റൗണ്ട് ഗ്ലാസ് പാര്‍ട്‌ണേഴ്‌സ് ജിംപിക്കില്‍ നിക്ഷേപം ഇരട്ടിയാക്കുന്നു

റൗണ്ട് ഗ്ലാസ് പാര്‍ട്‌ണേഴ്‌സ് ജിംപിക്കില്‍ നിക്ഷേപം ഇരട്ടിയാക്കുന്നു

ഏകദേശം 6.5 കോടി രൂപയാണ് അധികമായി റൗണ്ട്ഗ്ലാസ് ജിംപിക്കില്‍ നിക്ഷേപിക്കുന്നത്

ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെന്‍ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ റൗണ്‍ഗ്ലാസ് പാര്‍ട്‌ണേഴ്‌സ് ഫിറ്റ്‌നസ് അഗ്രിഗേറ്ററായ ജിംപിക്കില്‍ തങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുന്നു. ഫിറ്റ്‌നസ് സെന്ററുകളെ കുറിച്ചും ജിമ്മുകളെ കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സാണ് ജിംപിക്ക് ഡോട്ട് കോം. റൗണ്ട്ഗ്ലാസ് ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പാണ്.

ജിംപിക്കില്‍ ഏകദേശം 6.5 കോടി രൂപയാണ് അധികമായി റൗണ്ട്ഗ്ലാസ് നിക്ഷേപിക്കുന്നത്. നേരത്തെ രണ്ട് വായ്പാവിഹിതങ്ങളിലൂടെ ജിം പിക്ക് റൗണ്ട്ഗ്ലാസില്‍ നിന്നും 1 മില്യണ്‍ ഡോളര്‍ നിക്ഷേപം സ്വരൂപിച്ചിരുന്നു.

ഫിറ്റ്‌നസ് സെന്ററുകള്‍ക്കായുള്ള സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ്(എസ്എഎഎസ്) ഉല്‍പ്പന്നങ്ങളുടെ വികസനത്തിന് പുതിയ ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. പുതിയ ഫണ്ട് സമാഹരണത്തോടെ ജിംപിക്കിന് ഇതുവരെ 14 കോടിയോളം ഫണ്ട് ലഭിച്ചു. മാര്‍ച്ച് 2016 ലാണ് റൗണ്ട് ഗ്ലാസ് ആദ്യമായി ജിംപിക്കില്‍ നിക്ഷേപിക്കുന്നത്.

നേരത്തെ ജിംപിക്ക് കാപ്‌വെന്റ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണര്‍മാരായ ടോം ക്ലാവുസെന്‍, റോഹന്‍ അജില, നിര്‍മാണകമ്പനിയായ ഹാല്‍ദ്യന്‍ ഗ്ലാസ് എന്നിവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. ഹെല്‍ത്ത്‌കെയര്‍ ആക്‌സിലേറ്ററായ ഹെല്‍ത്ത്സ്റ്റാര്‍ട്ടും റൗണ്ടില്‍ പങ്കെടുത്തിരുന്നു.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിംപിക്ക് ഹെല്‍ത്ത് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഡിസംബര്‍ 2012 ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഐഐഎം ബാംഗ്ലൂരില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഓജ, കരണ്‍ മാലിക് എന്നിവരാണ് കമ്പനി തുടങ്ങിയത്.

Comments

comments

Categories: Business & Economy