ജിഎസ്ടി; സാനിറ്ററി പാഡുകളുടെ വില വിവരം നല്‍കാന്‍ കമ്പനികളോട് കേന്ദ്രനിര്‍ദേശം

ജിഎസ്ടി;  സാനിറ്ററി പാഡുകളുടെ വില വിവരം നല്‍കാന്‍ കമ്പനികളോട് കേന്ദ്രനിര്‍ദേശം

കമ്പനികള്‍ കൊള്ളലാഭം ഉണ്ടാക്കുന്നത് തടയാനുള്ള നീക്കം

ന്യൂഡെല്‍ഹി: സ്ത്രീകള്‍ ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിനുകളുടെ വില വിവരങ്ങള്‍ നല്‍കാന്‍ സാനിറ്ററി പാഡ് നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സാനിറ്ററി പാഡുകളെ ജിഎസ്റ്റിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ നിര്‍ദേശം. സാനിറ്ററി പാഡുകളുടെ വില കണക്കിലെടുത്ത് ഉല്‍പ്പന്നത്തെ ജിഎസ്റ്റിയില്‍ നിന്നും ഒഴിവാക്കി, വില കുറച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനികളോട് വില വിവരം നല്‍കാന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം ജിഎസ്റ്റി കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോഴാണ് സാനിറ്ററി നാപ്കിനുകളുടെ 12 ശതമാനം ജിഎസ്റ്റി പൂര്‍ണമായും എടുത്തുകളഞ്ഞത്. ഈ മാസം 27 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

സാനിറ്ററി പാഡുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതില്‍ വന്‍ പ്രതിഷേധമാണ് വിവിധ വനിതാ സംഘടനകളില്‍ നിന്നും ഉയര്‍ന്നത്. കമ്പനികള്‍ ഉയര്‍ന്ന വില ഈടാക്കി ലാഭം കൊയ്യുമ്പോള്‍ സ്ത്രീ ഉപഭോക്താക്കളെ സാനിറ്ററി പാഡുകളുടെ വില കൂടുന്നത് പ്രതിസന്ധിയിലാക്കുന്നു. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കും നേട്ടം വരാന്‍ വേണ്ടി ചില പ്രചാരണ പരിപാടികളും നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

കമ്പനികള്‍ സാനിറ്ററി പാഡുകളുടെ നിര്‍മാണത്തിലൂടെ കൂടിയ വില ഈടാക്കി കൊള്ളലാഭം ഉണ്ടാക്കുന്നതിനെ തടയാനായി നികുതി അതോറിറ്റി കമ്പനികളെ നിരീക്ഷിക്കും. സാനിറ്ററി പാഡുകളെ ജിഎസ്റ്റിയില്‍ നിന്നും ഒഴിവാക്കുന്നത് കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള മാര്‍ഗമാവുമോ അതോ ഉപഭോക്താക്കള്‍ക്ക് ഇതുവഴി ഗുണം ലഭിക്കുമോയെന്ന് നികുതി വകുപ്പ് അന്വേഷിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ആന്റി പ്രൊഫിറ്റീറിംഗ് ഡയറക്റ്റര്‍ ജനറലിനോട് ധനകാര്യ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ കൊള്ളലാഭം ഉണ്ടാക്കുന്ന കമ്പനികളെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, കമ്പനികള്‍ സാനിറ്ററി പാഡുകള്‍ക്ക് വില കുറയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഒരു പായ്ക്കിന് ഒരു രൂപയോ രണ്ട് രൂപയോ ആയിരിക്കും കുറയ്ക്കുക എന്നാണ് വിവരം.

Comments

comments

Categories: Current Affairs