റെയ്ല്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ചെലവ് വര്‍ധിക്കും; പ്രതിഷേധവുമായി ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍

റെയ്ല്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ചെലവ് വര്‍ധിക്കും; പ്രതിഷേധവുമായി ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍

ബെംഗളൂരു: മേക്ക് മൈ ട്രിപ്പ്, യാത്ര, പേടിഎം, ക്ലിയര്‍ട്രിപ്പ് തുടങ്ങിയ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങള്‍ വഴി ട്രെയ്ന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ചെവല് വര്‍ധിപ്പിക്കുന്ന പുതിയ ഫീ ഘടനക്കെതിരെ ഏജന്‍സികളുടെ പ്രതിഷേധം. ഇന്ത്യന്‍ റെയ്ല്‍വേയുടെ അനുബന്ധ കമ്പനിയായ ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) പുതിയ ഫീസ് ഘടന ഓണ്‍ലൈന്‍ ട്രാവല്‍ ഓപ്പറേറ്റര്‍മാരുടെ ട്രെയ്ന്‍ ടിക്കറ്റ് ബുക്കിംഗ് സേവനത്തിനു വരുന്ന ചെലവ് 10 മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് പരാതി. ഫീസ് വര്‍ധനയുടെ പ്രത്യാഘാതങ്ങള്‍ ഉപഭോക്താക്കളും അനുഭവിക്കേണ്ടി വരുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്യുന്ന ഓരോ ടിക്കറ്റിനും ആന്വല്‍ മെയ്ന്റനന്‍സ് ചാര്‍ജ് (എഎംസി) ആയി 12 രൂപയിലധികം ഈടാക്കാനാണ് ഐആര്‍സിടിസിയുടെ നീക്കം. വര്‍ഷത്തില്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന എഎംസി, ഐആര്‍സിടിസി നിശ്ചയിച്ച മിനിമം തുകയിലും താഴെയാണെങ്കില്‍ മിച്ചം വരുന്ന തുകയും ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാരില്‍ നിന്ന് ഈടാക്കും. പുഃനപരിഷ്‌കരിച്ച ഫീ ഘടനയുടെ ഫലമായി തങ്ങള്‍ വഹിക്കേണ്ടി വകുന്ന തുക ഏതാണ്ട് 10 മടങ്ങെങ്കിലും വര്‍ധിക്കുമെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ മേഖലയിലെ എക്‌സിക്യുട്ടീവുമാര്‍ പറഞ്ഞു. ബുക്ക് ചെയ്യപ്പെടുന്ന ടിക്കറ്റിന്റെ എണ്ണത്തെ ആശ്രയിച്ച്, 40 കോടിക്കും 50 കോടിക്കുമിടയില്‍ ചെലവ് വര്‍ധിക്കുമെന്ന് എക്‌സിക്യുട്ടീവുകള്‍ പ്രതീക്ഷിക്കുന്നു. ടിക്കറ്റ് ബുക്കിംഗിനുള്ള ലൈസന്‍സ് നേടണമെങ്കില്‍ 25 ലക്ഷം രൂപവരെയാണ് ഐആര്‍സിടിസി ചാര്‍ജായി ഈടാക്കിയിരുന്നത്. നിര്‍ദ്ദിഷ്ട പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി പുതിയ വരുമാനം മാര്‍ഗം തുറക്കാനാണ് പുതിയ ഫീ ഘടനവഴി ഐആര്‍സിടിസി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.

മിക്ക ഏജന്‍സികളെ സംബന്ധിച്ചും തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സേവനങ്ങളുടെ വളരെ ചെറിയ ഭാഗം മാത്രമാണ് ട്രെയ്ന്‍ ടിക്കറ്റ് ബുക്കിംഗ്. കൂടുതല്‍ ആകര്‍ഷകമായ വിമാന ടിക്കറ്റ് ബുക്കിംഗ്, ഹോട്ടലുകള്‍ എന്നിവക്കാണ് ഇവര്‍ പ്രാമുഖ്യം നല്‍കുന്നത്.

”റെയ്ല്‍ ബുക്കിംഗ് എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ ഒരു വരുമാന മാര്‍ഗമല്ല. എങ്കിലും റെയ്ല്‍വേ നിര്‍ദേശിച്ചിട്ടുള്ള ഫീസ് ഘടനയിലെ മാറ്റങ്ങള്‍ ഞങ്ങള്‍ പരിശോധിക്കും. ഉപഭോക്താക്കള്‍ക്ക് ഈ സേവനം നല്‍കുന്നത് കൊണ്ട് എന്തെങ്കിലും പ്രതികൂല സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ എന്നും പരിശോധിക്കും. അതിനനുസരിച്ച് തീരുമാനങ്ങളെടുക്കും,” ക്ലിയര്‍ട്രിപ്പിന്റെ കോര്‍പറേറ്റ് സ്ട്രാറ്റജി വിഭാഗം തലവനായ ആദിത്യ അഗര്‍വാള്‍ പറഞ്ഞു. മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഐആര്‍സിടിസിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് യാത്ര ഡോട്ട് കോമിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.

 

Comments

comments

Categories: FK News, Slider