ക് ഗ്യാരന്റി നല്‍കിയത്. വോഡഫോണ്‍ ഇന്ത്യ തങ്ങളുടെ കൈവശമുള്ള ലേലത്തിലൂടെയല്ലാതെ ലഭിച്ച എയര്‍വേവുകള്‍ക്ക് വേണ്ടിയുള്ള വിപണി വിലയാണ് നല്‍കിയത്.

എന്നാല്‍ ഈ പേമെന്റ് നിര്‍ദേശം സംബന്ധിച്ച് ഇരു കമ്പനികള്‍ക്കും എതിര്‍പ്പുണ്ടെന്നും പുതിയ ടെലികോം സംരംഭം വഴി ഈ കുടിശിക തുകയെ കോടതിയില്‍ ചോദ്യം ചെയ്‌തേക്കാമെന്നുമാണ് കമ്പനികളോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നേരത്തേ കുടിശിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു കമ്പനികളും സമര്‍പ്പിച്ച അപേക്ഷ മന്ത്രാലയം തള്ളുകയും ചെയ്തിരുന്നു. ഈ പേമെന്റനായി വോഡഫോണ്‍ ഇന്ത്യ പ്രാദേശിക,വിദേശ ബാങ്കുകളുമായി ചര്‍ച്ച നടത്തിയിരുന്നു.
ലയനത്തിന്റെ ഭാഗമായി വോഡഫോണ്‍ ഇന്ത്യയുടെയും ഉപവിഭാഗമായ വോഡഫോണ്‍ മൊബീല്‍ സര്‍വീസസ് ലിമിറ്റഡിന്റെയും (വിഎംഎസ്എല്‍) ലൈസന്‍സുകള്‍ ഐഡിയയ്ക്ക് കൈമാറ്റം ചെയ്യേണ്ടതുണ്ട്. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നായിരിക്കും ലയന സംരംഭത്തിന്റെ പേര്.
റിലയന്‍സ് ജിയോ ഉയര്‍ത്തിയ മത്സരത്തില്‍ സമ്മര്‍ദം വര്‍ധിച്ചതിനേ തുടര്‍ന്നാണ് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോണും മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ ഐഡിയയും ലയന നീക്കം ആരംഭിച്ചത്. ലയനത്തോടെ വോഡഫോണ്‍ ഐഡിയയ്ക്ക് 37.5 ശതമാനം വരുമാന വിപണി വിഹിതവും 39 ശതമാനം ഉപഭോക്തൃ വിപണി വിഹിതവും ലഭിക്കും. മത്സരാധിഷ്ഠിതമായ രാജ്യത്തെ ടെലികോം മേഖലയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഭാരതി എയര്‍ടെലിനെ പിന്തള്ളി ലയന സംരംഭം ഒന്നാം സ്ഥാനത്തെത്തും.

Comments

comments

Categories: Slider, Tech