ശ്രേഷ്ഠ പദവി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം; ബിറ്റ്‌സ് പിലാനിയെ ഒഴിവാക്കുന്നു

ശ്രേഷ്ഠ പദവി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം; ബിറ്റ്‌സ് പിലാനിയെ ഒഴിവാക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കുന്നതില്‍ നിന്നും ബിറ്റ്‌സ് പിലാനി( ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ്) യെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനു(യുജിസി)മായുള്ള കേസുമായി ബന്ധപ്പെട്ട കോടതി നടപടി മുന്നോട്ട്‌പോകുന്ന സാഹചര്യത്തിലാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ബിറ്റ്‌സ് പിലാനിയെ പട്ടികയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ അന്തിമമായി പുറത്തിറക്കിയ പട്ടികയില്‍ അഞ്ച് സ്ഥാപനങ്ങള്‍ മാത്രമാണ് ഉള്ളത്. ജൂലൈ 9 നാണ് ആറ് സ്ഥാപനങ്ങളുടെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കിയത്. ഐഐടി ബാംഗ്ലൂര്‍, ഐഐടി ഡെല്‍ഹി, ഐഐടി മുംബൈ എന്നീ മൂന്ന് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ബിറ്റ്‌സ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കുന്നത്. ഇതില്‍ നിന്നുമാണ് ബിറ്റ്‌സ് പിലാനിയെ നീക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ട ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

2015 ലാണ് ബിറ്റ്‌സ് പിലാനിയും യുജിസിയും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. ബിറ്റ്‌സ് പിലാനി അടക്കം 10 ഓളം സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആരംഭിച്ച ഓഫ് ക്യാമ്പസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ യുജിസി നിര്‍ദേശം നല്‍കിയിരുന്നു. ഹൈദരാബാദ്, ഗോവ എന്നിവടങ്ങളിലായിരുന്നു ബിറ്റ്‌സ് പിലാനി ഓഫ് ക്യാമ്പസ് കേന്ദ്രങ്ങള്‍ തുടങ്ങിയത്. യുജിസിയുടെ നടപടിക്കെതിരെ ഡെല്‍ഹി ഹൈക്കോടതിയില്‍ ബിറ്റ്‌സ് പിലാനി കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിറ്റ്‌സ് പിലാനിയെ ശ്രേഷ്ഠ പദവിയില്‍ നിന്നും ഒഴിവാക്കുന്നത്.

 

 

Comments

comments