ചൊവ്വാ ഗ്രഹത്തിലിറങ്ങുന്ന ആദ്യ മനുഷ്യനാകുമോ അലീസ കാഴ്‌സന്‍ ?

ചൊവ്വാ ഗ്രഹത്തിലിറങ്ങുന്ന ആദ്യ മനുഷ്യനാകുമോ അലീസ കാഴ്‌സന്‍ ?

വാഷിംഗ്ടണ്‍: കുട്ടിക്കാലത്തെ സ്വപ്‌നമാണു ജീവിതത്തിന്റെ ഗതി മാറ്റിയെഴുതിയതെന്ന് അവകാശപ്പെടാന്‍ സാധിക്കുന്നവര്‍ അധികമുണ്ടാവില്ല. പക്ഷേ, അലീസ കാഴ്‌സന്‍ എന്ന അമേരിക്കയിലെ ലൂയിസിയാനയിലുള്ള ഒരു കൗമാരക്കാരി ഇക്കാര്യത്തില്‍ വ്യത്യസ്തയാവുകയാണ്. ശൂന്യാകാശയാത്ര നടത്തുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ടിവിയില്‍ കാണുമായിരുന്നു അലീസ. വളരെ ചെറുപ്രായം മുതല്‍ക്കേ, അലീസക്ക് ഇത്തരം പരിപാടികള്‍ കാണുന്നതിനോട് വലിയ ഇഷ്ടമായിരുന്നു.The Backyardigans എന്നു പേരുള്ള, കുട്ടികള്‍ക്കായുള്ള ടിവി പരമ്പരയില്‍ ഒരിക്കല്‍ ശൂന്യാകാശയാത്രയെ കുറിച്ചു പരാമര്‍ശമുണ്ടായിരുന്നു. അതിന്റെ ഒരു എപ്പിസോഡില്‍ പ്രദര്‍ശിപ്പിച്ചത്, ഒരു കൂട്ടം മൃഗങ്ങള്‍ ചൊവ്വാ ഗ്രഹത്തിലേക്ക് യാത്ര നടത്തുന്നതായിരുന്നു. ഇത് കണ്ടു കഴിഞ്ഞതോടെയാണ്, അലീസയ്ക്കു ചൊവ്വാ ഗ്രഹത്തിലേക്കു യാത്ര നടത്തണമെന്ന മോഹം ഉദിച്ചത്. വെറും മൂന്ന് വയസ് മാത്രമായിരുന്നു അന്ന് അലീസയ്ക്കുണ്ടായിരുന്നത്. തനിക്ക് ബഹിരാകാശയാത്രികനാകണമെന്ന് അന്ന് അലീസ പിതാവിനോട് പറയുകയും ചെയ്തു. പിന്നീട് തന്റെ സ്വപ്‌നസാക്ഷാത്കാരത്തിനുള്ള ശ്രമങ്ങള്‍ അലീസ നടത്തുകയും ചെയ്തു. ഇപ്പോള്‍ 17 കാരിയാണ് അലീസ. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ 2033-ല്‍ ചൊവ്വയില്‍ മനുഷ്യനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഈ ദൗത്യത്തില്‍ അലീസയെ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അന്ന് അലീസയുടെ പ്രായം 32 ആയിരിക്കും. 18 വയസ് തികയാത്തവരില്‍നിന്നും ബഹിരാകാശയാത്രയ്ക്കുള്ള അപേക്ഷ നാസ ഔദ്യോഗികമായി സ്വീകരിക്കാറില്ല. എന്നാല്‍ അലീസയുടെ ആഗ്രഹം അറിഞ്ഞതിനെ തുടര്‍ന്നു ബഹിരാകാശയാത്ര നടത്തുന്നതിനുള്ള പരിശീലനം നാസ നല്‍കുന്നുണ്ട്. വര്‍ഷങ്ങളായി അലീസ നാസയുടെ പരിശീലനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. യുഎസ് സ്‌പേസ് ക്യാംപില്‍ 2008-ലായിരുന്നു അലീസയെ പിതാവ് എന്റോള്‍ ചെയ്തത്. നാസയുടെ വിവിധ സ്‌പേസ് ക്യാംപുകളും അലീസ ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞു. നാസയുടെ പരിശീലനത്തിനിടെ മൈക്രോഗ്രാവിറ്റിയെ കുറിച്ചും, ഓക്‌സിജന്‍ നഷ്ടപ്പെടുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും അലീസ മനസിലാക്കി. ഇതിനു പുറമേ ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ് ഉള്‍പ്പെടെയുള്ള വിദേശഭാഷകളും പഠിക്കുന്നുണ്ട്. കാരണം ബഹിരാകാശയാത്ര നടത്തുന്നസംഘാംഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ്. അവരുമായി ആശയവിനിമയം നടത്തണമെങ്കില്‍ ഭാഷ അത്യാവശ ഘടകമാണെന്നു തിരിച്ചറിഞ്ഞതു കൊണ്ടാണിത്.

