ഇനി തടസമില്ലാത്ത റോഡ് കണക്റ്റിവിറ്റി, പെര്‍മിറ്റ് സമ്പ്രദായം അവസാനിക്കുന്നു

ഇനി തടസമില്ലാത്ത റോഡ് കണക്റ്റിവിറ്റി, പെര്‍മിറ്റ് സമ്പ്രദായം അവസാനിക്കുന്നു

ഒരു വര്‍ഷത്തെ സാധുതയുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിര്‍ദേശം

ന്യൂഡെല്‍ഹി: തടസമില്ലാത്ത റോഡ് ഗതാഗത കണക്റ്റിവിറ്റി ലക്ഷ്യമിട്ട് പെര്‍മിറ്റ് സമ്പ്രദായവും ഇന്‍സ്‌പെക്റ്റര്‍ രാജും അവസാനിപ്പിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു. ചരക്ക് സേവന നികുതിസമ്പ്രദായത്തിന്റെ സഹായത്തോടെ ഇത് നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായുള്ള നിര്‍ദേശങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രാലയങ്ങളാണ് ഇനി ഇതു നടപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൈാള്ളേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മൂല്യ വര്‍ധിത നികുതിയും പ്രവേശന നികുതിയും ഇല്ലാതായതെടെ പെര്‍മിറ്റ് സംവിധാനത്തിന്റെ പ്രസക്തി നഷ്ടമായിരിക്കുകയാണ്.

ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം നിയോഗിച്ച ഒരു സമിതി സംസ്ഥാന, ദേശീയ പെര്‍മിറ്റുകള്‍ നല്‍കുന്ന രീതി അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. റോഡ് നികുതി, മലിനീകരണം, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പേരിലെല്ലാമുള്ള ചെക്കിംഗുകള്‍ ഒഴിവാക്കുന്നതിനും സമിതി ആവശ്യപ്പെട്ടു. സുഗമമായ ചരക്കു നീക്കത്തിനായി തടസമില്ലാത്ത റോഡ് ഗതാഗതം സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് സമിതിയെ നിയോഗിച്ചിരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 1 മുതല്‍ ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങള്‍ക്കകത്തേക്ക് ചരക്കുകള്‍ പ്രവേശിക്കുന്നത് പരിശോധിക്കുന്നതിനായുള്ള ചെക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടു. എന്നാല്‍ ട്രക്കുകളും വാണിജ്യ വാഹനങ്ങളും ഇപ്പോഴും ചില ചെക്കിംഗുകള്‍ നേരിടേണ്ടി വരുന്നുണ്ട്.

ഈ പ്രശ്‌നങ്ങളെ മറികടക്കുന്നതിന് ഒരു വര്‍ഷത്തെ സാധുതയുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് സമിതി നിര്‍ദേശിച്ചിരിക്കുന്നത്. ഫിറ്റ്‌നസ്, മലിനീകരണം, പെര്‍മിറ്റുകള്‍ തുടങ്ങി ഒരു വാഹനത്തിന്റെ എല്ലാ വിവരങ്ങളും ഉള്‍പ്പെട്ട ഒരു പ്രാദേശിക ഗതാഗത ഡാറ്റാ ബേസുമായി ഇ- വേ ബില്ലിനെ ബന്ധിപ്പിക്കണം. ഗതാഗത ഡാറ്റാബേസ് അനുസരിച്ച് വാഹനത്തിന്റെ ഫിറ്റ്‌നെസ് ഉറപ്പാക്കിയ ശേഷം മാത്രമേ ഇ-വേ ബില്‍ നല്‍കാവുവെന്ന് സമിതി നിര്‍ദേശിക്കുന്നു.

Comments

comments

Categories: Current Affairs