കള്ളപ്പണ വേട്ട: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 80 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍

കള്ളപ്പണ വേട്ട: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 80 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: നാലു വര്‍ഷം കൊണ്ട് സ്വസ് ബാങ്കിലെ ഇന്ത്യക്കാരുടെ അനധികൃത നിക്ഷേപം 80 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര ധനമന്ത്രി പീയുഷ് ഗോയല്‍. ലോകത്തെ കേന്ദ്ര ബാങ്കുകളുടെ സംയുക്ത സംഘടനയായ ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിന്റെ (ബിഐഎസ്) കണക്കുകള്‍ ഉദ്ധരിച്ചാണ് മന്ത്രിയുടെ പ്രതികരണം. 2017 ല്‍ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 34.5 ശതമാനം കുറഞ്ഞ് 524 ദശലക്ഷം ഡോളറിലെത്തിയെന്നും രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

2016 ല്‍ 800 ദശലക്ഷം ഡോളറായിരുന്നു സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപം. 2017 ന്റെ അന്തിമ പാദത്തില്‍ മാത്രം ഇന്ത്യക്കാരുടെ നിക്ഷേപം 44 ശതമാനം കുറഞ്ഞെന്നാണ് സ്വിസ് അധികൃതര്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി. ‘കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കും. നിക്ഷേപം കുറഞ്ഞു വരുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാരിനോടുള്ള ആളുകളുടെ ഭയത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

2017 ല്‍ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം വര്‍ധിച്ച് 7,000 കോടിയായെന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായെന്നും തെറ്റായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാക്കള്‍ വിട്ടു നില്‍ക്കണമെന്നും പീയുഷ് ഗോയല്‍ ആവശ്യപ്പെട്ടു. സ്വിസ് നാഷണല്‍ ബാങ്കാണ് റിപ്പോര്‍ട്ടിലെ പിശകുകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. നിക്ഷേപേതര ബാധ്യതകളും ഇന്റര്‍ബാങ്ക് ഇടപാടുകളും വിശ്വാസാധിഷ്ഠിതമായ ഇടപാടുകളും ഇന്ത്യയിലെ ബാങ്ക് ബ്രാഞ്ചുകളിലെ ഇടപാടുകളും ചേര്‍ന്ന കണക്കാണ് ചില മാധ്യമങ്ങള്‍ പുറത്തു വിട്ടതെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്് കേന്ദ്ര ബാങ്കായ എസ്എന്‍ബി വിശദമാക്കി.

സ്വിസ് ബാങ്കുകളില്‍ നിന്ന് നാലായിരത്തോളം രേഖകളാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. ഈ വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് കള്ളപ്പണക്കാര്‍ക്കെതിരെയുള്ള നടപടികള്‍ കടുപ്പിക്കും. സിസ് ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ച് ഏറ്റവും വിശ്വാസ യോഗ്യമായ വിവരങ്ങള്‍ ബിഐഎസിന്റെ ലൊക്കേഷണല്‍ ബാങ്കിംഗ് സ്റ്റാറ്റിസ്റ്റിക്‌സ് (എല്‍ബിഎസ്) ആണെന്ന് സ്വിസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. അതിര്‍ത്തി കടന്ന് നടത്തുന്ന ഇടപാടുകളുടെ 95 ശതമാനവും എല്‍ബിഎസില്‍ ശേഖരിക്കപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

2017 മുതല്‍ ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങള്‍ വിവിധ രാജ്യങ്ങള്‍ നല്‍കാനാരംഭിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡുമായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒപ്പിട്ട കരാര്‍ പ്രകാരം ജനുവരി 1 മുതല്‍ പരസ്പരം വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. 2019 സെപ്റ്റംബര്‍ മുതല്‍ നിക്ഷേപ വിവരങ്ങള്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ കൈമാറാനാരംഭിക്കുമെന്നും ഗോയല്‍ വ്യക്തമാക്കി.

2014 ഡിസംബറിലെ കണക്ക് പ്രകാരം ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക്് നിക്ഷേപം 2.18 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യക്കാര്‍ക്ക് 55 ആം സ്ഥാനമാണ് കള്ളപ്പണ നിക്ഷേപത്തില്‍ ഉണ്ടായിരുന്നത്. ആകെ കള്ളപ്പണ നിക്ഷേപത്തില്‍ 20 ശതമാനം ബ്രിട്ടീഷുകാരുടെയും 18 ശതമാനം അമേരിക്കക്കാരുടേതും ആണ്.

 

Comments

comments