രൂപയുടെ മൂല്യത്തകര്‍ച്ച; 32 ഇഞ്ച് ടിവികള്‍ക്ക് വില കൂടും

രൂപയുടെ മൂല്യത്തകര്‍ച്ച; 32 ഇഞ്ച് ടിവികള്‍ക്ക് വില കൂടും

മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ചയും ടെലിവിഷന്‍ പാനലുകളുടെ ആഗോള ദൗര്‍ലഭ്യവും മൂലം 32 ഇഞ്ചും അതില്‍ കൂടുതലും സ്‌ക്രീന്‍ വലിപ്പമുള്ള ടിവികള്‍ക്ക് അടുത്ത മാസം മുതല്‍ 15 ശതമാനം വരെ വില ഉയര്‍ന്നേക്കും. മുന്‍നിര ടെലിവിഷന്‍ നിര്‍മാണ കമ്പനികളെല്ലാം കടുത്ത പ്രതിസന്ധി ചൂണ്ടിക്കാട്ടി വില വര്‍ധനക്ക് തയ്യാറെടുക്കുകയാണ്.

ശനിയാഴ്ച യോഗം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, 26 ഇഞ്ച് ടെലിവിഷന്‍, വാക്വം ക്ലീനര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇസ്തിരിപ്പെട്ടി, ഷേവര്‍, ഹെയര്‍ ഡ്രയര്‍, ലിഥിയം അയോണ്‍ ബാറ്ററീസ് ഉപയോഗിച്ചുള്ള പവര്‍ബാങ്ക്, മൊബീല്‍, ഗെയ്‌സര്‍ എന്നിവയുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ആയി കുറക്കാന്‍ തീരുമാനമെടുത്തിരുന്നു. എട്ട് ശതമാനം വിലക്കിഴിവാണ് ഈ ഉല്‍പ്പന്നങ്ങളില്‍ ലഭിക്കുക.

ഹോങ്കോംഗ്, വിയറ്റ്‌നാം, ഇന്‍ഡോനേഷ്യ, തായ്‌വാന്‍, ചൈന, കൊറിയ തുടങ്ങിയ ഉല്‍പ്പാദനവും വിതരണവും നടക്കുന്ന പ്രധാന വിപണികളില്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി ടെലിവിഷന്‍ വിലയില്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ വില വര്‍ധിച്ചിരുന്നു. എല്‍ജി, സാംസംഗ്, ഇന്നൊലക്‌സ്, ബിഒഇ ഡിസ്‌പ്ലെ എന്നീ കമ്പനികളാണ് പ്രധാനമായി പാനലുകള്‍ നിര്‍മിക്കുന്നകത്.

‘പാനലുകളുടെ വിലവര്‍ധനയും എക്‌സ്‌ചേഞ്ച് റേറ്റിന്റെ സ്വാധീനവും വിലയില്‍ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്നതും മൂലം ടെലിവിഷനുകളുടെ വില വര്‍ധനവ് അനിവാര്യമായി മാറിയിരിക്കുകയാണ്,’ പാനാസോണികിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മനീഷ് ശര്‍മ വ്യക്തമാക്കി. വ്യവസായ മേഖലയുടെ ആവശ്യപ്രകാരം ജിഎസ്ടി 28 ല്‍ നിന്ന് 18 ശതമാനമായി കുറക്കാനുള്ള നടപടി, ആവശ്യകത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉല്‍സവ സീസണുകളിലേക്ക് സ്‌റ്റോക്ക് ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ നിര്‍മാണക്കമ്പനികള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന സാഹചര്യം മുതലെടുക്കുന്നതിനായി പാനല്‍ നിര്‍മാണ കമ്പനികള്‍ സംയുക്തമായി സൃഷ്ടിക്കുന്നതാണ് ഈ വില വര്‍ധനയെന്ന് ഇന്ത്യയില്‍ കൊടാക്ക് ടെലിവിഷന്‍ ബ്രാന്‍ഡിന്റെയും തോംസണിന്റെയും ലൈസന്‍സുള്ള സൂപ്പണ്‍ പ്ലാസ്‌ട്രോണിക്‌സിന്റെ സിഇഒ അവ്‌നീത് സിംഗ് ആരോപിച്ചു. ‘2016 മുതല്‍ തുടങ്ങിയതാണ് ഇവരുടെ ഈ തന്ത്രം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള 32 ഇഞ്ച്, 40 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന്‍ പാനലുകളുടെ പരമാവധി വിലവര്‍ധനവിന് വേണ്ടിയാണിത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്നതില്‍ 85 ശതമാനത്തോളം 32, 40, 42 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ടെലിവിഷനുകളാണ്. 15 ശതമാനത്തോളമായിരിക്കും പരമാവധി വില വര്‍ധിപ്പിക്കുക. അതേസമയം 50 ഇഞ്ചും അതിനേക്കാളും വലിയ സ്‌ക്രീനുകള്‍ക്കും എഴ് മുതല്‍ പത്ത് ശതമാനം വരെ വില വര്‍ധിക്കും.

 

 

 

 

 

 

 

Comments

comments

Related Articles