ഹാര്‍ലി ഡേവിഡ്‌സണ്‍ ‘ബാറ്റില്‍ ഓഫ് കിംഗ്‌സ്’ ആരംഭിച്ചു

ഹാര്‍ലി ഡേവിഡ്‌സണ്‍ ‘ബാറ്റില്‍ ഓഫ് കിംഗ്‌സ്’ ആരംഭിച്ചു

സ്‌പൈസ് കോസ്റ്റ് എന്ന കസ്റ്റം ഹാര്‍ലിയാണ് കസ്റ്റം ബൈക്ക് കോംപിറ്റിഷന്റെ ഭാഗമായി കൊച്ചി ഡീലര്‍ഷിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഡീലര്‍മാര്‍ക്കായി ഹാര്‍ലി ഡേവിഡ്‌സണ്‍ കസ്റ്റം ബൈക്ക് മത്സരം ആരംഭിച്ചു. അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലെ പത്ത് ഡീലര്‍ഷിപ്പുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡീലര്‍ഷിപ്പുകള്‍ അതാത് സംസ്ഥാനത്തെ പ്രതിനിധീകരിക്കും. ബാറ്റില്‍ ഓഫ് കിംഗ്‌സ് എന്നാണ് സവിശേഷമായി രൂപകല്‍പ്പന ചെയ്യുന്ന കസ്റ്റം ഹാര്‍ലി ബൈക്കുകളുടെ മത്സരത്തിന് ഹാര്‍ലി ഡേവിഡ്‌സണ്‍ നല്‍കുന്ന പേര്.

മത്സരത്തിനായി ഓരോ ഡീലര്‍ഷിപ്പിനും സ്ട്രീറ്റ് 750 അല്ലെങ്കില്‍ സ്ട്രീറ്റ് റോഡ് മോട്ടോര്‍സൈക്കിള്‍ നല്‍കിയിരിക്കുകയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍. 5 ലക്ഷം രൂപയില്‍ കൂടുതല്‍ തുക ചെലവഴിക്കാതെയാണ് ബൈക്കില്‍ മാറ്റം വരുത്തേണ്ടത്. ഹാര്‍ലി ഡേവിഡ്‌സന്റെ 115 വര്‍ഷത്തെ ചരിത്രം എന്ന വിഷയം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷം ഓരോ ബൈക്കും പുനര്‍രൂപകല്‍പ്പന ചെയ്യേണ്ടത്. തുടര്‍ന്ന് ഓരോ ബൈക്കും പബ്ലിക് വോട്ടിംഗിനായി പ്രദര്‍ശിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാറ്റില്‍ ഓഫ് കിംഗ്‌സ് ഇന്ത്യാ ചാലഞ്ചിലെ അന്തിമ വിജയിയെ പ്രഖ്യാപിക്കുന്നത്. ഡീലര്‍ഷിപ്പുകളിലെ ജീവനക്കാര്‍ക്ക് കഴിവ് തെളിയിക്കുന്നതിനുള്ള അവസരമാണ് ബാറ്റില്‍ ഓഫ് കിംഗ്‌സ് മത്സരമെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ പീറ്റര്‍ മാക്കെന്‍സീ പറഞ്ഞു.

ഇന്ത്യയിലെ പത്ത് ഡീലര്‍മാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡീലര്‍ഷിപ്പുകള്‍ അതാത് സംസ്ഥാനത്തെ പ്രതിനിധീകരിക്കും

ബാറ്റില്‍ ഓഫ് കിംഗ്‌സ് പുതുതായി ആരംഭിച്ച മത്സരമല്ല. ലോകത്തെ പല കസ്റ്റം ഹാര്‍ലികളും ഇത്തരം മത്സരങ്ങളില്‍നിന്ന് പിറവിയെടുത്തതാണ്. ലോകമാകെ 250 ഡീലര്‍മാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഓരോ മേഖലയില്‍നിന്നുള്ള ഫൈനലിസ്റ്റിനെ വിധികര്‍ത്താക്കളുടെ പാനല്‍ തെരഞ്ഞെടുക്കും. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും. അന്തിമ വിജയിയെ അന്ന് പ്രഖ്യാപിക്കും. നവംബര്‍ 6 മുതല്‍ 11 വരെയാണ് ഈ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ. സ്‌പൈസ് കോസ്റ്റ് എന്ന കസ്റ്റം ഹാര്‍ലിയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ കൊച്ചി ഡീലര്‍ഷിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

Comments

comments

Categories: Auto