സെര്‍ജിയോ മാര്‍ക്കിയോണേ അന്തരിച്ചു

സെര്‍ജിയോ മാര്‍ക്കിയോണേ അന്തരിച്ചു

ഹോള്‍ഡിംഗ് കമ്പനിയായ എക്‌സോറാണ് മരണ വിവരം പുറത്തുവിട്ടത്

സൂറിച്ച് : ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് മുന്‍ മേധാവി സെര്‍ജിയോ മാര്‍ക്കിയോണേ അന്തരിച്ചു. 66 വയസ്സായിരുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ എഫ്‌സിഎ എന്ന വാഹന നിര്‍മ്മാണ കമ്പനിയെ നാടകീയമായും വിജയകരമായും നയിച്ച പ്രഗല്‍ഭ വ്യക്തിത്വമായിരുന്നു സെര്‍ജിയോ മാര്‍ക്കിയോണേ. ഫിയറ്റ് സ്ഥാപകരായ ആഗ്നെല്ലി കുടുംബത്തിന്റെ ഹോള്‍ഡിംഗ് കമ്പനിയായ എക്‌സോറാണ് സെര്‍ജിയോ മാര്‍ക്കിയോണേയുടെ മരണ വിവരം പുറത്തുവിട്ടത്.

ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്ന് ദിവസങ്ങള്‍ക്കുമുമ്പ് മാത്രമാണ് എഫ്‌സിഎ സിഇഒ സ്ഥാനത്തുനിന്ന് മാര്‍ക്കിയോണേ ഒഴിഞ്ഞത്. നേരത്തെ അദ്ദേഹത്തിന് തോളില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളായതോടെയാണ് സൂറിച്ചിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2004 ജൂണില്‍ ഫിയറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ മാര്‍ക്കിയോണേ, പാപ്പരാകുന്നതില്‍നിന്ന് ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളെ കരകയറ്റിയാണ് അവതാര പുരുഷനായി മാറിയത്.

ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് സിഇഒ സ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിഞ്ഞത്

ക്രൈസ്‌ലര്‍ എന്ന ഡെട്രോയിറ്റ് ആസ്ഥാനമായ കാര്‍ നിര്‍മ്മാതാക്കളെ ഏറ്റെടുക്കുകയും ലണ്ടന്‍ ആസ്ഥാനമായി ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് കമ്പനി രൂപീകരിക്കുകയും ചെയ്യുന്നതില്‍ സെര്‍ജിയോ മാര്‍ക്കിയോണേ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. 2014 ഒക്‌റ്റോബര്‍ 13 ന് ന്യൂ യോര്‍ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ എഫ്‌സിഎയുടെ അരങ്ങേറ്റം നടത്തിച്ചാണ് സെര്‍ജിയോ മാര്‍ക്കിയോണേ ഓട്ടോമോട്ടീവ് ലോകത്തിന്റെ അത്ഭുതാദരങ്ങള്‍ ഏറ്റുവാങ്ങിയത്. കോര്‍പ്പറേറ്റ് ഫിക്‌സര്‍ എന്നാണ് സെര്‍ജിയോ മാര്‍ക്കിയോണേ സ്വയം വിശേഷിപ്പിച്ചിരുന്നത്. 2004 മെയ് 27 ന് ഉംബെര്‍ട്ടോ ആഗ്നെല്ലി അന്തരിച്ചശേഷം രണ്ട് വര്‍ഷത്തിനിടെ അഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരെയാണ് ഫിയറ്റ് കണ്ടത്. അഞ്ചാമന്‍ സെര്‍ജിയോ മാര്‍ക്കിയോണേ ആയിരുന്നു.

Comments

comments

Categories: Auto