നാഥനില്ലാതെ എയര്‍ ഏഷ്യ; ഈഷ് സുന്ദരവും പിന്‍മാറി

നാഥനില്ലാതെ എയര്‍ ഏഷ്യ; ഈഷ് സുന്ദരവും പിന്‍മാറി

ന്യൂഡെല്‍ഹി: സിബിഐ അന്വേഷണം നേരിടുന്ന വിമാനക്കമ്പനിയായ എയര്‍ ഏഷ്യയുടെ തലപ്പത്ത് ഒഴിഞ്ഞ് കിടക്കുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലേക്ക് പുതിയ നിയമനം നടത്താനുള്ള നീക്കങ്ങള്‍ തടസപ്പെട്ടു. സിബിഐ അന്വേഷണം തന്നെയാണ് നിയമനത്തില്‍ തടസം സൃഷ്ടിക്കുന്നതെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിമാനസര്‍വീസ് ലൈസന്‍സ് നേടുന്നതിന് സര്‍ക്കാര്‍ നയങ്ങളില്‍ തിരിമറി കാണിക്കാന്‍ ശ്രമിച്ചെന്ന വിവാദത്തെ തുടര്‍ന്നാണ് എയര്‍ ഏഷ്യ സിബിഐ അന്വേഷണം നേരിടുന്നത്.

വ്യക്തിപരമായ കാരണങ്ങളാല്‍ നിലവില്‍ ഉണ്ടായിരുന്ന സിഇഒ അമര്‍ അബ്രോള്‍ ജൂണില്‍ രാജി വച്ചത് മുതല്‍ വിമാനക്കമ്പനിയുടെ ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസര്‍ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. അമേരിക്കന്‍ എയര്‍ലൈനായ ജെറ്റ്ബ്ലൂവിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഈഷ് സുന്ദരത്തെ ഈ പദവി ഏറ്റെടുക്കാന്‍ സമീപിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. സിബിഐ അന്വേഷണമാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിന് കാരണം.

എയര്‍ ഏഷ്യയില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റാ ഗ്രൂപ്പാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് അഭ്യൂഹം. മലേഷ്യ ആസ്ഥാനമായ എയര്‍ ഏഷ്യ ബെര്‍ഹാദിനും കമ്പനിയില്‍ 49 ശതമാനം ഓഹരികളുണ്ട്. ശേഷിക്കുന്ന 2 ശതമാനം ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് എക്‌സിക്യൂട്ടീവുകളായ ആര്‍ വെങ്കട്ടരാമന്റെയും എസ് രാമദൊരൈയുടെയും പക്കലാണ്.

 

Comments

comments

Categories: FK News
Tags: Air asia