നിരത്തുകളില്‍ മാറ്റമുണ്ടാക്കാന്‍ പോകുന്ന മോട്ടോര്‍ വാഹന ഭേദഗതി ബില്‍

നിരത്തുകളില്‍ മാറ്റമുണ്ടാക്കാന്‍ പോകുന്ന മോട്ടോര്‍ വാഹന ഭേദഗതി ബില്‍

 

ന്യൂഡെല്‍ഹി: നിലവിലുള്ള ഗതാഗത നിയമങ്ങള്‍ക്ക് മാറ്റം വരുത്തി പുതിയ നിയമങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. മോട്ടോര്‍ വെഹിക്കിള്‍ ആക്ട്( അമന്‍ഡ്‌മെന്റ്) ബില്‍ 2017 നിരവധി മാറ്റങ്ങളാണ് ഇന്ത്യന്‍ നിരത്തുകളില്‍ വരുത്താന്‍ പോകുന്നത്. 30 വര്‍ഷം പഴക്കമുള്ള നിയമം അടിമുടി പരിഷ്‌കരിച്ച് നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നും സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ട്. ലോക്‌സഭയില്‍ ബില്‍ പാസാക്കിയിട്ടുണ്ടെങ്കിലും രാജ്യസഭയില്‍ കൂടി ബില്‍ പാസാക്കേണ്ടതുണ്ട്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിട്ടില്ല.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, ടാക്‌സി മേഖലയിലെ കടന്നുകയറ്റം, റോഡ് സുരക്ഷ, നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും വന്‍ തുക പിഴയും തുടങ്ങി നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് 1988 ലെ മോട്ടോര്‍ വാഹന നിയമം ഭേദഗതി സമര്‍പ്പിച്ചിരിക്കുന്നത്.

കണ്‍സ്യൂമര്‍ വോയിസ് എന്ന നിയമനിര്‍മാണത്തില്‍ ഉള്‍പ്പെട്ട സംഘടന ജനങ്ങളുടെ ഇടയില്‍ ഒരു സര്‍വെ നടത്തിയിരുന്നു. ബില്‍ പാസാക്കുകയാണെങ്കില്‍ 2020 ഓടെ റോഡ് അപകടങ്ങള്‍ കുറയുമെന്നാണ് ഭൂരിപക്ഷം പേരും പ്രതീക്ഷിക്കുന്നത്. 50 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ പറയുന്നത്. ആഗോളതലത്തില്‍ വാഹനാപകടങ്ങളില്‍ വര്‍ഷത്തില്‍ 1.46 ലക്ഷം പേരാണ് കൊല്ലപ്പെടുന്നതെന്നാണ് കണക്കുകള്‍.

75 ശതമാനം പേര്‍ പറയുന്നത് വാഹനാപകടങ്ങള്‍ കുറയ്ക്കുമെന്ന പ്രധാന നിര്‍ദേശം ബില്ലില്‍ ഉള്ളതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബില്ലിനെ പിന്തുണയ്ക്കുമെന്നാണ്.

ബില്ലിലെ ചില നിര്‍ദേശങ്ങള്‍

1. ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കും

2. വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് രണ്ട് ലക്ഷമോ അതിലധികമോ നഷ്ടപരിഹാരം നല്‍കും. നിലവില്‍ 25,000 രൂപയാണ്.

3. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കളെ പിടികൂടി തക്കതായ ശിക്ഷ നല്‍കും.

4. വാഹനാപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാന്‍ മുന്നോട്ട് വരുന്നവരെ നിയമനടപടികളില്‍ നിന്നും മാറ്റിനിര്‍ത്തും. നടപടികള്‍ വേഗത്തിലാക്കും.

5. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പിഴ 2,000 രൂപയാക്കും.

6. അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 1000 മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കും.

അതേസമയം, നിയമ പാലനം നടത്തേണ്ടവര്‍ തന്നെ നിയമ ലംഘനത്തിലേക്ക് കടന്നാല്‍ ശിക്ഷകള്‍ ഇരട്ടിയാക്കാമെന്നും ഭേദഗതി ബില്ലില്‍ പറയുന്നു. മോട്ടോര്‍ വെഹിക്കിള്‍ ആക്‌സിഡന്റ് ഫണ്ടിന് രൂപം നല്‍കാനും ബില്ല് ആവശ്യപ്പെടുന്നുണ്ട്. ഇത് മുഖേന എല്ലാ റോഡ് ഉപഭോക്താക്കള്‍ക്കും അപകട പരിരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കും.

 

 

Comments

comments

Categories: Auto, FK News, Top Stories