ഹ്രസ്വചിത്രങ്ങളും സീരിയലുകള്‍ നിര്‍മിക്കാന്‍ ആര്‍ഐഎല്‍ പദ്ധതിയിടുന്നു

ഹ്രസ്വചിത്രങ്ങളും സീരിയലുകള്‍ നിര്‍മിക്കാന്‍ ആര്‍ഐഎല്‍ പദ്ധതിയിടുന്നു

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങളുടെ വിപണി ഇപ്പോഴും വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്കായി സീരിയലുകളും ഹ്രസ്വചിത്രങ്ങളും നിര്‍മിക്കുന്നതിന് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) പദ്ധതിയിടുന്നു. ഇന്ത്യന്‍ ടെലികോം വിപണിയില്‍ കൂടുതല്‍ വരിക്കാരെ നേടുന്നതിനായി മത്സരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങളുടെ വിപണി ഇപ്പോഴും വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത മേഖലയാണെന്നാണ് ആര്‍ഐഎല്‍ പറയുന്നത്. നിലവില്‍ 215 മില്യണ്‍ വയര്‍ലെസ് ഉപയോക്താക്കളാണ് ജിയോയ്ക്കുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ജിയോ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കൂടി ഔദ്യോഗികമായി അവതരിപ്പിക്കുന്നതോടെ വരിക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനയുണ്ടാകും.

പദ്ധതി നടപ്പാക്കുന്നതിനായി ഒരുകൂട്ടം തിരക്കഥാകൃത്തുകളെയും കണ്ടന്റ് ഡെവലപ്പര്‍മാരെയും റിലയന്‍സ് നിയമിച്ചിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ കുറച്ച് വെബ് സീരിയലുകള്‍ പുറത്തിറക്കാനാകുമെന്നാണ് ആര്‍ഐഎല്ലിന്റെ പ്രതീക്ഷ. ആര്‍ഐഎല്ലിന്റെ മീഡിയ, എന്റര്‍ടെന്‍മെന്റ് വിഭാഗം മേധാവി ജ്യോതി ദേശ്പാണ്ഡെയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക. ഇറോസ് ഗ്രൂപ്പിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറും മാനേജിംഗ് ഡയറക്റ്ററുമായിരുന്നു അദ്ദേഹം.

ഉള്ളടക്ക വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി അടുത്തിടെ ചില പ്ലാറ്റ്‌ഫോമുകളുമായി ആര്‍ഐഎല്‍ സഹകരിക്കുന്നുണ്ട്. തങ്ങളുടെ ഡിജിറ്റല്‍ മ്യൂസിക് സര്‍വീസ് ആയ ജിയോ മൂ്യസിക്കിനു വേണ്ടി മ്യൂസിക് ആപ്പായ ‘സാവനു’മായി കൈകോര്‍ക്കുന്നുവെന്ന് മാര്‍ച്ചില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഫിലിം നിര്‍മാണ കമ്പനിയായ ഇറോസ് ഇന്റര്‍നാഷണലിന്റെ അഞ്ച് ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. മീഡിയ ആര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ വിസിലിംഗ് വൂഡ്‌സ് ഇന്റര്‍നാഷണലുമായും കമ്പനി സഹകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടെലികോം വിപണിയില്‍ ജിയോയുടെ കടന്നുവരവോടെയുണ്ടായ മാറ്റങ്ങളും താരിഫ് നിരക്കുകളിലെ കുറവും രാജ്യത്ത് മൊബീല്‍ ഡാറ്റ ഉപഭോഗം വര്‍ധിച്ചിപ്പിട്ടുണ്ട്. ഇത് നെറ്റ്ഫഌക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ സ്വീകാര്യത വര്‍ധിക്കാനും കാരണമായിട്ടുണ്ട്. ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രദര്‍ശിപ്പിക്കുന്ന സേക്രഡ് ഗെയിംസ്, കോമിക്‌സാന്‍ തുടങ്ങിയ പ്രത്യേക പരിപാടികള്‍ക്ക് വലിയ ജനപ്രീതിയാണുള്ളത്.

Comments

comments

Categories: Top Stories
Tags: RIL