അലീസയുടെ പരിശീലനം

തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായി നിരവധി ക്യാംപുകളില്‍ പങ്കെടുക്കുകയും പരിശീലനം നടത്തുകയും ചെയ്യുന്നുമുണ്ട് അലീസ. മൂന്ന് സ്‌പേസ് ഷട്ടില്‍ ലോഞ്ചുകള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട് അലീസ. ഇതിനു പുറമേ ഏഴ് സ്‌പേസ് ക്യാംപില്‍ പങ്കെടുക്കുകയും ചെയ്തു. 2012,2013 വര്‍ഷങ്ങളില്‍ നാസയുടെ സ്‌പേസ് ക്യാംപ് ടര്‍ക്കിയിലും, സ്‌പേസ് ക്യാംപ് കാനഡയിലും പഠനം നടത്തി. നാസയുടെ പാസ്‌പോര്‍ട്ട് പ്രോഗ്രാം പൂര്‍ത്തിയാക്കി. 2030-ല്‍ ചൊവ്വയില്‍ ഒരു മനുഷ്യ കോളനി സ്ഥാപിക്കാനുള്ള മാര്‍സ് വണ്‍ എന്ന ദൗത്യത്തിന്റെ ഏഴ് അംബാസഡര്‍മാരില്‍ ഒരാളാണ് അലീസ.

ചൊവ്വാ ഗ്രഹത്തിലെത്തിച്ചേരാന്‍ എത്ര സമയം എടുക്കും ?

ഭൂമിയും ചുവന്ന ഗ്രഹമെന്ന് അറിയപ്പെടുന്ന ചൊവ്വയും തമ്മില്‍ വലിയ അകലമുണ്ട്. അതു കൊണ്ടു തന്നെ ചൊവ്വയിലേക്കുള്ള യാത്രയ്ക്കും ഒരുപാട് സമയമെടുക്കും. രണ്ട് ഗ്രഹങ്ങളും (ഭൂമിയും, ചൊവ്വയും) സൂര്യനെ വലയം ചെയ്യുന്നതിനാല്‍ ഇരു ഗ്രഹങ്ങളും തമ്മിലുള്ള ദൂരവും മാറിക്കൊണ്ടിരിക്കും. ഭൂമിയും ചൊവ്വയും ഏറ്റവുമടുത്ത് വരുന്ന സമയത്ത് പോലും 33.9 മില്യന്‍ മൈല്‍ അകലം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ദൂരമെന്നു പറയുന്നത് ലണ്ടനും ന്യൂയോര്‍ക്ക് നഗരവും തമ്മിലുള്ള ദൂരത്തിന്റെ 9,800 ഇരട്ടി വരുന്നതാണ്. ഭൂമിയില്‍നിന്നും ചൊവ്വയിലെത്താന്‍ 128 മുതല്‍ 333 ദിവസം വരെ എടുക്കുമെന്നാണു വിലയിരുത്തുന്നത്.

ചൊവ്വയിലേക്ക് ദൗത്യവുമായി ഇലോണ്‍ മസ്‌ക്കും

ചൊവ്വയില്‍ 2033-ല്‍ മനുഷ്യനെ എത്തിക്കാനുള്ള ശ്രമമാണ് നാസ നടത്തുന്നത്. എന്നാല്‍ ചൊവ്വയിലേക്കുള്ള ആദ്യ ദൗത്യം 2022-ല്‍ ഉണ്ടാകുമെന്നാണു സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. ഇതുപക്ഷേ മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ദൗത്യമായിരിക്കില്ല. കാര്‍ഗോ മിഷന്‍ ആയിരിക്കും. എന്നാല്‍ 2024ല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ചൊവ്വാ ദൗത്യം മനുഷ്യനെ ഉള്‍പ്പെടുത്തി കൊണ്ടുള്ളതായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Comments

comments

Categories: FK Special, Slider
Tags: mars